TopTop
Begin typing your search above and press return to search.

യൂറോപ്യൻ യൂണിയൻ അംബാസഡറെ വെനിസ്വേല പുറത്താക്കി, രാജ്യം വിട്ടോളാൻ നിർദ്ദേശം

യൂറോപ്യൻ യൂണിയൻ അംബാസഡറെ വെനിസ്വേല പുറത്താക്കി, രാജ്യം വിട്ടോളാൻ നിർദ്ദേശം

യൂറോപ്യന്‍ യൂണിയന്‍ അംബാസഡറോട് രാജ്യം വിട്ടുപോകാന്‍ വെനിസ്വേലയിലെ നിക്കോളാസ് മഡൂറോ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകാനാണ് ഉത്തരവ്. 11 വെനിസ്വേലന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇ യു ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അംബാസഡര്‍ ബ്രില്‍ഹാന്‍ഡെ പെഡ്രോസയെ, മഡൂറോ ഗവണ്‍മെന്റ് പുറത്താക്കിയത്.

പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോയുടെ നേതൃത്വത്തിലുള്ള നാഷണല്‍ അസംബ്ലിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാണ് 11 വെനിസ്വേലന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇ യു ഉപരോധമേര്‍പ്പെടുത്തിയത്. പാശ്ചാത്യരാജ്യങ്ങളില്‍ മിക്കതും ഹുവാന്‍ ഗയ്‌ഡോയെ ആണ് വെനിസ്വേലന്‍ പ്രസിഡന്റായി അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വയം ഇടക്കാല പ്രസിഡന്റ് ആയി ഗയ്‌ഡോ പ്രഖ്യാപിച്ചിരുന്നു. അതേസമയം മഡൂറോ ഗവണ്‍മെന്റിനെ താഴെയിറക്കാനുള്ള ഗയ്‌ഡോയുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.

ഇ യുവും യുഎസ്സും യുകെയും മറ്റും ഗയ്‌ഡോയെ പിന്തുണക്കുന്നു. ലാറ്റിനമേരിക്കയിലേതടക്കം 50ഓളം രാജ്യങ്ങളുടെ പിന്തുണ ഗയ്ഡോയ്ക്കുണ്ട്. വെനിസ്വേലയെ ബഹുമാനമില്ലെങ്കില്‍ അവര്‍ രാജ്യം വിട്ടുപോകണമെന്ന് സ്‌റ്റേറ്റ് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് മഡൂറോ ഇന്നലെ പറഞ്ഞിരുന്നു. അവര്‍ക്കായി (അംബാസഡര്‍) ഒരു പ്ലെയിന്‍ റെഡിയാക്കി നിര്‍ത്താമെന്നും മഡൂറോ പറഞ്ഞിരുന്നു. ഒരു പാവയെ ആണ് യൂറോപ്യന്‍ യൂണിയന്‍ വെനിസ്വേല പ്രസിഡന്റായി അംഗീകരിച്ചിരിക്കുന്നത് എന്ന് മഡൂറോ പരിഹസിച്ചിരുന്നു.

വെനിസ്വേലയില്‍ ജനാധിപത്യവും നിയമവാഴ്ചയും അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് 11 ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ യു ഉപരോധമേര്‍പ്പെടുത്തിയത്. ഇതോടെ ഇ യു ഉപരോധം നേരിടുന്ന വെനിസ്വേലന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 36 ആയി. എണ്ണസമ്പത്തുണ്ടായിട്ടും വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന വെനിസ്വേലയില്‍ ഭക്ഷണത്തിനും മരുന്നുകള്‍ക്കും വലിയ ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. 2015 മുതല്‍ ഇതുവരെ 40 ലക്ഷത്തോളം പേരാണ് വെനിസ്വേലയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്.


Next Story

Related Stories