TopTop
Begin typing your search above and press return to search.

'ഇംപീച്ച്‌മെന്റ് എന്ന വാക്കിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കി', സ്പീക്കര്‍ നാന്‍സി പെലോസിക്ക് ട്രംപിന്റെ കത്ത്

ഇംപീച്ച്‌മെന്റ് എന്ന വാക്കിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കി, സ്പീക്കര്‍ നാന്‍സി പെലോസിക്ക് ട്രംപിന്റെ കത്ത്

ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍ നടപടികള്‍ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഡോണൾഡ് ട്രംപിന്റെ കത്ത്. പെലോസി 'അമേരിക്കൻ ജനാധിപത്യത്തിനെതിരേ തുറന്ന യുദ്ധം' പ്രഖ്യാപിച്ചിരിക്കുകയാണെന്നും, 'ഇംപീച്ച്‌മെന്റ് എന്ന വാക്കിന്‍റെ പ്രാധാന്യം തന്നെ അവര്‍ ഇല്ലാതാക്കിയെന്നും' ആറ് പേജുള്ള കത്തില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ഇന്നാണ് നടക്കാന്‍ പോകുന്നത്.

ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടപടികള്‍ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തുകയും രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്താല്‍ ട്രംപിന് സ്ഥാനം നഷ്ടമാകും.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍‌തൂക്കം. വോട്ടെടുപ്പില്‍ സ്വാഭാവികമായും അവര്‍ ഉദ്ദേശിച്ചതുതന്നെ സംഭവിക്കും. അതിനുശേഷം ഉന്നത സഭയായ സെനറ്റിലേക്ക്. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് ആധിപത്യം എന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ട്രംപ് ഉക്രൈനെ സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ബാലിശമായ തെളിവുകൾ അടിസ്ഥാനമാക്കി, ഏക പക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപും അനുയായികളും.


Next Story

Related Stories