TopTop
Begin typing your search above and press return to search.

എത്യോപ്യൻ ജനകീയ ഗായകൻ ഹകാലു ഹുൻഡീസയെ കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

എത്യോപ്യൻ ജനകീയ ഗായകൻ ഹകാലു ഹുൻഡീസയെ കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ജനപ്രിയ ഗായകനും സംഗീതജ്ഞനുമായ ഹകാലു ഹുൻഡീസയുടെ കൊലപാതകത്തിന് ഉത്തരവാദികളായ രണ്ട് പേരെ എത്യോപ്യൻ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഹാകാലു ഹുൻഡീസയെ രണ്ടാഴ്ച മുന്‍പാണ് അജ്ഞാതന്‍ വെടിവച്ചുകൊന്നത്. ആഡിസിനെ ചൊല്ലിയുള്ള തർക്കം മൂന്ന് വർഷത്തെ രക്തരൂക്ഷിതമായ തെരുവ് പ്രക്ഷോഭത്തിന് കാരണമായിരുന്നു. തുടര്‍ന്ന്, അത് മുൻ പ്രധാനമന്ത്രിയുടെ രാജിയിലേക്കും 2018 ൽ അബി അഹമ്മദിന്റെ നിയമനത്തിലേക്കും നയിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യുവ ഒറോമോകളുടെ ശബ്ദമായിരുന്നു ഹാകാലുവിന്റെ സംഗീതം. കൊലപാതകത്തെ 'അത്യന്തം ഹീനമായ പ്രവൃത്തി എന്നാണ്' പ്രധാനമന്ത്രി അബി അഹമ്മദ് വിശേഷിപ്പിച്ചത്.

സർക്കാർ വിരുദ്ധ ഗ്രൂപ്പായ ഒറോമോ ലിബറേഷൻ ഫ്രണ്ടിന്റെ (ഒ എൽ എഫ്-ഷെൻ) നിര്‍ദേശം അനുസരിച്ചാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്ന് അറ്റോർണി ജനറൽ അദാനെക് അബെബെ വെള്ളിയാഴ്ച ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പറഞ്ഞു. കൊലപാതകിയെന്ന് സംശയിക്കുന്നയാളും അയാളുടെ കൂട്ടാളിയുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. 'അവനെ കൊന്നവരെയും കൊലപാതകത്തിൽ സഹകരിച്ചവരെയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമവാഴ്ച ഉറപ്പാക്കുന്നത് തുടരും’ എന്നും അദാനെക് അബെബെ പറഞ്ഞു. അതേസമയം, പ്രതികൾക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യന്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിരുന്നു. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തില്‍ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതായും ആരോപണമുണ്ട്.


Next Story

Related Stories