TopTop
Begin typing your search above and press return to search.

നീണ്ട മൗനം അവസാനിപ്പിച്ച് ചൈന; അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പിനെ മാനിക്കുന്നു, ബൈഡനും കമലയ്ക്കും അഭിനന്ദനം

നീണ്ട മൗനം അവസാനിപ്പിച്ച് ചൈന; അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പിനെ മാനിക്കുന്നു, ബൈഡനും കമലയ്ക്കും അഭിനന്ദനം

ഒടുവില്‍, നീണ്ടുനിന്ന മൗനം ചൈന അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസിനും ചൈനയുടെ അഭിനന്ദനം. അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിക്കുന്നു. ബൈഡന്‍, മിസ് ഹാരിസ് എന്നിവരെ ഞങ്ങള്‍ അഭിനന്ദിക്കുന്നു- ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ വ്യാഴാഴ്ച പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ഫലം അവിടത്തെ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായാണ് നിര്‍ണയിക്കപ്പെടുന്നതെന്ന കാര്യം മനസിലാക്കുന്നതായും വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ മൂന്നിന് നടന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ലോകനേതാക്കള്‍ ബൈഡനും കമലയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ബൈഡന്‍ വിജയിച്ചതായുള്ള പ്രഖ്യാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം.

അത്രത്തോളം സുഖകരമല്ലായിരുന്ന യുഎസ്-ചൈന ബന്ധം ട്രംപ് ഭരണത്തിന്റെ അവസാന നാളുകളില്‍ കൂടുതല്‍ വഷളായിരുന്നു. വ്യാപാരയുദ്ധത്തിനൊപ്പം കോവിഡിനെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളും ദക്ഷിണ ചൈന കടലിടുക്കിലെ സൈനിക വിന്യാസം ഉള്‍പ്പെടെ കാര്യങ്ങളിലും ഇരു രാജ്യങ്ങളും നിലപാട് കടുപ്പിച്ചിരുന്നു. ചൈനീസ് കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കുമൊക്കെ ഉപരോധം ഏര്‍പ്പെടുത്തുന്ന തരത്തിലേക്ക് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായി. തിരഞ്ഞെടുപ്പിലും ചൈനീസ് വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ട്രംപ് വോട്ട് തേടിയത്. ബൈഡന്‍ ചൈനയുടെ ആളാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ചൈനയോടുള്ള ബൈഡന്റെ മൃദുനയങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ആരോപണങ്ങള്‍. എന്നാല്‍ ട്രംപിന് അടിതെറ്റുകയും ബൈഡന്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും ചൈന പ്രതികരിക്കാതിരുന്നത് ലോകമാകെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും യുഎസ് തിരഞ്ഞെടുപ്പില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. നാലു വര്‍ഷം മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച ആദ്യ വ്യക്തികളില്‍ ഒരാളായിരുന്നു റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാല്‍ ഇക്കുറി ഫോണ്‍വിളിയോ ട്വീറ്റോ പോലും ഉണ്ടായിട്ടില്ല. അന്തിമ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുക എന്നതാണ് ശരിയായ കാര്യമെന്ന് വിശ്വസിക്കുന്നതായാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ട്രംപിനോടുള്ള അടുപ്പമുള്ളയാളാണ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സോനാരോ. മാത്രമല്ല, ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കാന്‍ ബ്രസീലിനുമേല്‍ സമര്‍ദ്ദം ചെലുത്തണമെന്ന ബൈഡന്റെ ചില പരാമര്‍ശങ്ങള്‍ ബോല്‍സോനാരോയെ ചൊടിപ്പിച്ചിരുന്നു. അതിനാല്‍ അഭിന്ദനനം വൈകുന്നതില്‍ അതിശയമില്ലെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായോ? ഫലം വന്നോ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


Next Story

Related Stories