TopTop
Begin typing your search above and press return to search.

ബൈഡന്റെ പേര് പറയാതെ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപിന്റെ പടിയിറക്കം

ബൈഡന്റെ പേര് പറയാതെ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപിന്റെ പടിയിറക്കം

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെ, പുതിയ ഭരണത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പടിയിറക്കം. നിറഞ്ഞ സന്തോഷത്തോടും സംതൃപ്തിയോടും കൂടിയാണ് പദവിയൊഴിയുന്നത്. പുതിയ യുദ്ധത്തിന് തുടക്കമിടാത്ത പ്രസിഡന്റ് എന്ന നിലയില്‍ അഭിമാനമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

ഈ ആഴ്ച, പുതിയ ഭരണകൂടം അധികാരമേറും. അമേരിക്കയെ സുരക്ഷിതവും സമൃദ്ധവുമായി നിലനിര്‍ത്താന്‍ അവര്‍ക്കു കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അവരതില്‍ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു. നമ്മിലും നമ്മുടെ ദേശീയ മഹാത്മ്യത്തിലും ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് നേരിടുന്ന ഏറ്റവും വലിയ അപകടം. നാം വിയോജിക്കുന്നവരില്‍നിന്ന് അഭയം തേടി സംരക്ഷണം പ്രാപിക്കേണ്ട ഭീരുക്കളായവരുടെ നാടല്ല അമേരിക്കയെന്നും ട്രംപ് പറഞ്ഞു.

ഞങ്ങള്‍ ചെയ്യാനുള്ളതും അതിലേറെയും ചെയ്തു. അതി കഠിനമായ പോരാട്ടങ്ങളും അതിലേറെ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ നടപ്പാക്കി. അതിനാണ് നിങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തത്. മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ പുതിയ സമാധാന ഉടമ്പടികള്‍ കൊണ്ടുവന്നു. ലോക രാജ്യങ്ങളില്‍ പലരുമായും പുതിയ സഖ്യങ്ങള്‍ തീര്‍ത്ത് ചൈനക്കെതിരെ ശക്തമായി നിലകൊണ്ടു. പുതിയ യുദ്ധങ്ങളൊന്നും ആരംഭിക്കാത്ത പതിറ്റാണ്ടിനിടയിലെ ആദ്യത്തെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു -ട്രംപ് തന്റെ ഭരണകാലം വിലയിരുത്തി.

കാപ്പിറ്റോള്‍ അക്രമത്തെയും അദ്ദേഹം അപലപിച്ചു. ആക്രമണത്തില്‍ എല്ലാ അമേരിക്കക്കാരും പരിഭ്രാന്തരായി. രാഷ്ട്രീയ അക്രമം എന്നത് അമേരിക്കക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ വിലമതിക്കുന്ന എല്ലാത്തിനും നേരെയുള്ള ആക്രമണമാണ്. അതൊരിക്കലും അനുവദിക്കാനാവില്ല. ബുധനാഴ്ച അധികാര കൈമാറ്റത്തിനായി ഞങ്ങള്‍ തയ്യാറെടുത്തിരിക്കുന്നു. നമ്മുടെ രാജ്യത്തിനും കുട്ടികള്‍ക്കും ഏറ്റവും മികച്ചത് വരാനിരിക്കുന്നുവെന്ന ശുഭാപ്തി വിശ്വാസത്തോടെ പടിയിറങ്ങുന്നു-ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയ്ക്ക് 12നാണ് (ഇന്ത്യന്‍ സമയം രാത്രി 10.30) ജോ ബൈഡനും കമല ഹാരിസും അധികാരമേല്‍ക്കുന്നത്. എന്നാല്‍ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ ട്രംപിന്റെ സാന്നിധ്യമുണ്ടാകില്ല. കോവിഡിന്റെയും കാപ്പിറ്റോള്‍ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ. സ്ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ വിട്ടുനിന്നേക്കും. ഇവരെക്കൂടാതെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ട്രംപ് ഫ്‌ളോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് മാറും.


Next Story

Related Stories