TopTop
Begin typing your search above and press return to search.

അഫ്ഗാൻ യുദ്ധത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊണ്ടിരുന്നത് നുണ - രഹസ്യരേഖകള്‍ പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്

അഫ്ഗാൻ യുദ്ധത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊണ്ടിരുന്നത് നുണ - രഹസ്യരേഖകള്‍ പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്

അഫ്ഗാനിസ്താന്‍ യുദ്ധത്തെക്കുറിച്ച് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് നുണയാണ് എന്ന് രഹസ്യരേഖകള്‍. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക നടപടിയാണ് അഫ്ഗാനിസ്താനിലേത്. യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയിട്ട് 18 വര്‍ഷമാകുന്നു. 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ ഗവണ്‍മെന്റിനെതിരെ അമേരിക്ക സൈനിക നടപടി ആരംഭിച്ചത്. യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്ന സൈനിക ജനറലുകളും നയതന്ത്ര ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും അഫ്ഗാനിസ്താനിലെ ഉദ്യോഗസ്ഥരും അടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കുറിപ്പുകളാണ് 2000 പേജിലധികം വരുന്ന റിപ്പോര്‍ട്ടിലുള്ളത്.

ഫെഡറല്‍ പ്രോജക്ടിനായി ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരുടെ ഐഡന്റിന്റി യുഎസ് ഗവണ്‍മെന്റ് മറച്ചുവയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് വാഷിംഗ്ടണ്‍ പോസ്റ്റിന് ഈ വിവരങ്ങള്‍ ലഭ്യമായത്. അഫഗാന്‍ നയവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങളാണ് നാനൂറിലധികം പേര്‍ ഉന്നയിക്കുന്നത്. എന്താണ് ചെയ്യുന്നത് എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല എന്ന് ത്രീ സ്റ്റാര്‍ ആര്‍മി ജനറല്‍ ആയിരുന്ന ഡഗ്ലസ് ല്യൂട്ട് പറയുന്നു. ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റേയും ബറാക് ഒബാമയുടേയും കാലത്ത് അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിച്ചയാളാണ് ഡഗ്ലസ് ല്യൂട്ട്.

2400 സൈനികര്‍ കൊല്ലപ്പെട്ടു. ബുഷിന്റേയും ഒബാമയുടേയും ട്രംപിന്റേയും ഭരണകാലത്ത് അഫ്ഗാനിസ്താന്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടാതെ പോയത് എന്ന് സൈനികര്‍ പറയുന്നു. 2001 മുതല്‍ ഇതുവരെ യുഎസ് പ്രതിരോധ, വിദേശകാര്യ വകുപ്പുകളും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും 934 ബില്യണ്‍ ഡോളറിനും 978 ബില്യണ്‍ ഡോളറിനും ഇടയ്ക്കുള്ള തുകയാണ് ഇവിടെ ചിലവഴിച്ചത്. അഫ്ഗാനിസ്താനിൽ യുഎസ് സൈനിക നടപടി പുരോഗതി കൈവരിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അത് സംഭവിച്ചിരുന്നില്ല. അമേരിക്കയ്ക്ക് ഇനി അഫ്ഗാനിസ്താനിലെ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് സൈനികരെ പൂർണമായും പടിപടിയായി തിരിച്ചുവിളിക്കുന്നത് സൂചിപ്പിച്ച് പ്രസിഡൻ്റ് ഒബാമ പറഞ്ഞിരുന്നു. എന്നാൽ ഒബാമയ്ക്ക് ശേഷം ട്രംപും സൈനികരെ തിരിച്ചുവിളിക്കുന്ന കാര്യം പറയുമ്പോളും യുഎസിൻ്റെ അഫ്ഗാൻ യുദ്ധം തുടരുകയാണ്.

അഫ്ഗാന്‍ യുദ്ധത്തിന്റെ പുരോഗതി സംബന്ധിച്ച് പ്രസിഡന്റുമാര്‍, മിലിട്ടറി കമാന്റര്‍മാര്‍ തുടങ്ങിയവര്‍ പറഞ്ഞുകൊണ്ടിരുന്നത് വാസ്തവവിരുദ്ധമായി കാര്യങ്ങളാണ്. അതേസമയം വിമര്‍ശനങ്ങള്‍ ഉന്നയിച്ച 90ഓളം പേരുടെ ഇന്റര്‍വ്യൂകള്‍ നീക്കം ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താന്‍ യുഎസ് ആദ്യ വിജയത്തിലാണ് എന്നാണ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് 2002 ഏപ്രില്‍ 17ന് പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് സൈനിക ജനറല്‍മാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ച മെമ്മോയില്‍ കാണുന്നത്.


Next Story

Related Stories