"ഞാനൊരു ബിരുദ വിദ്യാർത്ഥിയാണ്. യുഎസ്സിൽ കുടിയേറ്റക്കാരനായ ഞാൻ എത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. വോട്ടവകാശം കിട്ടിയിട്ടില്ല. എങ്കിലും ഞാൻ ട്രംപിനെക്കാൾ നികുതി അടച്ചിട്ടുണ്ട്": സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൊന്നാണിത്. വിദ്യാർത്ഥികൾ പോലും വൻ ബിസിനസ്സുകാരൻ കൂടിയായ യുഎസ് പ്രസിഡണ്ടിനെക്കാൾ കൂടുതൽ നികുതിയടയ്ക്കുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി ട്രംപ് തന്റെ ടാക്സ് റിട്ടേൺ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് സംബന്ധിച്ച അന്വേഷണങ്ങളോട് ട്രംപ് പറഞ്ഞിരുന്ന സമാധാനം താൻ ഇന്റേണൽ റവന്യൂ സർവീസസിന്റെ (ഐആർഎസ്) ഓഡിറ്റിലാണ് എന്നതായിരുന്നു. എന്നാൽ യുഎസ്സിന്റെ നികുതി റെഗുലേറ്ററി ബോഡിയായ ഐആർഎസ്സിന്റെ ഓഡിറ്റ് നടക്കുന്നുവെന്നതു കൊണ്ട് റിട്ടേൺ വിവരങ്ങൾ പുറത്തുവിടുന്നതിൽ പ്രശ്നങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. ഒപ്പം തന്നെ തന്റെ ടാക്സ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ അദ്ദേഹത്തിന് പൂർണമായ അവകാശവുമുണ്ട്. ഇക്കാരണത്താൽ തന്നെ നികുതിയ സംബന്ധിച്ചുള്ള ആരുടെയും അന്വേഷണങ്ങളോട് വഴങ്ങേണ്ട കാര്യം പ്രസിഡണ്ടിനില്ല.
പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിൽക്കുന്നയാൾ തന്റെ സാമ്പത്തിക വിവരങ്ങളെല്ലാം ഫയൽ ചെയ്യേണ്ടതായിട്ടുണ്ട്. ട്രംപും ഇതുപോലൊന്ന് ഫയൽ ചെയ്തിരുന്നു. 104 പേജുള്ള ഈ ഫയലിങ്ങിൽ തന്റെ 10 ബില്യൺ ഡോളറിന്റെ ആസ്തികളെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ പ്രസ്തുത വ്യക്തിയുടെ വാർഷിക വരുമാനം എത്രയെന്ന് പറയേണ്ടതുല്ല.
ഐആർഎസിന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും വർഷാവർഷം ഒരു ഓഡിറ്റിന് വിധേയമാകണമെന്നുണ്ട്. എന്നാൽ ടാക്സ് റിട്ടേണുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ല എന്നതിനാലും അതിന് ഭരണഘടനാപരമായ സ്വകാര്യതാ ചട്ടങ്ങളുടെ പിൻബലമുണ്ട് എന്നതിനാലും ഇക്കാര്യം പുറത്തു പറയേണ്ട കാര്യം ഇരുവർക്കുമില്ല.
എന്നിരിക്കിലും പ്രസിഡണ്ടുമാർ തങ്ങളുടെ ടാക്സ് റിട്ടേണുകൾ പൊതുസമക്ഷത്തിൽ അവതരിപ്പിക്കുന്നതാണ് യുഎസ്സിലെ ഒരു കീഴ്വഴക്കം. ഈ കീഴ്വഴക്കം കഴിഞ്ഞ 47 വർഷമായി ഒരു പ്രസിഡണ്ടും ലംഘിച്ചിരുന്നില്ല. ഇതാണ് ട്രംപ് വളരെ ലാഘവത്തോടെ ലംഘിച്ചിരിക്കുന്നത്.
തന്റെ ടാക്സ് റിട്ടേണുകളെക്കുറിച്ച് വിവാദമുയർന്ന ഘട്ടത്തിൽ പ്രസിഡണ്ട് റിച്ചാർഡ് നിക്സനാണ് അവ പൊതുജനത്തിനു മുമ്പിൽ വെച്ച് ഈ കീഴ്വഴക്കത്തിന് തുടക്കമിട്ടത്. 1973ലായിരുന്നു ഇത്. പിന്നീട് വന്ന എല്ലാ പ്രസിഡണ്ടുമാരും അനാവശ്യമായ വിവാദങ്ങളൊഴിവാക്കുന്ന ഈ വഴക്കം തുടർന്നുപോന്നു. പലരും പലതരത്തിലാണ് റിട്ടേണുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാറുള്ളത്. ചിലർ തങ്ങളുടെ ഇക്കാലമത്രയുമുള്ള റിട്ടേണുകൾ സംബന്ധിച്ച വിവരം പുറത്തുവിടും. മറ്റു ചിലരാകട്ടെ തൊട്ടു മുമ്പത്തെ ഒന്നോ രണ്ടോ വർഷത്തെ റിട്ടേണുകളാണ് പുറത്തുവിടുക. എന്തായാലും ടാക്സ് റിട്ടേൺ പുറത്തുവിടാതിരിക്കുക എന്നത് യുഎസ് പ്രസിഡണ്ടുമാരോ പ്രസിഡണ്ട് സ്ഥാനാർത്ഥികളോ ചിന്തിക്കുക പോലും ചെയ്യാറില്ല. മിക്കവരും തങ്ങളുടെ ജീവിത പങ്കാളിയുടെ ടാക്സ് വിവരം കൂടി പുറത്തുവിടാറുണ്ട്. ഇങ്ങനെ പുറത്തുവിടാൻ വിസമ്മതിച്ച സ്ഥാനാർത്ഥികളെല്ലാം വിവാദങ്ങളിൽ ചാടിയിട്ടുമുണ്ട്. കഴിഞ്ഞവർഷം യുഎസ്സിലെ ഒരു സന്നദ്ധസംഘടന, എല്ലാ പ്രസിഡണ്ട് സ്ഥാനാർത്ഥികളും തങ്ങളുടെ കഴിഞ്ഞ 10 വർഷത്തെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തുകയുണ്ടായി.
അതെസമയം, താൻ നികുതിയടയ്ക്കാറില്ലെന്ന വാർത്തയെ വ്യാജവാർത്തയെന്ന് തള്ളിക്കളയുകയാണ് പ്രസിഡണ്ട് ട്രംപ്. തന്റെ ടാക്സ് വിവരങ്ങൾ താൻ തന്നെ പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞുവെങ്കിലും എന്ന് നടക്കുമെന്ന് പറയുകയുണ്ടായില്ല. യുഎസ് പ്രസിഡണ്ടിനെക്കാൾ കൂടുതൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ റീട്വീറ്റ് ചെയ്യൂ എന്ന ഒരു ട്വീറ്റ് ആയിരങ്ങളാണ് റീട്വീറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. ഇതിനു പുറത്തും സമാനമായ പ്രതിഷേധം നടക്കുന്നുണ്ട്.