സൂയസ് കനാലില്‍ നൂറുകണക്കിന് കപ്പലുകള്‍ക്ക് തടസമുണ്ടാക്കി കുടുങ്ങിയ ചരക്ക് കപ്പല്‍ എവര്‍ഗിവണ്‍ ദിവസങ്ങള്‍ക്ക് ശേഷം ചലിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ കപ്പല്‍ തിരിഞ്ഞ് ചലിച്ച് തുടങ്ങിയതായുള്ള ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ എവര്‍ ഗിവണ്‍ കനാലിലേക്ക് 30 ഡിഗ്രി കോണില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു, അത് ലഘൂകരിച്ചതായും പക്ഷേ കപ്പല്‍ സാധാരണനിലയില്‍ ചലിച്ചു തുടങ്ങിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
400 മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ ഗതാഗത തടസം സൃഷ്ടിച്ചത് വ്യാഴാഴ്ചയാണ്. മണലില്‍ ഉറച്ച കപ്പലിന് അടിയിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്മാന് സാമ റാബി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരം കുറയ്ക്കാനായി ചരക്കുകപ്പലിലുള്ള 18300 കണ്ടെയ്നറുകള്‍ നീക്കേണ്ടതായി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒസാമ റാബി വിശദമാക്കി. കപ്പലിനെ പൂര്‍ണമായി ചലിപ്പിക്കുന്നതിന് വെല്ലുവിളിയാവുന്നത് ശക്തമായ കാറ്റും തിരയുമാണ്. 20000 ടണ്ണോളം മണലാണ് ഇതിനോടകം കപ്പലിന് ചുവട്ടില്‍ നിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് നീക്കിയിട്ടുള്ളത്. കൂടുതല്‍ കരുത്തുള്ള ഡ്രഡ്ജറുകള്‍ എത്തിച്ച് ഈ ആഴ്ചയുടെ ആദ്യത്തോടെ തന്നെ ചരക്കുകപ്പലിനെ പൂര്‍ണമായി നീക്കാനുള്ള പരിശ്രമത്തിലാണ് ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡച്ച് കമ്പനി.
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ചുമതലയിലുള്ളത്.