TopTop
Begin typing your search above and press return to search.

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: കർഫ്യു ലംഘിച്ചും പ്രതിഷേധം, വിറച്ച് യുഎസ്, പ്രക്ഷോഭകരുടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നു

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: കർഫ്യു ലംഘിച്ചും പ്രതിഷേധം, വിറച്ച് യുഎസ്, പ്രക്ഷോഭകരുടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നു

കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചു കൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം യു.എസില്‍ കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആളുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് (ഡിഇഎ) പുതിയ അധികാരം നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ നീതിന്യായ വകുപ്പ് വിസമ്മതിച്ചു.

സാധാരണഗതിയിൽ മയക്കുമരുന്ന് സംബന്ധമായ ഫെഡറൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ഡിഇഎ-യുടെ അന്വേഷണ പരിധിയില്‍ വരാറുള്ളത്. എന്നാല്‍, അതിനപ്പുറമുള്ള നിയമ നിര്‍വ്വഹണം ഉറപ്പാക്കാനും ഏജന്‍സിയോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രതിഷേധത്തെ നേരിടുന്നതില്‍ മുട്ടു വിറയ്ക്കുന്ന ട്രംപ് ഭരണകൂടം അധികാര ദുര്‍വ്വിനിയോഗത്തിലൂടെ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നു. ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. നൂറ്റമ്പതോളം നഗരങ്ങളിൽ വൻപ്രതിഷേധം തുടരുന്നു. ആറ്‌ സംസ്ഥാനത്തിലും 13 പ്രധാന നഗരത്തിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്‌.

ടെക്സസിലെ ഫോർട്ട് വർത്തിലും, ന്യൂയോർക്കിലും, മാൻഹട്ടനിലുമെല്ലാം ജനങ്ങള്‍ കർഫ്യൂ ലംഘിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നൂറുകണക്കിന് ആളുകളാണ് തെരുവില്‍ തുടരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പട്ടാളത്തെ നിയോഗിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2001 മുതൽ 2011 വരെ രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക ഓഫീസറായി സേവനമനുഷ്ഠിച്ച ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് മുൻ ചെയർമാൻ മൈക്ക് മുള്ളൻ അടക്കമുള്ള പ്രമുഖര്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.

സിയാറ്റിലിൽ മേയർ ജെന്നി ദുർക്കൻ പ്രതിഷേധക്കാരുമായി സംസാരിക്കുകയും മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ പദ്ധതി തയ്യാറാക്കാൻ നാളെ ഉച്ചതിരിഞ്ഞ് സംഘാടകരെ കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പോലീസ് മേധാവി കാർമെൻ ബെസ്റ്റും പ്രതിഷേധക്കാരോട് സംസാരിച്ചു. എന്നാല്‍, സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന തരത്തിലുള്ള പോലീസിന്റെ ഇടപെടലുകള്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ അസ്വസ്ഥരാണ്.

ജോർജ്‌ ഫ്‌ളോയിഡിന്‍റെ കൊലപാതകത്തില്‍ താനും മുൻ പ്രഥമ വനിത ലോറ ബുഷും അതീവ ദുഖിതരാണെന്നും നമ്മുടെ രാജ്യത്തെ ശ്വാസം മുട്ടിക്കുന്ന അനീതിയും ഭയവും മൂലം അസ്വസ്ഥരാണെന്നും മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ 'പ്രഭാഷണം നടത്താന്‍ പറ്റിയ നേരമല്ല' എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകിയായ പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​റെ​ക് ചൗ​വി​നെ​തി​രെ കൊ​ല​പാ​ത​കം, ന​ര​ഹ​ത്യ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി അറസ്റ്റ് ചെയ്തിരുന്നു. ജോർജ് ഫ്ളോയിഡിന്റേത് കൊലപാതകമെന്ന ഔദ്യോ​ഗിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. കഴുത്ത് ഞെരിഞ്ഞമർന്നതാണ് മരണകാരണം.

അതേസമയം, ആംസ്റ്റർഡാമിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ നഗരമായ പെർത്തിലും യു.എസിലെ പോലീസ് ക്രൂരതയ്‌ക്കെതിരെ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു. ലണ്ടൻ, ഡബ്ലിൻ, ബെർലിൻ, മിലാൻ, ടൊറന്റോ, റിയോ ഡി ജനീറോ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, സെന്‍ട്രല്‍ കൊല്‍ക്കത്തിയിലും ട്രംപിന്റെ കോലം കത്തിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.


Next Story

Related Stories