TopTop
Begin typing your search above and press return to search.

ഇംപീച്ച്‌മെന്റ് ആവശ്യം മുറുകുന്നു; ജിയൂലിയാനി 'വലിയ മനുഷ്യനെ'ന്ന് ഡൊണാള്‍ഡ് ട്രംപ്

ഇംപീച്ച്‌മെന്റ് ആവശ്യം മുറുകുന്നു; ജിയൂലിയാനി വലിയ മനുഷ്യനെന്ന് ഡൊണാള്‍ഡ് ട്രംപ്

റൂഡി ജിയൂലിയാനിയുടെ പ്രതിരോധത്തിനായി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്ത്. ന്യൂയോര്‍ക്കിലെ മുന്‍ മേയറായ അദ്ദേഹം ട്രംപിന്റെ അഭിഭാഷകന്‍ കൂടിയാണ്. എന്നാല്‍ ഇപ്പോഴും അദ്ദേഹം തന്റെ സ്വകാര്യ അഭിഭാഷകനാണോ എന്ന് തനിക്കറിയില്ലെന്ന തരത്തിലുള്ള ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ട്രംപ് നടത്തിയിരുന്നു. ജിയൂലിയാനിക്കെതിരെ മാന്‍ഹട്ടനില്‍ ഫെഡറല്‍ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ എതിരാളിയെ കുടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ട്രംപിനുവേണ്ടി ജിയൂലിയാനിയും ഇടപ്പെട്ടിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജിയൂലിയാനിയുടെ സ്വഭാവം അല്‍പ്പം പരുക്കനായി തോന്നുമെങ്കിലും അദ്ദേഹം ഒരു മികച്ച വ്യക്തിയും അമ്ബരപ്പിക്കുന്ന അഭിഭാഷകനുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ജിയൂലിയാനി ഇപ്പോഴും തന്റെ സ്വകാര്യ അഭിഭാഷകനാണോ അല്ലയോ എന്ന് അദ്ദേഹം അപ്പോഴും വ്യക്തമാക്കിയില്ല.

ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലന്‍സ്‌കിയോടു എട്ടു തവണ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നാണ് വിസില്‍ബ്ലോവര്‍ പറഞ്ഞത്. അതോടെ ഹൗസ് കമ്മിറ്റികള്‍ അദ്ദേഹത്തോടും വിചാരണക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്ന് ജിയൂലിയാനി പരസ്യമായി പറഞ്ഞു. കൂടാതെ, 'ഞാന്‍ അവരെ ഒരു തമാശയായി മാത്രമാണ് കാണുന്നത്. സങ്കടകരമായ ഒരു തമാശ. അവര്‍ക്ക് യാതൊരുവിധ നിയമസാധുതയുമില്ല. അക്കാര്യം മാത്രം പറഞ്ഞുകൊണ്ട് അവരുടെ കല്‍പ്പനകളെ വെല്ലുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

സാമ്ബത്തിക കുറ്റകൃത്യം നടത്തിയതിനെ തുടര്‍ന്ന്‍ ജിയൂലിയാനിയുടെ കൂട്ടാളികളും സോവിയറ്റ് വംശജരുമായ രണ്ട് യുഎസ് പൗരന്മാരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിമാനമാര്‍ഗ്ഗം യു.എസ് വിടാന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്. ജിയൂലിയാനി ഉക്രൈനിലും പുറത്തും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഫെഡറല്‍ അന്വേഷണവും നടക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 ല്‍ തുര്‍ക്കിയുമായുള്ള തടവുകാരുടെ കൈമാറ്റത്തിനിടെ ജിയൂലിയാനി തന്‍റെ ഒരു ക്ലയന്റിനെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ട്രംപിന്റെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ആ നീക്കം തടയുകയായിരുന്നു.

ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഇംപീച്ച്‌മെന്‍റ് അന്വേഷണവുമായി സഹകരിക്കില്ലെന്നതാണ് ട്രംപിന്‍റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അന്വേഷണവുമായി മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.


Next Story

Related Stories