Top

ട്രംപിനെതിരെ വീണ്ടും മൊഴി; ജോ ബൈഡനെതിരെ അന്വേഷണത്തിന് ഉക്രൈനിൽ സമ്മർദ്ദം ചെലുത്തി

ട്രംപിനെതിരെ വീണ്ടും മൊഴി; ജോ ബൈഡനെതിരെ അന്വേഷണത്തിന് ഉക്രൈനിൽ സമ്മർദ്ദം ചെലുത്തി

ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ഉറ്റ അനുയായിയും മൊഴിനല്‍കി. ട്രംപിന്‍റെ രാഷ്ട്രീയ ശത്രുവും അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്‍റുമായ ജോ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം ഉക്രൈന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് യുറോപ്യന്‍ യൂണിയന്‍ അംബാസിഡറായ ഗോര്‍ഡണ്‍ സണ്‍ലാന്‍റാണ് മൂന്നംഗ അന്വേഷണ സമിതിക്കു മുന്‍പില്‍ സാക്ഷ്യപ്പെടുത്തിയത്.

ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാതെ അമേരിക്ക ഉക്രൈന് വാഗ്ദാനം ചെയ്ത 400 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അനുവദിക്കില്ലെന്നു ട്രംപ് പറഞ്ഞതായി സണ്‍ലാന്‍റ് വ്യക്തമായി മൊഴി നല്‍കി. ഇത്തരം നീക്കുപോക്കുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, 'പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവായിരുന്ന ആൻഡ്രി യെർമാക്, ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി എന്നിവര്‍ 2019 സെപ്റ്റംബർ 1-ന് വാർസോയിൽ വെച്ചു നടത്തിയ ഒരു സംഭാഷണം ഞാൻ ഇപ്പോൾ ഓർക്കുന്നു'വെന്ന് പറഞ്ഞാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 'ആഴ്ചകളായി ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന, അഴിമതിവിരുദ്ധ പ്രസ്താവന നല്‍കുന്നതുവരെ ഡോളറിന്‍റെ സാമ്പത്തിക സഹായം നല്‍കുന്നത് പുനരാലോചിക്കില്ലെന്ന് ഞാന്‍ പറഞ്ഞു' സണ്‍ലാന്‍റ് പറഞ്ഞു.

ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്തുന്ന കമ്മിറ്റികൾ ഇതുവരെയുള്ള സാക്ഷ്യപത്രങ്ങളുടെ ട്രാൻസ്‌ക്രിപ്റ്റുകള്‍ പുറത്തിറക്കിയിരുന്നു. അതിലാണ് ഗോര്‍ഡണ്‍ സണ്‍ലാന്‍റിന്‍റെ മൊഴിയും ഉള്ളത്. ഉക്രൈനിലെ മുൻ അംബാസഡർ മേരി യോവനോവിച്ച്, മറ്റൊരു നയതന്ത്രജ്ഞനായ പി മൈക്കള്‍ മക്കിൻലി എന്നിവരും ട്രംപിനെതിരെ നല്‍കിയ മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈ‍ഡനെ തോജോവധം ചെയ്യാൻ ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിൽ ട്രംപ് സഹായം തേടിയതുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം രംഗത്തിറങ്ങിയത്. ഇതിനു മുന്നോടിയായാണ് യുഎസ് കോൺഗ്രസ് സമിതികളുടെ അന്വേഷണം. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം യുഎസ് ഹൗസ് അംഗീകരിച്ചു കഴിഞ്ഞു. ഇനി സെനറ്റിലും പാസ്സാകണം. എന്നാലേ ഇംപീച്ച്മെന്‍റ് നടക്കൂ. ഉക്രെയ്നിയന്‍ പ്രസിഡന്‍റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്.

അതേസമയം, എല്ലാ യുഎസ് അംബാസിഡര്‍മാരുടേയും മൊഴികള്‍ വൈറ്റ്ഹൗസ് തള്ളി. ആധികാരികതയില്ലാത്ത മൊഴികളും ഏകപക്ഷീയ മാധ്യമവാര്‍ത്തകളും കൊണ്ട് സത്യം മറയ്ക്കാനാകില്ലെന്നാണ് വൈറ്റ്ഹൗസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.


Next Story

Related Stories