TopTop
Begin typing your search above and press return to search.

വുഹാൻ വൈറസ് ലാബിനെക്കുറിച്ചുള്ള ആശങ്ക 2018ൽ ചൈനയിലെ യുഎസ് എംബസി വിദേശകാര്യ വകുപ്പിനെ അറിയിച്ചിരുന്നു - സന്ദേശം പുറത്ത്

വുഹാൻ വൈറസ് ലാബിനെക്കുറിച്ചുള്ള ആശങ്ക 2018ൽ ചൈനയിലെ യുഎസ് എംബസി വിദേശകാര്യ വകുപ്പിനെ അറിയിച്ചിരുന്നു - സന്ദേശം പുറത്ത്

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ലാബിനെക്കുറിച്ചുള്ള ആശങ്ക ബീജിങ്ങിലെ യുഎസ് എംബസി 2018ല്‍ വിദേശകാര്യ വകുപ്പിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെക്കുറിച്ചാണ് യുഎസ് എംബസി ആശങ്ക പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച ഇന്റേണല്‍ കേബിള്‍ സന്ദേശം സംബന്ധിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതിയായ പരിശീലനം ലഭിച്ചവരുടെ അഭാവം വുഹാന്‍ വൈറസ് ലാബിലുണ്ടെന്ന് വിദേശകാര്യ വകുപ്പിന് എംബസി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലാബില്‍ നിന്നാണ് കൊറോ വൈറസ് വന്നത് എന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിക്കാനിടയാക്കിയതും എംബസിയുടെ ഈ റിപ്പോര്‍ട്ടാണ്. തനിക്ക് ഉന്നതവൃത്തങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പറയാനാകില്ലെന്നും മേയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് വന്നത് എന്ന ആരോപണം ചൈന നിഷേധിച്ചിരുന്നു.

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം രേഖകള്‍ ആവശ്യപ്പെട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് കേസുമായി രംഗത്തുവന്നതോടെയാണ് എംബസിയുടെ കേബിള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടുതലായി പുറത്തുവന്നത്. നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വിദേശകാര്യ വകുപ്പ് നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിലാണ് വാഷിംഗ്ടണ്‍ പോസ്റ്റ് കേസ് ഫയല്‍ ചെയ്തത്. കേബിള്‍ റിപ്പോര്‍ട്ട് മുഴുവനായി പരിശോധിച്ചപ്പോള്‍ അത് ലാബില്‍ നിന്നുള്ള ചോര്‍ച്ചയാണ് വൈറസ് പടരാനിടയാക്കിയത് എന്ന് സ്ഥാപിക്കുന്നതായി കാണുന്നില്ല എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അതേസമയം ഇതിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് നൊബേൽ ജേതാവായ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക്ക് മൊണ്ടാഗ്നിയർ അടക്കമുള്ളവർ ആരോപിച്ചിരുന്നു. അതേസമയം വുഹാൻ ലാബിൽ പഠനവിധേയമാക്കിയിരുന്ന വവ്വാലുകളിലെ സാർസ് കൊറോണ വൈറസ്സുമായി കോവിഡ് 19നുള്ള വ്യത്യാസങ്ങൾ ഗൂഢാലോചന സിദ്ധാങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ഒരു വിഭാഗം ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു.

2018ൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിച്ച യുഎസ് ഉദ്യോഗസ്ഥരാണ് മതിയ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് റിപ്പോർട്ട് നൽകിയത്. പരിശീലനം ലഭിച്ച സാങ്കേതികവിദഗ്ധരുടേയും ഗവേഷകരുടെ കുറവ് ലാബിന്റെ സുരക്ഷിതമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണെന്ന് യുഎസ് എംബസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വവ്വാലുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സാര്‍സ് കൊറോണ വൈറസുകളെ സംബന്ധിച്ച് വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നുണ്ടെന്നും എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന തരം സാര്‍സ് കൊറോണ വൈറസുകളെ സംബന്ധിച്ച് പഠിക്കുന്നതിന് ഇവര്‍ക്ക് അനുമതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈറസിനെ മനപ്പൂര്‍വം പുറത്തുവിട്ടു എന്ന് സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ഇതിലില്ലെന്ന് യുഎസ്സിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്മ്യൂണിറ്റി ഡയറക്ടര്‍ ഇയാന്‍ ലിപ്കിന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. യാതൊരു തെളിവുമില്ലാതെ വെറുതെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇയാൻ ലിപ്കിൻ പറഞ്ഞു. സാങ്കേതിക വിദഗ്ധരുടെ കുറവ് ലോകത്തെല്ലായിടത്തുമുള്ള ലാബുകളിലുണ്ട്. ഇതുകൊണ്ട് കേബിളിലെ വിമര്‍ശനം കാര്യമായി എടുക്കാനാവില്ല - കോമണ്ഡവെല്‍ത്ത് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ഹെല്‍ത്ത് ആന്‍ഡ് ബയോസെക്യൂരിറ്റി ഡയറക്ടറായ റോബ് ഗ്രെന്‍ഫാള്‍ പറഞ്ഞു.

വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് വന്നതെന്നും ഇതിന് തെളിവുണ്ടെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ചൈന സുതാര്യത കാണിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടിരുന്നു. ചൈന സാമ്പിളുകള്‍ നശിപ്പിച്ചു. വൈറസ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്ന മാധ്യമപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കി - പോംപിയോ ആരോപിച്ചു. അതേസമയം വുഹാന്‍ ലാബില്‍ നിന്ന് വൈറസ് വന്നു എന്നതിനെ പിന്തുണക്കുകയോ തള്ളിക്കളയുകയോ ചെയ്യാതിരിക്കുകയാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ചെയ്തത്. വൈറസ് വുഹാന്‍ ലാബില്‍ നിന്ന് വന്നു എന്ന സിദ്ധാന്തത്തെ പിന്തുണക്കാന്‍ യുഎസ് ചാര സംഘടനയോടും ഇന്റലിജന്‍സ് ഏജന്‍സികളോടും ട്രംപ് ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎസ് എംബസിയുടെ ഫുള്‍ കേബിള്‍, ലാബ് വൈറസ് തിയറിയെ ശരിവക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല എന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഡയറക്ടര്‍ ആയ ടോം ഇംഗിള്‍സ്ബി പറഞ്ഞത്. 2018 ജനുവരിയിലെ ഈ റിപ്പോര്‍ട്ട് ആരും കാര്യമാക്കേണ്ട ആവശ്യമില്ലെന്നും ഇംഗിള്‍സ്ബി അഭിപ്രായപ്പെട്ടു. വൈറസ് ബോധപൂര്‍വം പടര്‍ത്തിയതാണെന്നും കരുതുന്നില്ലെന്നും സ്വാഭാവിക സ്രോതസ്സുകളില്‍ നിന്നാണ് ഇത് വന്നതെന്നാണ് കരുതുന്നതെന്നും ഇംഗിള്‍സ്ബി പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ശേഷം ചൈനീസ് പൊതുജനാരോഗ്യ വിദഗ്ധര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് താന്‍ കരുതുന്നതെന്നും ടോം ഇംഗിള്‍സ്ബി പറഞ്ഞു.


Next Story

Related Stories