TopTop
Begin typing your search above and press return to search.

ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്; നികുതി വെട്ടിപ്പ് നടത്തി, 15 വർഷത്തിനിടെ നികുതി അടച്ചത് അഞ്ച് തവണ

ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്;  നികുതി വെട്ടിപ്പ് നടത്തി, 15 വർഷത്തിനിടെ നികുതി അടച്ചത് അഞ്ച് തവണ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ആാേപണവുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം. 2016 ല്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം ട്രംപ് അടച്ചത് 750 ഡോളര്‍ നികുതി മാത്രമാണെന്ന് പത്രം ആരോപിച്ചു. ട്രംപ് വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു.

ട്രംപിന്റെ നികുതി സംബന്ധിച്ച കാര്യങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറെക്കാലമായി വന്‍ വാര്‍ത്തയായിരുന്നു.

'പ്രസിഡന്റ് ആദായ നികുതി ഇനത്തില്‍ 750 ഡോളറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം അടച്ചത്. പ്രസിഡന്റായി ചുമതലയേറ്റെടുത്ത ആദ്യ വര്‍ഷം മറ്റൊരു 750 ഡോളര്‍ കൂടി അടച്ചു", ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 15 വര്‍ഷത്തില്‍ 10 വര്‍ഷവും കോടീശ്വരന്‍ കൂടിയായി ട്രംപ് നികുതി അടച്ചിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷത്തില്‍ 11 വര്‍ഷവും നികുതി അടച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബിസിനസ് സംരഭങ്ങളില്‍ ഉണ്ടായ നഷ്ടമാണ് ഇതിന് കാരണമായി പറയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

ചില നഷ്ടസാധ്യതയുള്ള ബിസിനസ് സംരംഭങ്ങള്‍ ഏറ്റെടുക്കുകയും അവയുടെ നഷ്ടം ചൂണ്ടിക്കാട്ടി നികുതി അടക്കാതിരിക്കുകയും ചെയ്യുകയെന്ന രീതിയാണ് ട്രംപ് തുടരുന്നതെന്ന് പത്രം കുറ്റപ്പെടുത്തുന്നു. 30 കോടി ഡോളറിന്റെ വായ്പ ട്രംപ് അടയ്ക്കാനുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ പല സ്ഥാപനങ്ങള്‍ക്കും വിദേശ ഉദ്യോഗസ്ഥരില്‍നിന്നും ലോബിയിസ്റ്റുകളില്‍നിന്നും പണം കൈപറ്റിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. വിദേശത്തുള്ള ബിസിനസ് സംരംഭം വഴി ട്രംപ് പ്രസിഡന്റായുള്ള ആദ്യത്തെ രണ്ട് വര്‍ഷം 730 ലക്ഷം ഡോളര്‍ ഉണ്ടാക്കിയതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷന്‍ ലൈസന്‍സിംങ് ഇടപാടുമായി ബന്ധപ്പെട്ട് ചില സമഗ്രാധിപത്യ രാജ്യങ്ങളില്‍നിന്നും പണം കൈപറ്റിയെന്നും പത്രം ആരോപിച്ചു.

2018 ല്‍ ദി അപ്രന്റീസ് യു എസ് സീരീസുമായി ബന്ധപ്പെട്ടും ട്രംപിന്റെ പേര് ഉപയോഗിച്ച ബ്രാന്റുകളില്‍നിന്നുള്ള പണവുമായി ബന്ധപ്പെട്ടും 4274 ലക്ഷം ഡോളര്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കിയെന്നാണ് ആരോപണം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാനുളള സാധ്യത വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ തെറ്റാണെന്ന് മാത്രമാണ് ആരോപണങ്ങളെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. പുറത്തുവന്ന മുഴുവന്‍ ആരോപണങ്ങളും തെറ്റാണെന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അലന്‍ ഗാര്‍ട്ടന്‍ പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ സംവാദം ചൊവ്വാഴ്ച നടക്കും. അവസാനം വന്ന അഭിപ്രായ സര്‍വെ പ്രകാരം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലാണ്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌


Next Story

Related Stories