TopTop
Begin typing your search above and press return to search.

സൗദി ഗവൺമെൻ്റുമായി ബന്ധമുള്ള 6000 അക്കൗണ്ടുകൾ നീക്കിയതായി ട്വിറ്റർ

സൗദി ഗവൺമെൻ്റുമായി ബന്ധമുള്ള 6000 അക്കൗണ്ടുകൾ നീക്കിയതായി ട്വിറ്റർ

സൗദി അറേബ്യന്‍ ഗവൺമെൻ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന 6,000 അക്കൗണ്ടുകൾ നീക്കം ചെയ്തതായി ട്വിറ്റർ. ഭരണകൂടത്തിനു അനുകൂലമായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചു വരുന്നതെന്ന് ട്വിറ്റർ കണ്ടെത്തി. കൂടുതല്‍ അഗ്രസീവായി ലൈക്കുകളും കമന്‍റുകളും റീ ട്വീറ്റുകളും വരാന്‍ തുടങ്ങിയതോടെയാണ് കമ്പനി അക്കൗണ്ടുകൾ നിരീക്ഷിക്കാന്‍ തുടങ്ങിയത് ട്വിറ്റര്‍ പുറത്തിറക്കിയ ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നു.

ഇറാനെതിരായ ഉപരോധത്തെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങളിൽ സൗദി സർക്കാർ ഉദ്യോഗസ്ഥർ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് കൂടുതലായും ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഭൂരിഭാഗം ട്വീറ്റുകളും അറബിയിലായിരുന്നു. നീക്കംചെയ്‌ത 5,929 അക്കൗണ്ടുകൾ‌ സ്പാങ്ങിനു വേണ്ടി ഉപയോഗിക്കുന്ന 88,000 അക്കൗണ്ടുകൾ അടങ്ങുന്ന ഒരു ഗ്രൂപ്പിന്‍റെ ഭാഗമാണെന്നാണ് നിഗമനം. എന്നാല്‍ ഏതല്ലാം അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതലാണ്‌ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ട്വീറ്റുകളും വിവരങ്ങളും ട്വിറ്റര്‍ നീക്കം ചെയ്തു തുടങ്ങിയത്. ഓഗസ്റ്റിൽ ഹോങ്കോംഗ് പ്രതിഷേധത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള 200,000 ചൈനീസ് അക്കൗണ്ടുകൾ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

അടുത്ത വർഷം നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ചില സോഷ്യൽ മീഡിയ കമ്പനികൾ. നേരത്തേ ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഷ്ട്രീയ ലാഭം നേടാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ക്കാണ് തീരുമാനം തിരിച്ചടിയായത്. രാഷ്ട്രീയ പരസ്യത്തിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ട്വിറ്റർ ഇതിനു മുന്‍പും നടപ്പാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് ഫേസ്ബുക്കില്‍ എന്തും പറയാമെന്ന നിലപാടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, 'പൊതുതാൽപര്യം മാനിച്ചുകൊണ്ടുള്ള' ട്വീറ്റാണെന്ന് കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ അത്തരം ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നാണ് ട്വിറ്ററിന്‍റെ പുതിയ നയം. എന്നാല്‍ പലപ്പോഴും ട്വിറ്റര്‍ ഭരണവര്‍ഗ്ഗത്തിന് അനുകൂലമായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്നുവെന്ന ആരോപണവുമുണ്ട്. പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ആരോടും രാഷ്ട്രീയ പക്ഷാപാതിത്വം കാണിക്കുന്നില്ലെന്നാണ് ട്വിറ്റര്‍ അവകാശപ്പെടുന്നത്.


Next Story

Related Stories