TopTop
Begin typing your search above and press return to search.

കുടിയേറ്റ നിരോധനം യുസ് പൗരൻമാരുടെ തൊഴിൽ‌ സംരക്ഷിക്കാനെന്ന് ട്രംപ്, ശൈത്യകാലത്ത് രൂക്ഷമായ കോവിഡ് ബാധയെ നേരിടേണ്ടി വന്നേക്കുമെന്ന് വിദഗ്ദർ

കുടിയേറ്റ നിരോധനം യുസ് പൗരൻമാരുടെ തൊഴിൽ‌ സംരക്ഷിക്കാനെന്ന് ട്രംപ്, ശൈത്യകാലത്ത് രൂക്ഷമായ കോവിഡ് ബാധയെ നേരിടേണ്ടി വന്നേക്കുമെന്ന് വിദഗ്ദർ

കോവിഡ് രോഗബാധ കടുത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന യുഎസിൽ വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. കോവിഡ് മരണങ്ങൾ ഇതിനോടകം 45,000 പിന്നിടുകയും രോഗ ബാധിതരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒരു രണ്ടാം ഘട്ടത്തെ കുറിച്ച് സെന്റർ ഫോർ ഡീസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുന്നറിയിപ്പ് നൽകുന്നത്. അടുത്ത ശൈത്യകാലത്തോടൊപ്പം രോഗ ബാധയെത്തിയാൽ വലിയ വില നിൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത ശൈത്യകാലത്ത് കോവിഡ് രോഗ ബാധ വീണ്ടും പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പതിവ് പനിക്കാലമായ ഈ സമയത്ത് രോഗം വീണ്ടും വ്യാപിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ കരുതുന്നതിലും ദുഷ്കരമായേക്കും എന്നാണ് സിഡിസി ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് നൽകുന്ന മുന്നറിയിപ്പ്. വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. എന്നാൽ ഇക്കാര്യത്തിൽ താൻ നൽ‌കിയ മുന്നറിയിപ്പ് അധികൃതർ ഇതുവരെ പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഒരേ സമയം പനി ബാധയും കൊറോണ വൈറസ് പകർച്ചവ്യാധിയും ഉണ്ടാകാൻ പോകുന്നു, എന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ സംബന്ധമായ രണ്ട് അസുഖങ്ങൾ ഒരേ സമയം പ‍ടര്‍ന്ന് പിടിക്കുന്നത് ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഊഹിക്കാനാകാത്തവിധം ബുദ്ധിമുട്ട് സൃഷ്ടിക്കും. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ന്റെ ആദ്യ തരംഗം ഇതിനകം രാജ്യത്തുടനീളം 42,000 ത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട്. ഇത് ആശുപത്രികളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ടെസ്റ്റ് കിറ്റുകൾ, വെന്റിലേറ്ററുകൾ, ആരോഗ്യ പരിപാലന തൊഴിലാളികൾക്കുള്ള സംരക്ഷണ ഉപകരണങ്ങൾ എന്നിവയിലെ അപര്യാപ്തത വെളിപ്പെടുത്തുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്കുള്ള കുടിയേറ്റം തടയാനുള്ള ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ യുഎൻ രംഗത്തെത്തി. രാജ്യത്തേക്കുള്ള കുടിയേറ്റം 60 ദിവസത്തേക്ക് നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഉടൻ ഒപ്പുവെക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎൻ പ്രതികരണം. ദിവസേനയുള്ള കൊറോണ വൈറസ് ബ്രീഫിംഗിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. രാജ്യത്ത് തുടരാൻ ഗ്രീൻ കാർഡുകൾ ആഗ്രഹിക്കുന്നവർക്ക് പുതിയ നയം ബാധകമാകും. എന്നാല്‍ താൽക്കാലിക വിസ ഉടമകളെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്കൻ പൗരൻമാരുടെ തൊഴിൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ചുമാണ് കുടിയേറ്റം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ പോകുന്നതെന്നണ് ട്രംപ് വ്യക്തമാക്കുന്നത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഒരു നടപടി ആവശ്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ‌ ട്രംപിന്റെ ട്വീറ്റിന് പുറത്ത് മറ്റ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വൈറ്റ്‌ഹൗസ് വിഷയത്തിൽ നൽകുന്നില്ല. പ്രഖ്യാപനം കോവിഡ് പ്രതിരോധത്തിലെ ഭരണ കൂടത്തിന്റെ പിഴവുകളിൽ നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റ് നേതാക്കളുടെ ആരോപണം.


Next Story

Related Stories