TopTop

പലസ്തീനിലെ ഇസ്രയേലി വാസസ്ഥലങ്ങള്‍ നിയമവിരുദ്ധമല്ല എന്ന് യുഎസ്; അന്താരാഷ്ട്ര നിയമ ലംഘനത്തിൽ വ്യക്തമായ നിലപാട് മാറ്റം

പലസ്തീനിലെ ഇസ്രയേലി വാസസ്ഥലങ്ങള്‍ നിയമവിരുദ്ധമല്ല എന്ന് യുഎസ്; അന്താരാഷ്ട്ര നിയമ ലംഘനത്തിൽ വ്യക്തമായ നിലപാട് മാറ്റം

പലസ്തീനിലെ ഭൂമി കയ്യേറി ഇസ്രയേല്‍ അനധികൃതമായി നിര്‍മ്മിച്ച വാസസ്ഥലങ്ങളേയും കയ്യേറ്റത്തേയും നിയമവിരുദ്ധമായി കാണേണ്ടതില്ല എന്ന് യുഎസ്. അന്താരാഷ്ട്ര നിയമത്തിനും യുഎസ് നയത്തിനും മിക്കവാറും എല്ലാ യുഎസ് സഖ്യകക്ഷികളും പിന്തുടര്‍ന്നുവരുന്ന നയത്തിനുമെല്ലാം വിരുദ്ധമായ മാറ്റമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചത്. സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ് എന്ന നിലപാട് സമാധാനപ്രക്രിയയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെന്ന് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഭൂമി കയ്യേറി ഇസ്രയേൽ നിർമ്മിച്ച വാസസസ്ഥലങ്ങൾ അന്താരാഷ്ട്ര നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ് എന്ന് 2016ലെ യുഎൻ രക്ഷാസമിതി പ്രമേയം വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സംഘര്‍ഷത്തിന് (ഇസ്രയേല്‍ - പലസ്തീന്‍) ഒരിക്കലും നിയമപരമായ പരിഹാരം കണ്ടെത്താന്‍ കഴിയില്ല എന്നതാണ് സത്യം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് അന്താരാഷ്ട്ര നിയമപ്രകാരം പരിശോധിക്കുന്നത് സമാധാനമുണ്ടാക്കില്ല എന്നും മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. സെറ്റില്‍മെന്റുകളുടെ നിയമസാധുത ഇസ്രയേലി കോടതികളാണ് തീരുമാനിക്കേണ്ടത്. ഇസ്രയേലികളും പലസ്തീനികളും സമഗ്രമായ ഒരു സമാധാന ധാരണയിലെത്തവുകയാണെങ്കില്‍ യുഎസ് അതിനെ മുന്‍വിധിയോടെ കാണില്ല - പോംപിയോ പറഞ്ഞു. അതേസമയം ജെറുസലേമിലെ യുഎസ് എംബസി ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മൈക്ക് പോംപിയോയുടെ ഈ പ്രഖ്യാപനത്തിലൂടെ ട്രംപ് ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് പകരം കാടന്‍ നിയമം നടപ്പാക്കാനാണ് എന്ന് പലസ്തീന്‍ നേതാവ് സായിബ് എറികാത്ത് പ്രതികരിച്ചു. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും യുഎസ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അന്താരാഷ്ട്ര നിയമത്തിന്റെ തുറന്ന ലംഘനമാണ് ഇതെന്നും ഇത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം ചരിത്രപരമായ ഒരു തെറ്റ് തിരുത്തുകയാണ് യുഎസ് എന്നും അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരിക്കുകയാണ് എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

1978 മുതല്‍ യുഎസ് സ്വീകരിച്ചുവരുന്ന നിലപാടില്‍ നിന്നുള്ള മാറ്റമാണ് വിദേശകാര്യ സെക്രട്ടറി പ്രഖ്യാപിച്ചത്. ഒരു ജനവിഭാഗത്തെ മറ്റൊരു ജനതയ്ക്ക് മേല്‍ അധിനിവേശ അധികാരം ഉപയോഗിച്ച് പ്രതിഷ്ഠിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് നാലാമത് ജനീവ കണ്‍വെന്‍ഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റേയും ലംഘനമാണ് യുഎസ് നടത്തിയിരിക്കുന്നത് എന്ന് ദ ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. മൈക്ക് പോംപിയോയുടെ പ്രഖ്യാപനം വന്ന് ഏതാണ്ട് ഒരു മണിക്കൂറിനകം പ്രതികരിച്ച യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ഫെഡറിക്ക മൊഗേരിനി, യുഎസ് നിലപാടിനെ തള്ളിക്കളഞ്ഞു. പലസ്തീനിലെ ഇസ്രയേല്‍ കയ്യേറ്റവും നിര്‍മ്മിതികളും നിയമവിരുദ്ധമാണ് എന്ന നിലപാടില്‍ ഇ യു ഉറച്ചുനില്‍ക്കുന്നതായി ഫെഡറിക്ക മൊഗേരിനി പറഞ്ഞു. ഇസ്രയേലിനും പലസ്തീനും ഇടയ്ക്കുള്ള സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് യുഎസിന്റെ നിലപാട് മാറ്റമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പോംപിയോയുടെ പ്രഖ്യാപനം ട്രംപ് ഗവണ്‍മെന്റ് പിന്തുടര്‍ന്നുപോരുന്ന നയത്തിന്റെ തുടര്‍ച്ചയാണ് തര്‍ക്കപ്രദേശമായ ജെറുസലേം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി നേരത്തെ യുഎസ് അംഗീകരിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതേസമയം നിലപാട് മാറ്റാന്‍ വിസമ്മതിച്ച യുഎസ് തങ്ങളുടെ എംബസി, ടെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. കയ്യേറ്റ ഭൂമിയായ ഗൊലാൻ കുന്നുകളിൽ ഇസ്രയേലിൻ്റെ പരമാധികാരം അംഗീകരിച്ച യുഎസ് നടപടിയും വലിയ വിവാദമായിരുന്നു. ഇസ്രയേലി വാസസ്ഥലങ്ങള്‍ നിയമവിരുദ്ധമല്ല എന്ന പ്രഖ്യാപനം മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും നടത്തിയിരുന്നതായി മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം നിര്‍മ്മാണങ്ങള്‍ സമാധാന പ്രക്രിയയ്ക്ക് തടസമാണ് എന്ന് പറഞ്ഞ റീഗന്‍ പുതിയ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രഖ്യാപനം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് ആശ്വാസം നല്‍കുന്നതാണ് എന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ, അധികാര തുടര്‍ച്ച നിഷേധിക്കപ്പെട്ട നെതന്യാഹു, മുഖ്യ എതിരാളിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവുമായ ബെന്നി ഗാന്റ്‌സിന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ്.Next Story

Related Stories