TopTop
Begin typing your search above and press return to search.

മൂന്ന് ദിവസത്തിനകം ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടയ്ക്കണം - ചൈനയോട് യുഎസ്

മൂന്ന് ദിവസത്തിനകം ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടയ്ക്കണം - ചൈനയോട് യുഎസ്

ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള കോണ്‍സുലേറ്റ് അടയ്ക്കാന്‍ യുഎസ് ആവശ്യപ്പെട്ടതായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായിരിക്കുന്നതിന് ഇടയിലാണ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപ് ഗവണ്‍മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ കോണ്‍സുലേറ്റ് കോംപൗണ്ടില്‍ നിന്ന് പുക ഉയര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ചാനലയായ കെപിആര്‍സി ടിവിയുടെ വീഡിയോ വന്നിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ രേഖകള്‍ കത്തിച്ചതിന്റെയാണിത് എന്നാണ് സൂചന. 72 മണിക്കൂറിനുള്ളിൽ (മൂന്ന് ദിവസം) കോൺസുലേറ്റ് കെട്ടിടം ഒഴിയാനാണ് യുഎസ് ഗവൺമെന്റ് ചൈനീസ് നയതന്ത്രപ്രതിനിധികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍സുലേറ്റ് കെട്ടിടത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൂസ്റ്റണ്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ചൈനയുടെ അധികാരപരിധിയിലുള്ള സ്ഥലമായതിനാല്‍ ഇവിടേയ്ക്ക് പ്രവേശിച്ചില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ട്രംപ് ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. ചൈനീസ് നയതന്ത്രപ്രതിനിധികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൈനീസ് മാധ്യമസ്ഥാപനങ്ങൾ നയതന്ത്ര സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്.

കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ യുഎസ്സിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ആവശ്യമായ നടപടി ചൈന കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പകരം ചൈനയിലെ ഒരു യുഎസ് കോണ്‍സുലേറ്റെങ്കിലും അടപ്പിക്കും. അസാധാരണവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായതുമാണ് യുഎസ്സിന്റെ നടപടിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.

യുഎസ് ഗവണ്‍മെന്റ് കുറച്ചുകാലമായി ചൈനയെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ കോണ്‍സുലാര്‍ സ്റ്റാഫിനെ പീഡിപ്പിക്കുകയും ചെയ്യുകയാണ്. ചൈനീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും ഉപദ്രവിക്കുന്നു. അവരുടെ പേഴ്‌സണല്‍ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയാണ്. ഒരു കാര്യവുമില്ലാതെ തടവില്‍ വയ്ക്കുന്നു - ചൈനീസ് വക്താവ് ആരോപിച്ചു. ചൈനയ്ക്ക് വാഷിംഗ്ടണിലെ എംബസിക്ക് പുറമെ ഹൂസ്റ്റണിലേതടക്കം അഞ്ച് കോണ്‍സുലേറ്റുകളാണ് യുഎസ്സിലുള്ളത് - ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളുണ്ട്. ടെക്‌സാസ് മുതല്‍ ഫ്‌ളോറിഡ വരെയുള്ള യുഎസ്സിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൈനീസ് കാര്യങ്ങള്‍ നോക്കുന്നത് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ആണ്. മൂന്ന് ദിവസത്തിനകം കോണ്‍സുലേറ്റ് അടയ്ക്കാനുള്ള നിര്‍ദ്ദേശം അന്യായമാണെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു സിജിന്‍ പറഞ്ഞു. ഇതിലൂടെ ഭീരുത്വമാണ് അവര്‍ കാണിക്കുന്നത്. വീബോയിലെ പോസ്റ്റില്‍ ഹൂ സിജിന്‍ പറഞ്ഞു.

2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് അടയ്ക്കാന്‍ റഷ്യയോട് യുഎസ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. മോസ്‌കോയിലെ യുഎസ് എംബസിയിലെ ഡിപ്ലോമാറ്റുകളുടെ എണ്ണം കുറച്ചതിന് മറുപടിയായിട്ടായിരുന്നു നടപടി.


Next Story

Related Stories