TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാം; കൂടുതല്‍ അന്വേഷണം വേണമെന്ന് യുഎസ്

കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാം; കൂടുതല്‍ അന്വേഷണം വേണമെന്ന് യുഎസ്

ലോകമാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചോര്‍ന്നതാകാമെന്ന് യുഎസ് പഠന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ നാഷണല്‍ ലാബോറട്ടറി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്.

2020 മെയിലാണ് നാഷണല്‍ ലബോറട്ടറി കൊറോണ വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ച് പഠനം ആരംഭിച്ചത്. വൈറസിന്റെ ജീനുകളെയാണ് പഠനവിധേയമാക്കിയത്. വൈറസിന്റെ പകര്‍ച്ചവ്യാധി സ്വഭാവം ഉള്‍പ്പെടെ പഠനവിധേയമാക്കിയാണ് നാഷണല്‍ ലാബോറട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് രണ്ട് സാധ്യതകളാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുവെച്ചിരുന്നത്. വൈറസ് വുഹാനിലെ ലാബില്‍നിന്ന് ചോര്‍ന്നതാകാം അല്ലെങ്കില്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാകാം എന്നിങ്ങനെ സാധ്യതകളാണ് അവര്‍ മുന്നോട്ടുവെച്ചത്. വൈറസ് വുഹാന്‍ ലാബില്‍നിന്ന് പുറത്തുവന്നതെന്ന ആരോപണമാണ് ട്രംപ് ഉള്‍പ്പെടെ നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.

പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ചൈന കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുമുമ്പ് 2019 നവംബറില്‍ വുഹാന്‍ ലാബിലെ ഏതാനും ജീവനക്കാര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറാകണമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്. കൊറോണ വൈറസ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണെന്നാണ് ചൈനയുടെ വിശദീകരണം. അതേസമയം, ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ചൈനയെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.


Next Story

Related Stories