TopTop
Begin typing your search above and press return to search.

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; പ്രമേയത്തിന് അനുമതി നല്‍കി സ്പീക്കര്‍ നാന്‍സി പെലോസി

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; പ്രമേയത്തിന് അനുമതി നല്‍കി സ്പീക്കര്‍ നാന്‍സി പെലോസി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയായായിരുന്നു സ്പീക്കര്‍ നിലപാട് അറിയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.

തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചത്. സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെ ഈ നടപടി ട്രംപിന് വലിയ നാണക്കേടാകും. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വരുന്നത്.

അധികാരദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതേസമയം, നടപടി രാഷ്ട്രീയപ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

അതിനിടെ ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 150 വര്‍ഷത്തിനിടയില്‍ ഒരു പ്രസിഡന്റും ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ല. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു. അതേസമയം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിത കാലത്തേക്ക് വിലക്കി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ഡോണള്‍ഡ് ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ പ്രകോപനപരമായതിനാല്‍ നടപടിയെന്നും ട്വിറ്റര്‍. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.


Next Story

Related Stories