TopTop
Begin typing your search above and press return to search.

കോവിഡ് മൂലം സബ് സഹാറൻ ആഫ്രിക്കയിലെ എയ്ഡ്സ് മരണം ഇരട്ടിയാകാമെന്ന് യുഎൻ - കാരണമിതാണ്

കോവിഡ് മൂലം സബ് സഹാറൻ ആഫ്രിക്കയിലെ എയ്ഡ്സ് മരണം ഇരട്ടിയാകാമെന്ന് യുഎൻ - കാരണമിതാണ്

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ എച്ച് ഐ വി ബാധിതർക്ക് ആരോഗ്യപരിരക്ഷ നൽകുന്നത് തടസ്സപ്പെട്ടാൽ സബ്-സഹാറൻ ആഫ്രിക്കയിലെ എയ്ഡ്സ് സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ്-19 പാൻഡെമിക് മൂലം ആറ് മാസത്തെ ആന്റി റിട്രോവൈറൽ തെറാപ്പി തടസ്സപ്പെടുന്നത് 2020-21 ൽ ഈ പ്രദേശത്ത് 500,000 ലധികം അധിക മരണങ്ങൾക്ക് കാരണമായേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയും യുഎൻ‌ഐ‌ഡി‌എസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2018 ൽ സബ്- സഹാറൻ ആഫ്രിക്കയിൽ 470,000 ആളുകൾ എയ്ഡ്സ് സംബന്ധമായ അസുഖങ്ങൾ മൂലം മരണപ്പെട്ടിട്ടുണ്ട്. കൊവിഡ്-19 പാൻഡെമിക് മൂലം എച്ച് ഐ വി സേവനങ്ങൾ അടയ്ക്കുകയോ വിതരണ ശൃംഖലകൾ തടസ്സപ്പെടുകയോ ചെയ്‌താല്‍ അതീവ ഗുരുതരമായ സാഹചര്യമാകും വരാന്‍ പോകുന്നത് എന്നാണ് രണ്ടു സുപ്രധാന യു.എന്‍ ബോഡികളും പറയുന്നത്.

എച്ച്‌ഐവി ആരോഗ്യ സേവനങ്ങള്‍ ആറുമാസം തടസ്സപ്പെട്ടാല്‍ 2008 ലേക്ക് തിരികെ പോകേണ്ടിവരുമെന്നാണ് അനുമാനം. അന്ന് 950,000-ലധികം എയ്ഡ്‌സ് സംബന്ധമായ മരണങ്ങൾ ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 'ആഫ്രിക്കയിൽ അരലക്ഷം ആളുകൾ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങളാൽ മരിക്കുമെന്ന ഭയാനകമായ പ്രതീക്ഷ ചരിത്രത്തിലേക്ക് തിരിച്ചു പോകുന്നത് പോലെയാണെന്ന്' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാ സുപ്രധാന ആരോഗ്യ സേവനങ്ങളും നിലനിർത്താനുള്ള വഴികൾ കണ്ടെത്തുന്നതിനുള്ള ഒരു മുന്നറിയിപ്പായാണ് ലോക രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ട് വായിക്കെണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടർന്നുള്ള അഞ്ചുവർവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത് തുടരുമെന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്.


Next Story

Related Stories