Top

വത്തിക്കാനിലെ പുരോഹിതർ പീഡിപ്പിച്ചു - പരാതിയുമായി മൂന്ന് അൾത്താര ബാലന്മാർ

വത്തിക്കാനിലെ പുരോഹിതർ പീഡിപ്പിച്ചു - പരാതിയുമായി മൂന്ന് അൾത്താര ബാലന്മാർ

വത്തിക്കാന്‍ യൂത്ത് സെമിനാരിയിലെ വൈദികര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി കൂടുതല്‍ മുന്‍കാല അള്‍ത്താര ബാലന്‍മാര്‍ രംഗത്തെത്തി. അതോടെ കത്തോലിക്കാസഭയെ പിടിച്ചുകുലുക്കിയ ബാലപീഡന ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇറ്റലിയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇതു സംബന്ധിച്ച അന്വേഷണ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 1980-90 കാലഘട്ടത്തില്‍ 10-നും 14-നും ഇടയിൽ പ്രായമുള്ള സമയത്താണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.

ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ സെന്‍റ് പയസ് ടെന്‍ത് സെമിനാരിയുടെ റെക്ടറായിരുന്ന വൈദികനായ ഗബ്രിയേൽ മാർട്ടിനെതിരെ കുറ്റം ചുമത്തി നടപടിയെടുക്കുമെന്ന് സെപ്റ്റംബറില്‍ വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ സെമിനാരിയിലെ മുതിര്‍ന്ന വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തങ്ങളെ ഉപദ്രവിച്ചെന്നാണ് മുന്‍ അള്‍ത്താര ബാലന്‍മാരുടെ പരാതി. പരാതി പുറത്തുവന്ന് രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു വത്തിക്കാന്‍ നടപടി പ്രഖ്യാപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 'ലെ ഐനിന്‍' എന്ന പ്രത്യേക ഷോയിലൂടെയാണ് അന്വേഷണ ഫലങ്ങള്‍ ചാനല്‍ പുറത്തുവിടുന്നത്.

കുറ്റകൃത്യങ്ങൾക്ക് സഹായമൊരുക്കിയെന്ന് ആരോപിക്കപ്പെടുന്ന യൂത്ത് സെമിനാരിയിലെ മുൻ റെക്ടറായ ഫാദർ എൻറിക്കോ റാഡിസിനെതിരെയും കുറ്റപത്രം തയ്യാറാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് കേസുകളാണ് കത്തോലിക്കാ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. 'നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഒറ്റപ്പെട്ടതല്ല എന്ന ഉത്തമ ബോധ്യമാണ് ഞങ്ങളെ തുടരന്വേഷണത്തിന് പ്രേരിപ്പിച്ചത്. കൂടുതല്‍ ഇരകളുണ്ടെന്നും, കൂടുതല്‍ പീഡനവീരന്മാരായ പുരോഹിതന്മാരുണ്ടെന്നും അങ്ങിനെയാണ് കണ്ടെത്തിയത്' എന്ന് ലെ ഐനിന്‍ ഷോ-യുടെ രചയിതാക്കളിൽ ഒരാളായ ഗെയ്‌റ്റാനോ പെക്കോറാരോ പറഞ്ഞു.

വത്തിക്കാനില്‍ താമസിക്കുകയും സെന്‍റ് പീറ്റേഴ്‍സ് ബസിലിക്കയിലെ പ്രാര്‍ഥനകളില്‍ സേവനം ചെയ്യുകയും ചെയ്‍‍തിരുന്ന അള്‍ത്താര ബാലന്‍മാരാണ് വൈദികനെതിരെ പരാതി ഉന്നയിച്ചത്. ചില വൈദികരും ബിഷപ്പുമാരും കര്‍ദിനാള്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സംഭവം വളരെ കാലം മറച്ചുവെച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. നേരത്തെ കിട്ടിയ പരാതികളില്‍ വൈകാതെ തന്നെ നടപടി പ്രഖ്യാപിക്കുമെന്ന് ചാനല്‍ പരിപാടി സംപ്രേഷണത്തിന്‍റെ പശ്‍ചാത്തലത്തില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പുതിയ തെളിവുകളോ പരാതികളോ വന്നാല്‍ അവയും പരിഗണിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories