TopTop

കൊവിഡ് 19 - ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് പക്ഷപാതിത്വമെന്ന് ട്രംപ്; കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്ന് ലോകത്തിനെതിരെ പ്രവർത്തിച്ചെന്ന് യുഎസ് സെനറ്റർ

കൊവിഡ് 19 - ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് പക്ഷപാതിത്വമെന്ന് ട്രംപ്; കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്ന് ലോകത്തിനെതിരെ പ്രവർത്തിച്ചെന്ന് യുഎസ് സെനറ്റർ

കൊറോണ വൈറസുമായി ബന്ധപ്പെട്ട ആഗോളപ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യുഎച്ച്ഒ) ചൈനീസ് പക്ഷപാതിത്വമെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര്‍ അസംതൃപ്തരാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമായ രീതിയിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ലോകാരോഗ്യസംഘടന ചൈനീസ് പക്ഷപാതിത്വം കാണിക്കുന്നതായി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവേയാണ് ട്രംപ് ഇക്കാര്യം ശരിവച്ചത്.

ഡബ്ല്യുഎച്ച്ഒ എല്ലായ്‌പ്പോളും ചൈനയോട് ചായ് വ് കാണിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ ഇതില്‍ അസംതൃപ്തരാണ് - ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകോട് പറഞ്ഞു. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭയുടെ വിദേശകാര്യ കമ്മിറ്റി അംഗമായ മൈക്കള്‍ മക്കോളും കൊറോണ പ്രതിസന്ധിയില്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് രംഗത്തെത്തി.

കൊറോണ മഹാമാരിയില്‍ ചൈനയുടെ ഔദ്യോഗിക മാധ്യമത്തെ പോലെയാണ് ഡബ്ല്യുഎച്ച്ഒ പ്രവര്‍ത്തിച്ചതെന്ന് മറ്റൊരു കോണ്‍ഗ്രസ് അംഗം ഗ്രെഗ് സ്റ്റ്യൂബ് കുറ്റപ്പെടുത്തി. കൊറോണ ഭീഷണി ലോകത്ത് അവസാനിച്ചുകഴിഞ്ഞാല്‍ ചൈനയും ഡബ്ല്യുഎച്ച്ഒയും ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് ഗ്രെഗ് സ്റ്റിയൂബ് മുന്നറിയിപ്പ് നല്‍കി. ചൈനയ്ക്കും ഡബ്ല്യുഎച്ച്ഒയ്ക്കുമെതിരെ സ്റ്റ്യൂബ് നടപടി ആവശ്യപ്പെട്ടു. സെനറ്റര്‍ ജോഷ് ഹോവ്‌ലിയും സമാനമായ അഭിപ്രായം രേഖപ്പെടുത്തി. മഹാമാരിയില്‍ ഡബ്ല്യുഎച്ച്ഒ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് ലോകത്തിനെതിരെ പ്രവര്‍ത്തിച്ചതായി ജോഷ് ഹോവ്‌ലി കുറ്റപ്പെടുത്തി.

ജനുവരിയില്‍ ബീജിങ്ങില്‍ പോയി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ ഡബ്‌ള്യുഎച്ച്ഒ തലവന്‍ കണ്ടിരുന്നു. കൊറോണയെ നേരിടാന്‍ ചൈന സ്വീകരിക്കുന്ന നടപടികളെ അന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ പ്രശംസിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ചൈന ദൃഢമായ നടപടികള്‍ സ്വീകരിച്ചതായി പറഞ്ഞ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ചൈനീസ് ഭരണനേതൃത്വത്തെ പ്രശംസിച്ചിരുന്നു. ഇതാണ് യുഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസുകള്‍ മറച്ചുവക്കാന്‍ ഡബ്ല്യുഎച്ച്ഒ ചൈനീസ് ഭരണകൂടത്തോടൊപ്പം ഗൂഢാലോചന നടത്തിയെന്ന് ഹോവ്ലി ആരോപിച്ചു.





21,353 പേരാണ് ലോകത്ത് ഇതുവരെ കൊറോണ മൂലം ആകെ മരിച്ചത്. 4,74,968 പേർക്ക് ഇതുവരെ കൊവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. യുഎസില്‍ മരണം 1032 ആയി. 278 പുതിയ കേസുകളടക്കം 68,489 കേസുകള്‍ ഇതുവരെ വന്നു.




Next Story

Related Stories