TopTop
Begin typing your search above and press return to search.

കോവിഡ് മൃഗങ്ങളിലേക്കും? ആദ്യ കേസ് അമേരിക്കയില്‍, ബ്രോങ്ക്സ് മൃഗശാലയിലെ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് മൃഗങ്ങളിലേക്കും? ആദ്യ കേസ് അമേരിക്കയില്‍, ബ്രോങ്ക്സ് മൃഗശാലയിലെ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂ യോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ്‌ മനുഷ്യരല്ലാത്ത ഒരു ജീവിക്ക് പുതിയ കൊറോണ വൈറസ് ബാധയേല്‍ക്കുന്നത്. നാദിയ എന്നു വിളിപ്പേരുള്ള നാലു വയസ്സുള്ള മലയൻ കടുവക്കും ഒപ്പം രോഗബാധിതരായ മറ്റ് ആറ് കടുവകള്‍ക്കും സിംഹങ്ങള്‍ക്കും ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് അനുമാനിക്കുന്നത്. ഈ ജീവനക്കാരനില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടില്ല എന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

മാർച്ച് 27 മുതലാണ് നാദിയ ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. ഇപ്പോള്‍ എല്ലാ മൃഗങ്ങളുടേയും ആരോഗ്യനില തൃപ്തികരമാണ്. ഉടന്‍തന്നെ എല്ലാവരും പൂര്‍ണ്ണ ആരോഗ്യനില വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൃഗശാല അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ച് 16 മുതൽ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. എന്തായാലും, ഈ കണ്ടെത്തൽ മൃഗങ്ങളിൽ വൈറസ് പകരുന്നതിനെക്കുറിച്ച് പുതിയ ചില ചോദ്യങ്ങൾ ഉയർത്തുന്നു. യുഎസില്‍ ഇതുവരെ വളർത്തുമൃഗങ്ങളിലോ കന്നുകാലികളിലോ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് വെറ്ററിനറി ലാബിൽ നാദിയയുടെ സ്രവം പരിശോധന നടത്തിയ യുഎസ് കാർഷിക വകുപ്പ് പറയുന്നു. ‘മൃഗങ്ങളിലൂടെ ഈ വൈറസ് മനുഷ്യരിലേക്ക് പകരുമെന്നോ, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ വൈറസിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നാണ് എന്നോ പറയാന്‍ മാത്രം തെളിവുകള്‍ ഒന്നും ഇല്ലെന്ന്’ മൃഗ ഡോക്ടറും യുഎസ് കാർഷിക വകുപ്പ് മേധാവിയുമായ ഡോ. ജെയ്ൻ റൂണി പറഞ്ഞു. മൃഗശാലയിലുള്ള മൃഗങ്ങളില്‍ എല്ലാം കൊവിഡ് പരിശോധന നടത്തണമെന്നോ, എല്ലാ ജീവനക്കാരേയും പരിശോധിക്കണം എന്നോ ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് കാർഷിക വകുപ്പ് അറിയിച്ചു. എന്നിട്ടും, രാജ്യത്തുടനീളം ഉള്ള പല മൃഗങ്ങളുടേയും സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചിട്ടുണ്ട്. അതില്‍ നാദിയ-യുടെത് മാത്രമാണ് പോസിറ്റീവ് ആയത്. ബാക്കിയെല്ലാം നെഗറ്റീവ് ആയിരുന്നു എന്നും ഡോ. ജെയ്ൻ റൂണി വ്യക്തമാക്കി.


Next Story

Related Stories