TopTop
Begin typing your search above and press return to search.

കോവിഡ് ബാധ അവസാന ഒരു ലക്ഷം കടന്നത് നാല് ദിവസം കൊണ്ട്, തോത് കുതിച്ചുയരുന്നതായി ഡബ്ല്യുഎച്ച്ഒ, ബ്രിട്ടനും അടച്ചിടുന്നു, ആഴ്ചകള്‍കൊണ്ട് അമേരിക്ക 'തുറന്നു പ്രവര്‍ത്തിക്കു'മെന്ന് ട്രംപ്

കോവിഡ് ബാധ അവസാന ഒരു ലക്ഷം കടന്നത് നാല് ദിവസം കൊണ്ട്, തോത് കുതിച്ചുയരുന്നതായി ഡബ്ല്യുഎച്ച്ഒ, ബ്രിട്ടനും അടച്ചിടുന്നു, ആഴ്ചകള്‍കൊണ്ട് അമേരിക്ക തുറന്നു പ്രവര്‍ത്തിക്കുമെന്ന് ട്രംപ്

ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു. മരണ സംഖ്യ ഉയരുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും നിയന്ത്രണങ്ങൾ കർക്കശമാക്കുകയാണ്. ബ്രിട്ടനുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പൂര്‍ണ നിയന്ത്രണത്തിലേക്ക് കടന്നു. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുകയാണ്. അമേരിക്ക ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലാകുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ശക്തമായ നടപടികള്‍ സ്വീകരിച്ചു മാത്രമെ കോറോണ വൈറസ് ബാധയുടെ വ്യാപനം നിയന്ത്രിക്കാന്‍ പറ്റൂവെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വൈറസിന്റെ വ്യാപനം ദ്രുതഗതിയിലാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 67 ദിവസം കൊണ്ടാണ് ലോകത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷമായത്. എന്നാല്‍ രണ്ട് ലക്ഷത്തിലെത്താന്‍ 11 ദിവസം മാത്രമാണ് വേണ്ടി വന്നത്. മൂന്ന് ലക്ഷം പിന്നിട്ടത് പിന്നിടുള്ള നാല് ദിവസങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പരിശോധന കര്‍ശനമാക്കിയും മറ്റ് നിയന്ത്രണ നടപടികളെടുത്തും വൈറസിന്റെ വ്യാപനം തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയസസ് പറഞ്ഞു. വൈറസ് വ്യാപനത്തെ തടയുന്നതിന് ലോക രാഷ്ട്രങ്ങളുടെ സഹകരണം മെച്ചപ്പെടുത്തണം. ഇതിനായുള്ള രാഷ്ട്രീയ ഇച്ഛാശക്തി ലോക രാജ്യങ്ങള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണ ഉപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ജി 20 രാജ്യങ്ങളോട് ആവശ്യപ്പെടും. പ്രതിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. വൈറസിനെതിരായ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'പ്രതിരോധം കൊണ്ട് മാത്രം ഒരു രാജ്യവും ഫുട്‌ബോള്‍ മല്‍സരം വിജയിച്ചിട്ടില്ല. ആക്രമണം ആവശ്യമാണ്' ഫിഫയുടെ മുന്‍കൈയില്‍ ഫുട്‌ബോള്‍ താരങ്ങളുമായി ചേര്‍ന്ന് വൈറസിനെ ചവിട്ടി പുറത്താക്കുകയെന്ന ക്യാംപയിന്‍ നടപ്പിലാക്കുമെന്നും ലോകാരാഗ്യ സംഘടന പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് ബ്രിട്ടന്‍ നടപടികള്‍ ശക്തമാക്കി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ആളുകളെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 335 ആയി. അവശ്യസാധനങ്ങളല്ലാത്തവ വില്‍ക്കുന്ന കടകള്‍ അടിച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊളളുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗബാധ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ 602 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6078 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് ശേഷം കുറവ് ആളുകള്‍ മരിച്ച ദിവസമായിരുന്നു ഇന്നലെ. സ്‌പെയിനില്‍ ഇതിനകം 2182 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 462 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഫ്രാന്‍സില്‍ 186 പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. 481 പേരാണ് ഇതിനകം അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്ക്, വാഷിംങ്ടണ്‍, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ സൈന്യത്തെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ വേണ്ടി രംഗത്തിറിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഏഷ്യന്‍ - അമേരിക്കന്‍ വിഭാഗങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ നിര്‍ത്തണമെന്നും ട്രംപ് പറഞ്ഞു. വൈറസിന്റെ വ്യാപിക്കുന്നതുമായി അവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വൈറസ് പടരാന്‍ കാരണം ചൈനയാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അടുത്ത ആഴ്ചകളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സജീവമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം പടരുകയും ലോകത്തെ വിവിധ രാജ്യങ്ങള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടേണ്ടിയും വരുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുളള സംഘര്‍ഷങ്ങളും അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. സായുധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് വൈറസിനെ ചെറുക്കാനുള്ള നടപടികളിലേക്ക് ലോകത്തിന്റെ എല്ലാ ശ്രദ്ധയും മാറണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ട്രസ് പറഞ്ഞു.


Next Story

Related Stories