TopTop
Begin typing your search above and press return to search.

വിയറ്റ്നാമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു

വിയറ്റ്നാമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു

വിയറ്റ്നാമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പേഷ്യന്റ് 428 എന്നാണ് മരിച്ച രോഗിയെക്കുറിച്ച് വിയറ്റ്നാം ന്യൂസ് പറയുന്നത്. 70കാരനാണ് മരിച്ചത് എന്ന് വിയറ്റ്നാം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഏപ്രിലിന് ശേഷം ആദ്യമായി വിയറ്റ്നാമിൽ ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് കേന്ദ്രമായ ഡനാങ്ങ് നഗരത്തിൽ ആയിരുന്നു. ജൂലായ് 29ന് ഹാനോയിൽ ഒരു പോസിറ്റീവ് കേസും ഹോചിമിൻ സിറ്റിയിൽ രണ്ട് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്ന് ഇവിടെ 45 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായി വിയറ്റ്നാം ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിയറ്റ്നാമിൽ ഒരു ദിവസം ഇതുവരെ സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകളാണ് ഇന്ന് വന്നിരിക്കുന്നത്.

കോവിഡിനെ ചെറുക്കാനുള്ള ശക്തമായ പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം വലിയ ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിപിഇ കിറ്റുകളും മറ്റും വിവിധ ലോകരാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചും വിയറ്റ്നാം മാതൃക സൃഷ്ടിച്ചിരുന്നു. തലസ്ഥാനമായ ഹാനോയിൽ വ്യാപക കോവിഡ് പരിശോധന തുടങ്ങി. ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടി. വലിയ ആൾക്കൂട്ടങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ആഭ്യന്തര യാത്രക്കാരോട് അധികൃതർക്ക് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.

45 രോഗികളേയും ഡനാങ്ങിലെ മൂന്ന് ആശുപത്രികളിലും രണ്ട് ക്ലിനിക്കുകളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് വിയറ്റ്നാം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. ഡനാങ്ങിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിയ സാഹചര്യത്തിൽ ആയിരത്തിലധികം പേരടങ്ങുന്ന, ആരോഗ്യപ്രവർത്തകരും വിധഗ്ധരുമടങ്ങുന്ന ടാസ്ക് ഫോഴ്സിനേയും നഗരത്തിലേയ്ക്ക് അയച്ചിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നഗരത്തിലെ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി 1000 ബെഡ്ഡുള്ള ഒരു ആശുപത്രി ഒരുക്കുന്നു. പുതിയ കേസുകൾ കൂടി വന്നതോടെ വിയറ്റ്നാമിൽ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട എണ്ണം 509 ആയി. കോവിഡിനെ ആദ്യ ഘട്ടത്തിൽ നിയന്ത്രിക്കാനായതോടെ വിയറ്റ്നാം പെട്ടെന്ന് തന്നെ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. ഫേസ്മാസ്ക് ഉപയോഗം കുറയുകയും ആഭ്യന്തര യാത്രകൾ വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തിരുന്നു. ഇത് വീണ്ടും കേസുകൾ വരാൻ കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.


Next Story

Related Stories