TopTop
Begin typing your search above and press return to search.

യുഎഇയും ബഹ്‌റിനും ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടു, പുതിയ ചരിത്രമെന്ന് അമേരിക്ക, അധിനിവേശ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറുകയാണ് വേണ്ടതെന്ന് പലസ്തീൻ

യുഎഇയും ബഹ്‌റിനും ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടു, പുതിയ ചരിത്രമെന്ന് അമേരിക്ക, അധിനിവേശ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറുകയാണ് വേണ്ടതെന്ന് പലസ്തീൻ

അറബ് രാജ്യങ്ങളും ഇസ്രയേലുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശത്രുത അവസാനിക്കുന്നു. യു എ ഇയും ബഹ്‌റിനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറില്‍ ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്. പുതിയ പശ്ചിമേഷ്യയുടെ തുടക്കമാണ് കുറിക്കപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു.

പലസ്തീന്‍ ഭൂമി കൈയടക്കി വെച്ചിരിക്കുന്നതുമൂലവും അവിടുത്തെ ജനങ്ങളുടെ ജീവിതം നിത്യ ദുരിതത്തിലാക്കിയിരിക്കുന്നതുകൊണ്ടും ഇസ്രായേലിനെ ഒരു ശത്രു രാജ്യമായാണ് അറബ് രാജ്യങ്ങള്‍ കണ്ടത്. എന്നാല്‍ അറബ് രാജ്യങ്ങളില്‍ പലതിനും ഇറാനോട് വളര്‍ന്നുവന്ന ശത്രുതയാണ് ഇപ്പോള്‍ ഇസ്രായേലുമായി അടുക്കാന്‍ കാരണമായത്. കഴിഞ്ഞ കുറച്ചുകാലമായി പല അറബ് രാജ്യങ്ങളും ഇസ്രായേലുമായി അടുത്തുവരികയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയുടെ ചരിത്രം ഇതോടെ മാറുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു

കരാറില്‍ ഒപ്പിടുമ്പോഴും ഇസ്രായേല്‍ പലസ്തീനെതിരായ ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ ജനതയുടെ ചരിത്രത്തിലെ കറുത്ത ദിവസമാണ് ഇതെന്ന് കരാറിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി മുഹമ്മദ് ഷെത്തെ പറഞ്ഞു. കരാറുകളല്ല, അധിനിവേശ പ്രദേശങ്ങളില്‍നിന്നുളള ഇസ്രായേലിന്റെ പിന്മാാറ്റമാണ് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരികയെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസും പറഞ്ഞു.

അടുത്തുതന്നെ അഞ്ചോ ആറോ രാജ്യങ്ങളും സമാനമായ കരാറുകളില്‍ ഏര്‍പ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേലിന്റെ ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറില്‍ പലസ്തീന്റെ കാര്യം പരാമര്‍ശിക്കുന്നില്ല. അതുപോലെ കരാറിന്റെ നേട്ടമായി നേരത്തെ യു എ ഇ ചൂണ്ടിക്കാട്ടിയത് വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ പിടിച്ചെടുക്കില്ലെന്നതാണ്. ഇക്കാര്യവും കരാറില്‍ പരമാര്‍ശിക്കുന്നില്ലെന്ന് ദി ഗാര്‍ഡിയന് റിപ്പോർട്ട് ചെയ്യുന്നു.

യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി അബുദ്ല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

ആഗസ്റ്റ് 11 നാണ് ഈ രാജ്യങ്ങള്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പിടുന്ന കാര്യം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തുതന്നെ ഇസ്രായേലുമായി കരാറില്‍ ഒപ്പിടുമെന്നാണ് സൂചന. ഇറാന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ഭീഷണിയായി കാണുന്നുവെന്നതാണ് ചരിത്രപരമായ ശത്രുത മാറ്റിവെച്ച് നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇസ്രേയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയമാണ് നേടിയിരിക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു

ആഭ്യന്തരമായി നിരവധി വെല്ലുവിളികള്‍ നേരിടുന്ന നെതന്യാഹുവിന് രാഷ്ട്രീയമായി ഈ കരാര്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അദ്ദേഹത്തിനെതിരെ ഇസ്രായേലില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കോവിഡ് 19 നെ നേരിട്ട രീതിയും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതുപോലെ നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ട്രംപിനും, കാരാറിന്റെ മാധ്യസ്ഥനെന്ന നിലിയില്‍ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

ഇതിന് മുമ്പ് ഇസ്രയേല്‍ ജോര്‍ദ്ദാന്‍ ഇസ്രയേല്‍ എന്നി അറബ് രാജ്യങ്ങുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്.

Next Story

Related Stories