TopTop
Begin typing your search above and press return to search.

ക്രൂഡ് ഓയില്‍ വില 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, ലോക രാഷ്ട്രങ്ങൾക്ക് ഇനി വെല്ലുവിളി സംസ്കരിച്ച എണ്ണ സംഭരണം

ക്രൂഡ് ഓയില്‍ വില 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, ലോക രാഷ്ട്രങ്ങൾക്ക് ഇനി വെല്ലുവിളി സംസ്കരിച്ച എണ്ണ സംഭരണം

ദേശീയപാതകൾ ശൂന്യമാണ്. വിമാനങ്ങൾ നിലത്തിറക്കിയിട്ട്‌ ദിവസങ്ങളായി. ഫാക്ടറികൾ അടഞ്ഞു കിടക്കുന്നു. എണ്ണയുടെ ആവശ്യത്തില്‍ വന്ന അഭൂതപൂർവമായ ഇടിവ് ക്രൂഡ് ഓയില്‍ വില 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിച്ചു. എന്നാല്‍ മറുവശത്ത് സൗദിയും റഷ്യയും തമ്മിലുള്ള വിലയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്നതിനാല്‍ വിതരണം കാര്യമായി നടക്കുന്നുമുണ്ട്. ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസിലെ എണ്ണക്കമ്പനികള്‍ ആഗ്രഹിക്കുന്നില്ല. അതായത് സംസ്കരിച്ച എണ്ണ സംഭരിക്കാന്‍ സംവിധാനമില്ലാതെ ലോക രാജ്യങ്ങള്‍ പാടുപെടുമെന്നു ചുരുക്കം.

സംഭരണ ശാലകളും, റിഫൈനറികളും, ടെർമിനലുകളും, കപ്പലുകളും, പൈപ്പ് ലൈനുകളുമെല്ലാം അതിന്റെ പൂര്‍ണ്ണ സംഭരണ ശേഷിയില്‍ എത്തും. 1998-നു ശേഷം ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ആദ്യമാണെന്ന് ഗോൾഡ്മാൻ സാച്ച്സ് പറയുന്നു. ഉടൻ തന്നെ ഉണ്ടാകാനിടയുള്ള അപകടസാധ്യത മുന്നില്‍കണ്ടാണ്‌ നിക്ഷേപകർ ഇപ്പോള്‍ വില നിശ്ചയിക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്, ബ്രെന്റ് തുടങ്ങിയവ ബാരലിന് 20 ഡോളറിന് ചിലയിടങ്ങളില്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കിലും ഒറ്റ അക്കത്തില്‍ വില്‍ക്കപ്പെടുന്ന പ്രദേശങ്ങളും ഉണ്ട്. ഡിമാന്‍ഡ് കുറയുകയും വിതരണം കൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിലത്തകര്‍ച്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ചില ഗ്രേഡിലുള്ള ഓയില്‍ വെറുതെ കൊടുത്താലും വാങ്ങാന്‍ ആളില്ലാത്ത സാഹചര്യമാണ്. ഉദാഹരണത്തിന്, വ്യോമിംഗ് ക്രൂഡ് ഗ്രേഡ് അടുത്തിടെ ബാരലിന് 19 സെൻറ് നെഗറ്റീവ് ലേലമാണ് നടന്നത്. സംഭരണ​ശേഷി കുറയുന്നു എന്നതിനർത്ഥം അങ്ങോട്ട്‌ പണംകൊടുത്തിട്ടായാലും എണ്ണ കൊണ്ടുപോകാന്‍ സംരംഭകര്‍ വിതരണക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാകും എന്നാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഉത്പാദനം ഇപ്പോഴും അനസ്യൂതമായി തുടരുകയാണ്.


Next Story

Related Stories