Top

ട്രംപിനെ നിയന്ത്രിക്കാനുള്ള സമ്മര്‍ദ്ദത്തിനിടെ ലോക നേതാക്കളുടെ ട്വീറ്റുകള്‍ക്ക് നിയമങ്ങള്‍ തയ്യാറാക്കി ട്വിറ്റര്‍

ട്രംപിനെ നിയന്ത്രിക്കാനുള്ള സമ്മര്‍ദ്ദത്തിനിടെ ലോക നേതാക്കളുടെ ട്വീറ്റുകള്‍ക്ക് നിയമങ്ങള്‍ തയ്യാറാക്കി ട്വിറ്റര്‍

ഏതെങ്കിലും ലോക നേതാക്കള്‍ തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചാല്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 'പൊതുതാല്‍പര്യം മാനിച്ചുകൊണ്ടുള്ള' ട്വീറ്റാണെന്ന് കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ അത്തരം ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നാണ് ഏറ്റവും പുതിയ നയത്തിലൂടെ ട്വിറ്റര്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ലോക നേതാക്കളുടെ ട്വീറ്റുകള്‍ സെന്‍സര്‍ ചെയ്യുകയെന്നത് ട്വിറ്ററിന് വലിയ തലവേദന സമ്മാനിക്കുന്ന കാര്യമാണ്.

ട്വിറ്ററിന്റെ എല്ലാ നയങ്ങളും കാറ്റില്‍പറത്തിക്കൊണ്ടുള്ള ട്വീറ്റുകളാണ് പലപ്പോഴും ട്രംപ് നടത്താറ്. അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും ട്വിറ്ററിന് കഴിയാറില്ല. 2017 സെപ്റ്റംബറില്‍ ട്രംപ് ട്വിറ്ററില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ അത് ഡിലീറ്റ് ചെയ്യുന്നതിനു പകരം ഇനിമുതല്‍ അത്തരം ട്വീറ്റുകളുടെ 'വാര്‍ത്താ പ്രാധാന്യം'കൂടെ പരിഗണിക്കുമെന്നായിരുന്നു ട്വിറ്റര്‍ അറിയിച്ചത്. ട്രംപിന്റെ ട്വീറ്റുകള്‍ പലതവണ വിവാദമായിട്ടുണ്ട്.

ഒരു ലോക നേതാവിന്റെ ട്വീറ്റ് എത്ര മോശമായാലും ഡോക്യുമെന്റേഷനുവേണ്ടി അത് നിലനിര്‍ത്താം എന്നതരത്തില്‍ 2019 ജൂണില്‍ ട്വിറ്റര്‍ അവരുടെ നയത്തില്‍ മാറ്റംവരുത്തിയിരുന്നു. അത്തരം സാഹചര്യങ്ങില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ല. പക്ഷെ, ഉപയോക്താക്കള്‍ക്ക് അത് ലൈക്ക് ചെയ്യാനോ, റീട്വീറ്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ കഴിയില്ല. സെപ്റ്റംബറില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിച്ചതു മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അധിക സമ്മര്‍ദ്ദത്തിലാണ്. കൂടുതല്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം പ്രതിയോഗികളെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.

നുണകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ട്രംപുള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് സെനറ്റര്‍ എലിസബത്ത് വാറന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണമായ വിവരങ്ങള്‍ പങ്കുവെച്ച വിസില്‍ബ്ലോവറെ പരസ്യമായി ഭീഷണിപ്പെടുത്താന്‍ ട്രംപ് അടുത്തിടെ നിരന്തരമായി ട്വിറ്ററാണ് ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ആറു ട്വീറ്റുകള്‍ ചൂണ്ടിക്കാണിച്ച് ട്രംപിന്റെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാക്ക് ഡോര്‍സിക്ക് കത്തെഴുതിയിരുന്നു.

പലപ്പോഴും ട്വിറ്റര്‍ ഭരണവര്‍ഗ്ഗത്തിന് അനുകൂലമായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്നുവെന്ന ആരോപണവുമുണ്ട്. പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിയ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ആരോടും രാഷ്ട്രീയ പക്ഷാപാതിത്വം കാണിക്കുന്നില്ലെന്നാണ് ട്വിറ്റര്‍ അവകാശപ്പെടുന്നത്.



Next Story

Related Stories