Top

ഇതരരാജ്യ തൊഴിലാളികളുടെ പെട്ടെന്നുള്ള മരണങ്ങളിൽ ഖത്തർ അന്വേഷണം നടത്തിയില്ല; പോസ്റ്റുമോർട്ടം ചെയ്യാനും വിമുഖത

ഇതരരാജ്യ തൊഴിലാളികളുടെ പെട്ടെന്നുള്ള മരണങ്ങളിൽ ഖത്തർ അന്വേഷണം നടത്തിയില്ല; പോസ്റ്റുമോർട്ടം ചെയ്യാനും വിമുഖത

നൂറുകണക്കിന് ഇതരരാജ്യ തൊഴിലാളികളുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ ഖത്തർ പരാജയപ്പെടുന്നതായി 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് ഖത്തറില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഭൂരിഭാഗം പേരുടേയും മരണകാരണം ഹൃദയാഘാതമാണ്. അല്ലെങ്കില്‍ 'സ്വാഭാവിക കാരണങ്ങളാ'ലാണെന്ന് ഖത്തറി അധികൃതർ പറയുന്നു. ഈ മരണങ്ങളിൽ പലതും ഉറക്കത്തിലാണ് സംഭവിക്കുന്നത്.

45 ഡിഗ്രി സെൽഷ്യസിലധികമുള്ള താപനിലയിൽ ദിവസം 10 മണിക്കൂർ വരെ ഖത്തറിലെ തൊഴിലാളികള്‍ അധ്വാനിക്കേണ്ടിവരുന്നുണ്ട്. ഉയർന്ന താപനില ഹൃദയത്തെയും രക്തധമനികളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. വേനൽക്കാലത്ത് മരണപ്പെടുന്ന യുവ തൊഴിലാളികളുടെ എണ്ണം ഉയരുന്നതും ഉയര്‍ന്ന താപനിലയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കാർഡിയോളജിസ്റ്റുകൾ പറയുന്നു.

മിക്ക കേസുകളിലും കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കാറില്ല. ഹൃദയാഘാതമോ മറ്റു സ്വാഭാവിക മരണമോ ആണെന്ന് വിധിയെഴുതാറാണ് പതിവ്. 2014-ൽ, ഖത്തറി ഭരണകൂടത്തിന്റെ സ്വന്തം അഭിഭാഷകര്‍ കുടിയേറ്റ തൊഴിലാളികളുടെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണത്തെക്കുറിച്ച് ഗവേഷണം നടത്താൻ 'ശക്തമായി' ശുപാർശ ചെയ്തിരുന്നു. എന്നിട്ടും ഭരണകൂടം ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

2012-നും 2018 ഓഗസ്റ്റിനും ഇടയിൽ 1,678 ഇന്ത്യക്കാർ ഖത്തറിൽ മരിച്ചതായി ഇന്ത്യൻ സർക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അതായത് ഓരോ ആഴ്ചയിലും നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നു സാരം. 1,345-പേരുടെയും മരണം സ്വാഭാവിക കാരണങ്ങളാലാണ് എന്നാണ് കരുതുന്നത്. 2012-നും 2017-നും ഇടയിൽ 1,025 നേപ്പാളികളും ഖത്തറിൽ മരണപ്പെട്ടിട്ടുണ്ട്. അതില്‍ 676 എണ്ണവും സ്വാഭാവിക മരണങ്ങളാണ്.

ഹൃദയസ്തംഭനം, ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാമാണ് മരണ കാരണങ്ങളെന്ന് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് മേല്‍നോട്ടം വഹിക്കുന്ന നേപ്പാളിലെ സർക്കാർ ഏജൻസിയായ ഫോറിൻ എംപ്ലോയ്‌മെന്റ് ബോർഡ് (എഫ്.ഇ.ബി) ഉൾപ്പെടെയുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എഫ്.ഇ.ബി പോലും നല്‍കുന്ന വിവരങ്ങള്‍ ഖത്തര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ശേഖരിക്കുന്നതാണ്.

കുറ്റകൃത്യം നടന്നാലോ, മരണപ്പെട്ടയാൾ നേരത്തെ എന്തെങ്കിലും അസുഖബാധിതന്‍ ആയാലോ മാത്രമാണ് ഖത്തറി നിയമം പോസ്റ്റ്‌മോർട്ടം നടത്താന്‍ അനുവാദം നല്‍കുന്നത്. മറിച്ചുള്ള സാഹചര്യങ്ങളില്‍ ബാഹ്യ പരിശോധന മാത്രം നടത്തിയാണ് മരണകാരണം നിര്‍ണ്ണയിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടത്തുന്നതില്‍ ഖത്തര്‍ കാണിക്കുന്ന വിമുഖത ദക്ഷിണേഷ്യയിലുടനീളമുള്ള നിരവധി കുടുംബങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും, തങ്ങളുടെ പ്രിയപ്പെട്ടവർ എങ്ങനെ മരിച്ചുവെന്നതിൽ സംശയമുണ്ടാക്കുകയും ചെയ്യുന്നു.


Next Story

Related Stories