TopTop
Begin typing your search above and press return to search.

അണുനാശിനി കൊറോണയെ തുരത്തുമെന്ന് പറഞ്ഞത് തിരിച്ചടിയായി - പതിവ് കോവിഡ് വാര്‍ത്താസമ്മേളനം ട്രംപ് പെട്ടെന്ന് നിർത്തി

അണുനാശിനി കൊറോണയെ തുരത്തുമെന്ന് പറഞ്ഞത് തിരിച്ചടിയായി - പതിവ് കോവിഡ് വാര്‍ത്താസമ്മേളനം ട്രംപ് പെട്ടെന്ന് നിർത്തി

കോവിഡ് 19 അവലോകനത്തിന് ശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനം യുഎസ് പ്രിസിഡന്റ് ഡോണള്‍ഡ് ട്രംപ് പെട്ടെന്ന് അവസാനിപ്പിച്ചു. അണുനാശിനി കൊണ്ട് കൊറോണയെ ചെറുക്കാമെന്ന പ്രസ്താവന വലിയ തിരിച്ചടിയുണ്ടാക്കിയ സാഹര്യത്തിലാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ അണുനാശിനി പ്രയോഗം ഉണ്ടാക്കിയ കേടുപാട് തീര്‍ക്കാന്‍ വൈറ്റ് ഹൗസ് പണിപ്പെടുകയാണ്. നിര്‍മ്മാതാക്കളും ഡോക്ടര്‍മാരും ഗവണ്‍മെന്റ് ഏജന്‍സികളും ഇതേത്തുടര്‍ന്ന് അണുനാശിനി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരുന്നു. കോവിഡ് രോഗികൾക്ക് അണുനാശിനി കുത്തിവച്ച് രോഗം മാറ്റിക്കൂടേ എന്നാണ് ട്രംപ് ചോദിച്ചത്.

അതേസമയം താന്‍ പരിഹാസപൂര്‍വം പറഞ്ഞതാണെന്നാണ് ട്രംപ് പിന്നീട് വിശദീകരിച്ചത്. പ്രസിഡന്റിന്റ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേയ്‌ലീ മക് എനാനി കുറ്റപ്പെടുത്തി. നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരോട് ഞാന്‍ പരിഹാസയുക്തിയോടെ ഈ ചോദ്യം ചോദിച്ചതാണ്, അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ട്രംപ് പറഞ്ഞു. സാധാരണ രണ്ട് മണിക്കൂറോ അതിലധികമോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുള്ള ട്രംപ് ഒരു ചെറു പ്രസ്താവന നടത്തിയ ശേഷം സ്ഥലം വിടുകയാണുണ്ടായത്. 22 മിനുട്ടോളം കാര്യങ്ങള്‍ വിശദീകരിച്ച ട്രംപ് ഇതാദ്യമായി റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇറങ്ങിപ്പോയി.

വീഡിയോ കാണാം:

യുഎസില്‍ 52,843 പേരാണ് ഇതുവരെ മരിച്ചത്. ആകെ സ്ഥിരീകരിച്ചത് 9,29,841 കോവിഡ് കേസുകള്‍. 1,10,504 പേര്‍ക്ക് അസുഖം ഭേദമായി. 7,66,494 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 15097 പേരുടെ നില ഗുരുതരമാണ്.


Next Story

Related Stories