TopTop
Begin typing your search above and press return to search.

ട്രംപിൻ്റെ വിശ്വസ്തൻ റോജർ സ്റ്റോണിന് മൂന്ന് വർഷം തടവുശിക്ഷ - കോൺഗ്രസ് അന്വേഷണം തടസപ്പെടുത്തിയതിന്

ട്രംപിൻ്റെ വിശ്വസ്തൻ റോജർ സ്റ്റോണിന് മൂന്ന് വർഷം തടവുശിക്ഷ - കോൺഗ്രസ് അന്വേഷണം തടസപ്പെടുത്തിയതിന്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ റോജര്‍ സ്റ്റോണിന് മൂന്ന് വര്‍ഷം തടവുശിക്ഷ. യുഎസ് കോണ്‍ഗ്രസിന്റെ അന്വേഷണ നടപടികള്‍ തടസപ്പെടുത്തി എന്ന കേസിലാണ് ട്രംപിന്റെ വിശ്വസ്തനെ കോടതി ശിക്ഷിച്ചത്. അതേസമയം റോജര്‍സ്‌റ്റോണിനെ ശിക്ഷിച്ച വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി. താന്‍ ഈ കോടതി നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും റോജര്‍ സ്‌റ്റോണ്‍ കുറ്റവിമുക്തനാകാന്‍ താന്‍ താല്‍പര്യപ്പെടുന്നതായി ട്രംപ് വ്യക്തമാക്കി.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ പ്രസിഡന്റ് കൈകടത്തുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറ്റോണി ജനറല്‍ വില്യം ബാറുമായി ട്രംപിന്റെ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചചെയ്യുന്ന ആറാമത്തെ സഹായിയും ഉപദേശകനുമാണ് റോജര്‍ സ്‌റ്റോണ്‍. സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തിലാണ് ട്രംപിന്റെ വിശ്വസ്തര്‍ കുടുങ്ങിയത്.

യുഎസ് കോണ്‍ഗ്രസിന്റെ മൊഴിയെടുപ്പില്‍ റോജര്‍ സ്‌റ്റോണ്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണ്. സാക്ഷിയെ നുണ പറയാനും മൊഴി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാകാനും പ്രേരിപ്പിച്ചു എന്നെല്ലാമാണ് ആരോപണങ്ങള്‍. മൂന്ന് വര്‍ഷത്തിലധികം തടവാണ് വിധിച്ചിരിക്കുന്നത്. 40 മാസത്തെ തടവും 20,000 ഡോളര്‍ (ഏതാണ്ട് 14,37,600 ഇന്ത്യന്‍ രൂപ) പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

അതേസമയം റോജര്‍ സ്‌റ്റോണിന് മാപ്പ് നല്‍കാനുള്ള ട്രംപിന്റെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക്ക് ഹൗസ് ഇന്റലിജന്‍സ് ചെയര്‍മാന്‍ ആഡം ഷിഫ് രംഗത്തെത്തി. ട്രംപിനെ സംരക്ഷിക്കാനായി കുറ്റകൃത്യങ്ങള്‍ ചെയ്ത റോജര്‍ സ്‌റ്റോണിന് മാപ്പ് നല്‍കാനുള്ള നീക്കങ്ങള്‍ തികഞ്ഞ അഴിമതിയാണ് എന്ന് ആഡം ഷിഫ് ആരോപിച്ചു. അതേസമയം ട്രംപിന്റെ നീക്കങ്ങളെ പിന്തുണച്ച് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം രംഗത്തെത്തി. ട്രംപിന് ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവുമുണ്ടെന്ന് ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റ് നാഷണല്‍ കമ്മിറ്റിയുടെ സെര്‍വറുകളില്‍ നിന്ന് ചോര്‍ത്തിയ 19000ത്തിലധികം ഇ മെയിലുകള്‍ വിക്കീലീക്‌സിന്റെ വിക്കീലീക്‌സിന്റെ പക്കലുണ്ടായിരുന്നു. ഹിലരി ക്ലിന്റന് എതിരായ മെയിലുകള്‍ നേടുന്നതിനായി റോജര്‍ സ്‌റ്റോണിനെയാണ് ട്രംപിന്റെ കാംപെയിന്‍ കമ്മിറ്റി ഉപയോഗിച്ചത്. ന്യൂയോര്‍ക്ക് റേഡിയോ അവതാരകനും കൊമേഡിയനുമായ റാന്‍ഡി ക്രെഡിക്കോയുമായുള്ള പരിപാടിയുമായി ബന്ധപ്പെട്ട് വിക്കീലിക്‌സിനെക്കുറിച്ചുള്ള സംഭാഷണങ്ങളെക്കുറിച്ച് കോണ്‍ഗ്രസിനോട് റോജര്‍ സ്‌റ്റോണ്‍ നുണ പറഞ്ഞു എന്ന ആരോപണമുണ്ട്.

2016ലെ തിരഞ്ഞെടുപ്പിനിടെ വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചുമായി താന്‍ ബന്ധപ്പെട്ടിരുന്നതായി റോജര്‍ സ്‌റ്റോണ്‍ പറഞ്ഞിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് ഇതെന്നും പറഞ്ഞിരുന്നു. വിക്കിലീക്‌സിന്റെ പദ്ധതികള്‍ സംബന്ധിച്ച് തനിക്ക് അറിവുണ്ടെന്നും റോജര്‍ സ്‌റ്റോണ്‍ പറഞ്ഞിരുന്നു. റാന്‍ഡി ക്രെഡിക്കോ ആണ് തന്റെ ഇന്റര്‍മീഡിയറി എന്നാണ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ റോജര്‍ സ്‌റ്റോണ്‍ പറഞ്ഞത്.


Next Story

Related Stories