TopTop
Begin typing your search above and press return to search.

കൊറോണ - യുഎസിന് ദക്ഷിണകൊറിയയില്‍ നിന്ന് പഠിക്കാനുള്ളതെന്ത്?

കൊറോണ - യുഎസിന് ദക്ഷിണകൊറിയയില്‍ നിന്ന് പഠിക്കാനുള്ളതെന്ത്?

കൊറോണ വൈറസ് ലോകവ്യാപകമായി പടരുകയും മരണസംഖ്യം ഏഴായിരവും കടക്കുകയും ചെയ്തിരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും ഏറ്റവും വലിയ വികസിതരാജ്യവുമായി അറിയപ്പെടുന്ന യുഎസ് പ്രതിരോധ നടപടികളില്‍ പതറുന്നതാണ് കാണുന്നത്. മരണം നൂറ് കടന്നു. ഒരു ഘട്ടത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും മരണനിരക്കുണ്ടായിരുന്ന ദക്ഷിണകൊറിയ മരണം 100ല്‍ താഴെയായി പിടിച്ചുനിര്‍ത്തി. 81പേരാണ് ദക്ഷിണകൊറിയയില്‍ കൊറോണ (കൊവിഡ് 19) മൂലം മരിച്ചത്. വ്യാപകമായി വൈറസ് ടെസ്റ്റ് നടത്തി ഐസൊലേറ്റ് ചെയ്തതാണ് ദക്ഷിണകൊറിയയില്‍ മരണനിരക്ക് പിന്നീട് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞത്. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (രോഗിയില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് പടരല്‍) തടയാന്‍ കഴിഞ്ഞതാണ് കേരളത്തിന് ഇതുവരെ കൊവിഡ് മരണങ്ങളില്ലാതെയും കൂടുതല്‍ കേസുകളില്ലാതെയും നിയന്ത്രിക്കാന്‍ കഴിഞ്ഞതിന് കാരണം.

ടെസ്റ്റുകള്‍ നടത്തി വൈറസ് സാന്നിധ്യം കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാത്ത പക്ഷം യുഎസിലെ മരണനിരക്ക് ഇനിയും കൂടുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദക്ഷിണ കൊറിയന്‍ മാതൃക യുഎസിന് പിന്തുടരാവുന്നതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ടെസ്റ്റുകള്‍ നടത്തുക എന്നത് തന്നെ. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് ഇത്തരത്തിലാണെങ്കില്‍ യുഎസില്‍ 22 ലക്ഷം പേര്‍ മരിക്കുമെന്നാണ്. ദക്ഷിണ കൊറിയയും ജപ്പാനും ഹോങ്കോങ്ങും സിംഗപ്പൂരും മരണസംഖ്യ നിയന്ത്രിച്ചുനിര്‍ത്തി. ഈ രാജ്യങ്ങള്‍ സ്വീകരിച്ച മെത്തേഡുകള്‍ ശ്രദ്ധേയമാണ്.

യുഎസില്‍ ടെസ്റ്റുകള്‍ ആവശ്യത്തിന് നടക്കുന്നല്ല എന്നതാണ് പ്രധാന പ്രശ്‌നം. സൗജന്യ ടെസ്റ്റുകള്‍ക്കുള്ള ബില്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തിക്കാനുള്ള സംവിധാനവുമുണ്ടാക്കി. എന്നാല്‍ ടെസ്റ്റുകള്‍ വളരെ കുറവാണ് നടക്കുന്നത്. വാള്‍മാര്‍ട്ട് അടക്കമുള്ളവ ഉടന്‍ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് തുടങ്ങും. അതേസമയം ദക്ഷിണ കൊറിയ ഒരു ദിവസം 12,000 മുതല്‍ 15,000 വരെ ടെസ്റ്റുകള്‍ നടത്തുന്നു. ഒരു ദിവസം 20,000 വരെ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ദക്ഷിണകൊറിയയ്ക്കുണ്ട്. യുഎസ് ഇതുവരെ രാജ്യത്താകെ 25,000ത്തിനടുത്ത് കൊറോണ ടെസ്റ്റുകളാണ് നടത്തിയത്. അതേമയം രണ്ടര ലക്ഷം ടെസ്റ്റുകളാണ് ദക്ഷിണ കൊറിയ നടത്തിയത്.

