TopTop
Begin typing your search above and press return to search.

വടക്കന്‍ സിറിയയില്‍ സൈനിക നീക്കം തുടരും, ഭീഷണികള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് തുർക്കി

വടക്കന്‍ സിറിയയില്‍ സൈനിക നീക്കം തുടരും,   ഭീഷണികള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് തുർക്കി

വടക്കുകിഴക്കൻ സിറിയയിൽ യുഎസ് പിന്തുണയുള്ള കുർദിഷ് സേനയ്‌ക്കെതിരെ ആക്രമണവുമായി മുന്നോട്ട് പോകുമെന്ന സൂചന നല്‍കി തുര്‍ക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തുർക്കി സ്വന്തം പദ്ധതികൾ നടപ്പാക്കുമെന്നും, അതിനെ ഭീഷണികള്‍കൊണ്ട് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വൈസ് പ്രസിഡന്റ് ഫുവാത് ഒക്ടെ പറഞ്ഞു. 'എന്തുതന്നെയായാലും തുർക്കിയുടെ അതിർത്തിയോടു ചേര്‍ന്ന് ഒരു ഭീകര ഇടനാഴിയോ ഭീകര രാഷ്ട്രമോ ഉണ്ടാകുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം യു.എസില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്നോട്ടില്ലെന്ന് തുർക്കി രംഗത്തെത്തുന്നത്.

വടക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കഴിഞ്ഞ മാസംതന്നെ തുര്‍ക്കിയും യു.എസും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. യുദ്ധരഹിത മേഖല സ്ഥാപിക്കാനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കിയില്‍ പ്രത്യേക കേന്ദ്രം തുടങ്ങാനുമാണ് തീരുമാനമായിരുന്നത്. അതോടെ വടക്കന്‍ സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നിന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമാവുകയും ചെയ്തു. അതിനുശേഷം സിറിയയിലെ നീക്കത്തിൽ തുർക്കിക്കൊപ്പമാണെന്ന് റജബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴ്ച നടത്തിയ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറയുകയും ചെയ്തു. തുടര്‍ന്നാണ്‌ കുർദുകളുടെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിൽ നിന്ന് യു.എസ് സൈന്യം പിന്മാറിത്തുടങ്ങിയത്.

2014 മുതൽ യു.എസിന്‍റെ സഖ്യകക്ഷിയാണ് കുര്‍ദിഷ് സേന. ട്രംപും എർദോഗനും തമ്മിലുള്ള അപ്രതീക്ഷിത ഒത്തുതീര്‍പ്പില്‍ ഏറ്റവുംവലിയ തിരിച്ചടി നേരിടുന്നത് അവര്‍ക്കാണ്. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനെ (എസ്ഡിഎഫ്) ആക്രമിക്കാൻ വഴിയൊരുക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ കൈകൊണ്ടിരിക്കുന്നത്. സിറിയയുടെ സങ്കീർണ്ണമായ ആഭ്യന്തര യുദ്ധത്തിൽ ഒരു പുതിയ മുന്നണി ഉടലെടുക്കുവാനും, ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നേട്ടങ്ങൾ ഇല്ലാതാക്കാനും മാത്രമാണ് അമേരിക്കയുടെ നീക്കം സഹായിക്കുകയെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. 'ഞങ്ങള്‍ സിറിയയില്‍ നിന്നും പിന്‍വാങ്ങിയാലും മികച്ച പോരാളികളായ കുര്‍ദുകളെ ഒരുതരത്തിലും ഉപേക്ഷിക്കില്ല' എന്നാണ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞത്.

അതേസമയം, അതിർത്തിക്കടുത്ത് റാസ് അൽ-ഐനില്‍ തുർക്കി സൈന്യം ആക്രമണം തുടങ്ങിയെന്ന് ചൊവ്വാഴ്ച രാത്രി എസ്ഡിഎഫ് അറിയിച്ചു. തിങ്കളാഴ്ച യുഎസ് സൈന്യം പിൻവാങ്ങിയ സ്ഥലങ്ങളിലൊന്നാണിതെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. 'ഞങ്ങളുടെ സേനയ്ക്ക് പരിക്കുകളൊന്നുമില്ല. പ്രകോപനമില്ലാത്ത ഈ ആക്രമണത്തോട് ഞങ്ങൾ പ്രതികരിച്ചില്ല' എന്നാണ് എസ്ഡിഎഫ് അവകാശപ്പെടുന്നത്.

സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നവരില്‍ സിംഹഭാഗവും കുർദ് വിഭാഗക്കാരാണ്. എന്നാല്‍, നിരോധിത സംഘടനയായ കുർദിഷ് പീപ്പിൾസ് പാർട്ടിയുടെ ഭാഗമായാണ് തുർക്കി സിറിയയിലെ കുർദ് പോരാളികളെ കാണുന്നത്. പ്രദേശത്തെ 'വീണ്ടുമൊരു യുദ്ധമേഖലയാക്കുന്നതിനാണ്' യു.എസ് പിന്മാറുന്നതെന്നും, വടക്കുകിഴക്കൻ സിറിയയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും സിറിയൻ എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി നേരത്തെ വ്യക്തമാക്കിയിരുന്നു.Next Story

Related Stories