TopTop
Begin typing your search above and press return to search.

വിയറ്റ്‌നാമില്‍ ഏപ്രിലിന് ശേഷം ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ്, ഒരാൾ പോലും ഇതുവരെ മരിച്ചിട്ടില്ല

വിയറ്റ്‌നാമില്‍ ഏപ്രിലിന് ശേഷം ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ്, ഒരാൾ പോലും ഇതുവരെ മരിച്ചിട്ടില്ല

വിയറ്റ്‌നാമില്‍ മൂന്ന് മാസത്തിന് ശേഷം ആദ്യമായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മധ്യവിയറ്റ്‌നാമിലെ ഡനാങ് നഗരത്തിലാണ് കോവിഡ് പോസിറ്റീവ് കേസ് വന്നത്. കര്‍ശനമായ ക്വാറന്റൈനും വ്യാപക ടെസ്റ്റിംഗും നടത്തിയ വിയറ്റ്‌നാമിന് കോവിഡ് കേസുകളെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഡനാങ്ങിലെ കേസ് അടക്കം ഇതുവരെ 416 കേസുകള്‍ മാത്രമേ വിയറ്റ്‌നാമില്‍ വന്നിട്ടുള്ളൂ. 100 ദിവസമായി സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും കോവിഡ് വന്നിട്ടില്ല, ഇതുവരെ ഒരാള്‍ പോലും മരിച്ചിട്ടുമില്ല.

ടൂറിസ്റ്റ് കേന്ദ്രമായ ഡനാങ്ങില്‍ 57കാരനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 പേര്‍ ക്വാറന്റൈനിലായി. രോഗിയുമായി ബന്ധമുള്ള മറ്റ് 103 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആണ്.

യുഎസ്സില്‍ ഇന്നലെ 73,363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊത്തം കേസുകള്‍ 41 ലക്ഷം കടന്നു. 41,12,651 പേർക്കാണ് യുഎസ്സിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് എന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്നലെ മാത്രം 1019 പേര്‍ മരിച്ചു. 1,45,546 പേരാണ് യുഎസ്സിൽ കോവിഡ് മൂലം ഇതുവരെ മരിച്ചത്. അരിസോണ, കാലിഫോര്‍ണിയ ഫ്‌ളോറിഡ, ടെക്‌സാസ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്. ലോകത്താകെ 1.57 കോടിയിലേറെ പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,57,46,452 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.39 ലക്ഷത്തിലധികം (6,39,900) പേർ മരിച്ചു.


Next Story

Related Stories