സിംഗപ്പൂരിലും ഹോങ്കോങ്ങിലും ജപ്പാനിലും ഔദ്യോഗിക സംവിധാനങ്ങളുടെ ഫലപ്രദമായ കോഡിനേഷനും കമ്മ്യൂണിക്കേഷനും മരണനിരക്ക് നിയന്ത്രിച്ചുനിര്‍ത്തി. 2003ല്‍ സാര്‍സ് പടര്‍ന്നപ്പോള്‍ ചൈനീസ് നിയന്ത്രിത സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ 300നടുത്ത് പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇത്തണ ചൈനയില്‍ 3237 പേര്‍ മരിച്ചപ്പോള്‍ ഹോങ്കോങ്ങില്‍ നാല് പേര്‍ മാത്രമാണ് മരിച്ചത്. ദേശീയ ഗവണ്‍മെന്റും പ്രാദേശിക ഭരണകൂടങ്ങളും തമ്മിലുള്ള കോര്‍ഡിനേഷന്‍ പ്രധാനമാണ്. സിംഗപ്പൂരില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും റീജിയണല്‍ ഹെല്‍ത്ത് സിസ്റ്റം മാനേജര്‍മാരും ഹോസ്പിറ്റല്‍ അധികൃതരും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളുണ്ട്.

എന്നാല്‍ യുഎസില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം കൊവിഡ് 19നോട് പ്രതികരിച്ചത് ഒട്ടും കാര്യക്ഷമമല്ലാത്ത വിധമാണ് എന്ന് ടൈം മാഗസിന്‍ പറയുന്നു. കൊറോണ കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതലേ ട്രംപ് ഗവണ്‍മെന്റ് പരാജയപ്പെട്ടു. പ്രസിഡന്റ് ട്രംപ് തന്നെ വൈറസുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ തടയാന്‍ കഴിഞ്ഞില്ല എന്നതാണ് യുഎസില്‍ പ്രശ്‌നമായത്, യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് വലിയ കാര്യമില്ലാത്തതായി. അതേസമയം ദക്ഷിണകൊറിയയ്ക്കും ജപ്പാനും സിംഗപ്പൂരിനുമെല്ലാം കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ചെറുക്കാനായി.

ടെസ്റ്റ് നടത്തുക, പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ ചെയ്യുക, നിരീക്ഷണം തുടരുക, കോണ്‍ടാക്ടുകള്‍ ട്രേസ് ചെയ്യുക (ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തി), കൂട്ടങ്ങള്‍ ഒഴിവാക്കുക, ഫലപ്രദമായ കമ്മ്യൂണിക്കേഷനും കോര്‍ഡിനേഷനും, ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുക - ഇതെല്ലാമാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. യുഎസില്‍ ഫെഡറല്‍ ഗവണ്‍മെന്റും (കേന്ദ്ര ഗവണ്‍മെന്റും) സംസ്ഥാന ഗവണ്‍മെന്റുകളും തമ്മിലുള്ള ആശയവിനിമയവും കോര്‍ഡിനേഷനും വളരെ മോശമാണ് എന്ന വിമര്‍ശനമാണുള്ളത്. ചില സംസ്ഥാനങ്ങള്‍ ഐസൊലേഷന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കിയപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ ഇതുണ്ടായില്ല. നോര്‍ത്ത് കരോലിനയില്‍ വളരെ വൈകിയാണ് സ്‌കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടാന്‍ ഗവര്‍ണര്‍ റോയ് കൂപ്പര്‍ ഉത്തരവിട്ടത്.

പ്രൊട്ടക്ടീവ് സാമഗ്രികളുടെ കുറവ് ദേശീയതലത്തില്‍ വലിയ പ്രശ്‌നമാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം വൈറസ് ബാധിക്കാനുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു. വാഷിംഗ്ടണ്‍ ഡിസിയിലും ന്യൂ ജഴ്‌സിയിലും രണ്ട് പ്രധാന ഫിസീഷ്യന്മാര്‍ ഗുരുതരാവസ്ഥയിലാണ്. റെസ്പിറേറ്ററുകളും വെന്റിലേറ്ററുകളും മറ്റ് സാമഗ്രികളുമെല്ലാം സ്വയം കണ്ടെത്താനാണ് ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാരോട് നിര്‍ദ്ദേശിച്ചത്. ഫെഡറല്‍ ഗവണ്‍മെന്റ് കാര്യക്ഷമമായി ഇടപെടേണ്ട സമയത്ത് ട്രംപിന്റെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.


Next Story

Related Stories