TopTop
Begin typing your search above and press return to search.

ഫ്ളോറിഡയിൽ ഡിസ്നി വേൾഡ് തുറന്നതിന് പിന്നാലെ കോവിഡ് കേസുകൾ കൂടി, 24 മണിക്കൂറിൽ 15,299 പേർക്ക് വൈറസ് ബാധ

ഫ്ളോറിഡയിൽ ഡിസ്നി വേൾഡ് തുറന്നതിന് പിന്നാലെ കോവിഡ് കേസുകൾ കൂടി, 24 മണിക്കൂറിൽ 15,299 പേർക്ക് വൈറസ് ബാധ

യുഎസ്സിലെ ഫ്ലോറിഡ സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ 15,299 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. യുഎസ്സിൽ മൊത്തത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദൈനംദിന കേസുകളില്‍ നാലിലൊന്നോളം വരുമിത്. യുഎസ് ജനസംഖ്യയുടെ വെറും 7% മാത്രമുള്ള സംസ്ഥാനം ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കാലിഫോർണിയയുടെ റെക്കോര്‍ഡാണ് മറികടന്നിരിക്കുന്നത്. മേയ് മാസത്തിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയ സംസ്ഥാനമാണ് ഫ്ലോറിഡ. ടൂറിസത്തെ പ്രധാന വരുമാനമായി കാണുന്ന, ഏറ്റവും കൂടുതല്‍ പ്രായമുള്ളവര്‍ ജീവിക്കുന്ന സംസ്ഥാനമായതുകൊണ്ടുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാവുകയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

ഏപ്രിലിൽ ന്യൂയോർക്കിൽ കണ്ട ഏറ്റവും മോശം പ്രതിദിന നിരക്കിനെപോലും മറികടക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഫ്ലോറിഡ ഒരു ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകൾ വരുന്ന നാലമാത്തെ രാജ്യമാകുമായിരുന്നു അത് എന്ന് റോയിട്ടേഴ്സ് അനാലിസിസ് പറയുന്നു. ഫ്ലോറിഡയിലെ 40 ലധികം ആശുപത്രികൾ തങ്ങളുടെ തീവ്രപരിചരണ വിഭാഗം നിറഞ്ഞിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള വാൾട്ട് ഡിസ്നി വേൾഡ് വീണ്ടും തുറന്നതിന് ഒരു ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് കഴിഞ്ഞ മാസം ചില ബാറുകൾ വീണ്ടും അടയ്ക്കാൻ ഉത്തരവിട്ടിട്ടും ഫ്ലോറിഡയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുക തന്നെയാണ്. വൈറ്റ്‌ഹൌസ്‌ കൊറോണ വൈറസ് ടാസ്‌ക്ഫോഴ്‌സിന്റെ ഉന്നത ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി സംസ്ഥാനത്ത് ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനെ വിമർശിച്ചിരുന്നു.

അതേസമയം, യുഎസിലുടനീളമുള്ള 20 ലധികം സ്ഥലങ്ങളില്‍ താപനില റെക്കോർഡുകൾ തകർക്കുമെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിൽ നിന്ന് അലബാമയിലെ മൊബൈൽ ബേ വരെ രണ്ടായിരം മൈൽ ദൂരം ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കൻ കാലിഫോർണിയ, അരിസോണ, ന്യൂ മെക്സിക്കോ, പടിഞ്ഞാറൻ ടെക്സസ് എന്നിവിടങ്ങളിലെ റെക്കോര്‍ഡ് താപനിലയായിരിക്കും എന്നാണ് പ്രവചനം. അതില്‍ ബഹുഭൂരിപക്ഷം മേഖലകളും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിന്‍റെ ആശങ്കയില്‍ കൂടെയാണ് കടന്നു പോകുന്നത്.

ആളുകൾ വീടിനകത്ത് അഭയം പ്രാപിക്കുകയോ, വായുസഞ്ചാരം കുറവുള്ള പ്രദേശങ്ങളിലേക്ക് മാറുകയോ ചെയ്‌താല്‍ വൈറസ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. '23 സ്ഥലങ്ങളില്‍ എന്തായാലും ചൂട് മുന്‍ റെക്കോര്‍ഡുകള്‍ മറികടക്കുകയോ അതിന് സമാനമാവുകയോ ചെയ്യുമെന്ന്' കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകയായ ലാറ പഗാനോ പറഞ്ഞു.


Next Story

Related Stories