TopTop
Begin typing your search above and press return to search.

ട്രംപ് ഇന്ത്യയിൽ എന്തുകൊണ്ട് ഒറ്റയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് - യുഎസ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തെ കണ്ടതെങ്ങനെ?

ട്രംപ് ഇന്ത്യയിൽ എന്തുകൊണ്ട് ഒറ്റയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് - യുഎസ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തെ കണ്ടതെങ്ങനെ?

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ കൊടുത്തിരുന്നു. ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞപ്പോള്‍ സിബിഎസ് ന്യൂസ് പറയുന്നത് ട്രംപിന്റെ പെട്ടെന്നുള്ള ഇന്ത്യാ സന്ദര്‍ശനം ഗൗരവമുള്ളതായി മാറിയെന്നാണ്. അഹമ്മദാബാദിലെ 'നമസ്‌തേ ട്രംപ്' പരിപാടിയും പതിവില്‍ നിന്ന് വിപരീതമായി, ചര്‍ച്ചകള്‍ക്ക് മുമ്പുള്ള സ്ഥലസന്ദര്‍ശനവുമെല്ലാമായി ഒരു അനൗപചാരിക സ്വഭാവം സന്ദര്‍ശനത്തിന് വന്നിരുന്നു. മാത്രമല്ല വ്യാപാര കരാറുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്ന തരത്തിലായിരുന്നു ഇന്ത്യയിലേയ്ക്ക് തിരിക്കുന്നതിന് മുമ്പുള്ള ട്രംപിന്റെ പ്രസ്താവന. ഇന്ത്യ തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും തന്റെ സന്ദര്‍ശനത്തില്‍ വലിയൊരു വ്യാപാര കരാര്‍ ഒപ്പുവയ്ക്കുമെന്ന് പറയാനാകില്ലെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ അഹമ്മദാബാദിലെ പ്രസംഗത്തില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ട്രംപ് പ്രഖ്യാപിച്ചു. ഹെലികോപ്റ്റര്‍ കരാറാണ് ട്രംപ് പരാമര്‍ശിച്ചത്.

അതേസമയം വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ത്യയുമായി വ്യാപാരകരാര്‍ ഒപ്പിടാന്‍ യാതൊരു തിരക്കും തനിക്കില്ല എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ട്രംപ് മതസ്വാതന്ത്ര്യപ്രശ്‌നം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതുവരെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം ട്രംപ് നടത്തിയിട്ടില്ല. ഇത് കൂടാതെ വിദേശസന്ദര്‍ശനങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പതിവ് ട്രംപിനില്ല. ഹൈദരാബാദ് ഹൗസില്‍ ട്രംപ് മോദിയുമായി ചര്‍ച്ച നടത്തുന്നതിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലും മോജ്പൂരിലും മറ്റും സംഘര്‍ഷം തുടരുകയായിരുന്നു. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ജയ് ശ്രീരാം വിളികളുമായി അക്രമിസംഘം. വീടുകള്‍ക്കും കടകള്‍ക്കും തീ വയ്ക്കുന്നു. മുസ്ലീങ്ങളെ റോഡില്‍ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ഇന്ത്യ വലിയ സ്വീകരണമാണ് നല്‍കിയതെങ്കിലും നൂറ് കണക്കിനാളുകള്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവിലാണ് എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലിവിഷന്‍ പരിപാടിയായ ട്രംപിന്റേയും മോദിയുടേയും കെട്ടിപ്പിടി ഉത്സവം (ടെലിവൈസ്ഡ് ഹഗ് ഫെസ്റ്റ്) എന്നാണ് നമസ്‌തേ ട്രംപ് പരിപാടിയെ ഫോക്‌സ് ന്യൂസ് വിശേഷിപ്പിച്ചത്. ഈ ഹഗ് ഫെസ്റ്റ് നടക്കുന്നതിന്റെ തലേന്ന് ന്യൂഡല്‍ഹിയില്‍ പൗരത്വ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെക്കുറിച്ച് ഫോക്‌സ് ന്യൂസ് പറയുന്നു.

ട്രംപ് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുമായി ചേര്‍ന്ന് സംയുക്തവാര്‍ത്താസമ്മേളനം നടത്താതെ ഒറ്റയ്ക്ക് വാര്‍ത്താസമ്മേളനം നടത്തിയത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. സാധാരണ വിദേശ സന്ദര്‍ശനങ്ങളില്‍ ആ രാജ്യങ്ങളിലെ ഭരണത്തലവനൊപ്പമാണ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതിന് കാരണം പ്രധാനമന്ത്രി മോദിക്ക് വാര്‍ത്താസമ്മേളനങ്ങളോടുള്ള വിമുഖതയാണ് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും മോദി നടത്തിയിട്ടില്ല എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു (2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി അന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദി കൂടെയിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.) മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുള്ള അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ക്ക് മോദി നല്‍കിയിരുന്നുവെന്നും വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു.

കളിക്ക് ശേഷം ട്രംപും മോദിയും കാര്യത്തിലേയ്ക്ക് കടന്നു എന്ന് സിഎന്‍എന്‍ പറയുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ട്രംപ് അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത ശേഷം ആഗ്രയിൽ താജ് മഹൽ സന്ദർശിക്കാൻ പോവുകയാണുണ്ടായത്. ഉഭയകക്ഷി ചർച്ചകളൊന്നും നടന്നിരുന്നില്ല. ഇത് സൂചിപ്പിച്ചായിരുന്നു ട്രംപിൻ്റെ പരാമർശം. ഭീകരവിരുദ്ധ സഹകരണത്തെക്കുറിച്ചും പ്രതിരോധ ഉടമ്പടികളെക്കുറിച്ചും വ്യാപാരകരാറുകള്‍ക്ക് സാധ്യത കുറവാണെന്നും സിഎന്‍എന്‍ പറയുന്നു.


Next Story

Related Stories