TopTop
Begin typing your search above and press return to search.

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവെന്ന് സൂചന, മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇറാഖിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവെന്ന് സൂചന, മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇറാഖിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ രൂക്ഷമായ സംഘര്‍ഷാവസ്ഥയ്ക്ക് അയവവരുന്നതായി സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്ത സമ്മേളനം, ഉടനടി ഒരു സൈനിക നീക്കം ഉണ്ടാകില്ലെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതിനെ കുറിച്ചുമാത്രമാണ് ട്രംപ് ഇന്നലെ പറഞ്ഞത്.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ എന്നിവര്‍ക്ക് പുറമെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ശേഷമാം ആദ്യമായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ വാര്‍ത്ത സമ്മേളനത്തില്‍ ഇറാന്‍ മുന്‍ നിലപാടില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന് ഇത് നല്ലതാണെന്നുമാണ് ട്രംപ് പറഞ്ഞത്. ' ഇറാന്‍ മുന്‍നിലപാടില്‍നിന്ന് പിന്‍വാങ്ങുന്നതായാണ് തോന്നുന്നത്. അത് എല്ലാവര്‍ക്കും ലോകത്തിനു നല്ലതാണ്.' ട്രംപ് പറഞ്ഞു. മുന്‍കരുതല്‍ നടപടിയെടുത്തത് കാരണം ഇറാന്റെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ അവകാശപ്പെട്ടത്. ഇറാന്‍ മുന്‍നിലപാടില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പിന്‍വാങ്ങുന്നുവെന്ന പ്രഖ്യാപനത്തെ അമേരിക്ക വിശദീകരിക്കുകയും ചെയ്തിട്ടില്ല. അതേസമയം അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുന്നതിന് മുമ്പ് അക്കാര്യം ഇറാന്‍ ഇറാഖിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ പുലര്‍ച്ച രണ്ട് മണിയോടെ ഇറാഖ് പ്രധാനമന്ത്രി അബ്‌ദേല്‍ അബുദല്‍ മഹ്ദിയെ ഇക്കാര്യം അറിയിച്ചിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമല്ല, ഇറാന്‍ ആസുത്രണം ചെയ്‌തെന്നും ചില നിരീക്ഷകര്‍ പറയുന്നു. കാസ്സെം സുലൈമാനിയുടെ കൊലപാതകത്തില്‍ തിരിച്ചടിയ്ക്കുമെന്ന് സൂചിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും യുദ്ധ സമാനമായ അവസ്ഥ ഉണ്ടാക്കുക ഇറാന്റെ ലക്ഷ്യമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമേരിക്കയക്കെതിരെ നേരിട്ടുള്ള സൈനിക നടപടി വേണ്ടെന്ന കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ സമീപനം അവസാനിപ്പിക്കുന്നതായും ഇറാന്റെ വിദേശ കാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുദ്ധം വേണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധഭീതി പടര്‍ത്തുന്ന പ്രസ്താവനകള്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ നടത്തിയെങ്കിലും അവര്‍ അത് ആഗ്രഹിച്ചിരുന്നില്ലെന്നതിന്റെ സൂചനകളാണ് ഇറാന്റെ പ്രതികരണവും ട്രംപിന്റെ വാര്‍ത്ത സമ്മേളനവും എന്നാണ് ചില അന്തരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇന്നലെ നടത്തിയ തിരിച്ചടി ചെറുതാണെന്നും മേഖലയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്മാറ്റമാണ് ലക്ഷ്യമെന്നുമാണ് ഇറാന്റെ പരമോന്നത നേതാവ് ഖമനേയി പറഞ്ഞത്. ഇറാനുമായി ബന്ധ്ം നിലനിര്‍ത്തുമ്പോഴും കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തെ ഇറാഖ് അപലപിച്ചത് ശ്രദ്ധേയമാണെന്ന് പശ്ചിമേഷ്യ നിരിക്ഷികര്‍ കരുതുന്നു. അമേരിക്കയെ പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള സമീപനം ഇറാഖ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നതിന്റൈ തെളിവാണിതെന്നുമാണ് സൂചന. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പിന്മാറണമെന്ന് നേരത്തെ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയിരുന്നു. ഇറാഖിന്റെ മണ്ണ് പോരാട്ടത്തിന്റെ വേദിയാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറാഖ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ചില യുറോപ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദമാണ് യുദ്ധ ഭീതി പടര്‍ത്തുന്ന രിതിയിലുള്ള പ്രസ്താവനകളില്‍നിന്ന് അമേരിക്ക പിന്മാറാൻ കാരണമെന്നും സൂചനയുണ്ട്. യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വേണ്ട രീതിയില്‍ അമേരിക്കയെ ഇറാന്‍ വിഷയത്തില്‍ പിന്തുണയ്ക്കുന്നില്ലെന്ന് നേരത്തെ വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. പശ്ചിമേഷ്യന്‍ വിഷയത്തില്‍ കൂടുതലായി ഇടപെടണമെന്ന ട്രംപിന്റ നാറ്റോയോടുളള അഭ്യര്‍ത്ഥനയും സംഘര്‍ഷാവസ്ഥയില്‍ അയവുവരുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്റെ സൈനിക ജനറലായിരുന്ന കാസ്സെം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസഥ ഉടലെടുത്തത്.


Next Story

Related Stories