TopTop
Begin typing your search above and press return to search.

തിരിച്ചടി; ഒരാള്‍ക്ക് പ്രതികൂല ഫലമുണ്ടായതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചു

തിരിച്ചടി; ഒരാള്‍ക്ക് പ്രതികൂല ഫലമുണ്ടായതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചു

ഒരു രോഗിയില്‍ പാര്‍ശ്വഫലങ്ങളായി അസുഖം രൂപപ്പെട്ടതിനെ തുടര്‍ന്ന് കോവിഡിനെതിരായി വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു. യു.കെയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനാകയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണ് നിര്‍ത്തിവച്ചത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷണമാണിത്.

ഇത്തരത്തില്‍ അപ്രതീക്ഷിതമായി അസുഖംം വരുന്ന സാഹചര്യത്തില്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത് സാധാരണമാണെന്ന് ആസ്ട്രാസെനാക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. റഷ്യയടക്കം നിരവധി രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ അതില്‍ ഏറ്റവും പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്നതാണ് ഓക്‌സ്‌ഫോര്‍ഡിന്റെ പരീക്ഷണങ്ങള്‍.

വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഈ വാക്‌സിനായിരിക്കും വിപണിയില്‍ ആദ്യമെത്തുക എന്നാണ് കരുതിയിരുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെ, അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 30,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നത്. സാധാരണ ഗതിയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആയിരക്കണക്കിന് ആളുകളില്‍ നടത്തുകയും നിരവധി വര്‍ഷങ്ങള്‍ കൊണ്ട് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ്.

പരീക്ഷണം നടത്തിയ ഒരാള്‍ക്ക് പെട്ടെന്ന് അസുഖം ബാധിച്ചതോടെ എല്ലാ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുമ്പ് വാക്‌സിന്‍ പരീക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്രമായ വിലയിരുത്തല്‍ നടത്തും. രണ്ടാം തവണയാണ് ഓക്‌സ്‌ഫോര്‍ഡിന്റെ കൊറോണ വൈറസ് പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത്. എന്നാല്‍ ഇത് സാധാരണമായി സംഭവിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തെ തുടര്‍ന്നുണ്ടായ അസുഖത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇയാള്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് ബിബിസി ആരോഗ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് മുമ്പായി തനിക്ക് വാക്‌സിന്‍ വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. വാക്‌സിന്‍ പരീക്ഷണത്തിലെ സുരക്ഷ സംബന്ധിച്ചാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ആസ്ട്രാസെനാക ഉള്‍പ്പെടെ ഒമ്പത് സ്ഥാപനങ്ങള്‍ ഇന്നലെ പരീക്ഷണത്തിന്റെ നൈതികതയും ശാസ്ത്രീയ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് തുടര്‍ന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും വിജയകരമായതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷമാദ്യം ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷകള്‍ വളര്‍ന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷണം നടത്തിയ 1077 ശതമാനം ആളുകളില്‍ ഭൂരിഭാഗം പേര്‍ക്കും കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ രൂപപ്പെടുകയും കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്തതാണ് പ്രതീക്ഷകള്‍ വളര്‍ത്തിയത്.

ചൈനയും റഷ്യയും സമാനമായ വിധത്തില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. റഷ്യയിലെ വെക്ടര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories