TopTop
Begin typing your search above and press return to search.

US ELECTION 2020: പ്രസിഡന്റ് സംവാദത്തിൽ ഇന്ത്യയെ വിമർശിച്ച് ട്രംപ്, ലോകത്തെ ഏറ്റവും മലിനമായ വായു ഉള്ള രാജ്യങ്ങളിലൊന്ന് എന്ന് പരിഹാസം

US ELECTION 2020: പ്രസിഡന്റ് സംവാദത്തിൽ ഇന്ത്യയെ വിമർശിച്ച് ട്രംപ്,  ലോകത്തെ ഏറ്റവും മലിനമായ വായു ഉള്ള രാജ്യങ്ങളിലൊന്ന് എന്ന് പരിഹാസം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ടെലിവിഷന്‍ സംവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു ട്രംപ് ഇന്ത്യയെയും വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും മലിനമായ വായു ഉള്ള സ്ഥലങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നായരുന്നു ട്രംപിന്റെ പരാമര്‍ശം.

സംവാദത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തിലായിരുന്നു ട്രംപ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ, ഇന്ത്യ ഏറ്റവും മലിനമായ വായുവാണ് ഇവിടങ്ങളിലുള്ളത്. എന്നായിരുന്നു പരാമര്‍ശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്‍മാറുന്ന തീരുമാനം എടുത്തതിനുള്ള വാദങ്ങള്‍ നിരത്തുകയായിരുന്നു ട്രംപ്.

ട്രില്ല്യണ്‍ കണക്കിന് ഡോളറായിരുന്നു കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ അനാവശ്യമായി യുഎസ് ചിലവഴിച്ചിരുന്നത്. ഇതിന്റെ പേരിലാണ് പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. പാരിസ് ഉടമ്പടിയുടെ പേരില്‍ നിരവധി കമ്പനികള്‍, ദശലക്ഷ കണക്കിന് തൊഴിലവസരങ്ങള്‍ എന്നിവ വേണ്ടെന്ന് വയ്ക്കുന്നത് ശരിയായ രീതിയായിരുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞ വര്‍ഷമാണ് ട്രംപ് തീരുമാനമെടുത്തത്. നവംബര്‍ നാലോടെ കരാറില്‍ നിന്നുമുള്ള യുഎസിന്റെ പിന്‍മാറ്റം പൂര്‍ണമാവാനിരിക്കെയാണ് തീരുമാനം ന്യായീകരിച്ച് ട്രംപ് വീണ്ടും രംഗത്ത് എത്തുന്നത്.

എന്നാല്‍, വരും കാലത്ത് മനുഷ്യരാശി നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആഗോള താപനമെന്നായിരുന്നു ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ പ്രതികരണം. ആഗോള താപനത്തെ ചെറുക്കാന്‍ യുഎസിന് ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്. നാലുവര്‍ഷം കൂടി ഈ മനുഷ്യന് (ട്രംപിന്) ലഭിച്ചാല്‍ യുഎസിനെ വലിയ കുഴപ്പത്തില്‍ ചെന്നെത്തിക്കുമെന്നായിരുന്നു പരാമര്‍ശങ്ങള്‍ക്ക് ബൈഡന്‍ നല്‍കിയ മറുപടി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു സ്ഥാനര്‍ത്ഥികളുടെ രണ്ടാം ടെലിവിഷന്‍ സംവാദവും ആരംഭിച്ചത്. ആഴ്ചകള്‍ക്കകം, ഈ വര്‍ഷം അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിന്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപ് സംവാദത്തില്‍ വ്യക്തമാക്കി.

എന്നാല്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ട്രംപിന് യാതൊരു പദ്ധതിയുമില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കുറ്റപ്പെടുത്തി. കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നത്. യുഎസിലെ കോവിഡ് മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് പ്രസ്ഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബൈഡന്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിന് രാജ്യത്തെല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധ ഗുരുതരമാണെന്ന് പറയാന്‍ ട്രംപ് ഒരുക്കമല്ലെന്നും ബൈഡന്‍ പ്രതികരിച്ചു.

എന്നാല്‍, യുഎസ് ഒരു അടച്ചിടലിലേക്ക് പോവില്ലെന്ന് വ്യക്തമാക്കുന്ന ട്രംപ് ബൈഡനെ പോലെ ബേസ്മെന്റില്‍ ഒളിച്ചിരിക്കാന്‍ തയ്യാറല്ലെന്നും തിരിച്ചടിച്ചു.

കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സംവാദം പുരോഗമിക്കുന്നത്. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ കൂടിയാല്‍ മൈക്ക് ഓഫ് ചെയ്ത് നിയന്ത്രിക്കാനാണ് കമ്മീഷന്റെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ഇതുവരെയുള്ള അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും പ്രസിഡന്റുമായ ട്രംപ് പിന്നിലാണ്. വളരെ ചെറിയ ശതമാനം വോട്ടെനെങ്കിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍ അഭിപ്രായ സര്‍വ്വേയില്‍ മുന്നേറുകയും ചെയ്യുന്നുണ്ട്.


Next Story

Related Stories