TopTop
Begin typing your search above and press return to search.

മുന്‍ വിദേശകാര്യ സെക്രട്ടറിയും വൈറ്റ് ഹൗസ് മുന്‍ ചീഫും ട്രംപിനെ അട്ടിമറിക്കാന്‍ എന്റെ സഹായം തേടി - നിക്കി ഹാലി

മുന്‍ വിദേശകാര്യ സെക്രട്ടറിയും വൈറ്റ് ഹൗസ് മുന്‍ ചീഫും ട്രംപിനെ അട്ടിമറിക്കാന്‍ എന്റെ സഹായം തേടി - നിക്കി ഹാലി

ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയുമായിരുന്ന നിക്കി ഹാലെയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. മുന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും മുന്‍ വൈറ്റ് ഹൌസ് ചീഫ് ജോണ്‍ കെല്ലിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അട്ടിമറിക്കുന്നതിനായി തന്‍റെ സഹായം തേടിയെന്ന് പുസ്തകത്തിലൂടെ അവര്‍ വെളിപ്പെടുത്തുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മുന്‍ കാബിനറ്റ് അംഗങ്ങളും രാഷ്ട്രപതിയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ തന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അതവര്‍ നിരാകരിക്കുകയായിരുന്നുവെന്നും നിക്കി ഹാലെ എഴുതിയിട്ടുണ്ട്.

With All Due Respect - എന്ന പുസ്തകം നാളെയാണ് പുറത്തിറങ്ങുന്നത്. ട്രംപിന്റെ മിക്ക വിദേശ നയങ്ങളേയും താന്‍ പിന്തുണയ്ക്കുന്നതായി ഹാലെ പറയുന്നു. എന്നാല്‍ വൈറ്റ്ഹൌസിലെ ചിലര്‍ അത് തടസ്സപ്പെടുത്താണോ വേഗത കുറയ്ക്കാനോ ആണ് ശ്രമിച്ചതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് പ്രസിഡന്‍റിനോട്‌ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അദ്ദേഹത്തോട് തുറന്നു പറയുക. അദ്ദേഹം ചെയ്യുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ ജോലി ഉപേക്ഷിക്കുക'- സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹാലെ പറഞ്ഞു. അല്ലാതെ, പ്രസിഡന്‍റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയെന്നാല്‍ അത് വളരെ അപകടകരമായ കാര്യമാണ്. അത് ഭരണഘടനയ്ക്കും, അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണത്തോട് ടില്ലേഴ്സണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായി പ്രതികരിക്കാന്‍ കെല്ലിയും വിസമ്മതിച്ചു. എന്നാല്‍ പ്രസിഡന്‍റിന് നിയമപരവും ധാര്‍മ്മികവുമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അത് ട്രംപിന് എതിരായി വ്യാഖ്യാനിക്കുകയും കുറ്റക്കാരനാക്കുകയുമാണ്‌ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹാലെയുടെ പുസ്തകത്തിന് ആശംസകളുമായി ട്രംപ് ട്വീറ്റ് ചെയ്തു. പുസ്തകം വാങ്ങാനും വായിക്കാനും തന്‍റെ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ട്രംപ് അധികാരമേറ്റതിനു ശേഷം അഭിപ്രായവ്യത്യാസങ്ങളെച്ചൊല്ലി രാജിവെക്കുന്നവരുടേയും പുറത്താക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. അവരില്‍ പലരെയും പ്രസാധകര്‍ പിന്തുടരുകയാണ് എന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൌ സ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍, മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്റണി സ്കറാമുച്ചി എന്നിവര്‍ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ സൈമണ്‍ & ഷസ്റ്ററിനായി ഒരു പുസ്തകം എഴുതുന്നതിനുള്ള കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


Next Story

Related Stories