TopTop
Begin typing your search above and press return to search.

അബുബക്കർ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി

അബുബക്കർ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി

കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി. പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗാനാണ് വിവരം പുറത്തുവിട്ടത്. അവരിപ്പോള്‍ തുര്‍ക്കിയുടെ കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ബാഗ്ദാദിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസും സ്ഥിരീകരിച്ചിരുന്നു.

ബാഗ്ദാദിയുടെ മരണത്തെ അമേരിക്ക ഉപയോഗപ്പെടുത്തുന്ന രീതിയേ എർദോഗന്‍ വിമര്‍ശിച്ചു. ‘തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി അവര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്. പക്ഷേ, അയാളുടെ ഭാര്യയെ ഞങ്ങള്‍ പിടികൂടിയ വിവരവും ആദ്യമായി ഞാനിവിടെ പ്രഖ്യാപിക്കുകയാണ്. അവരെപ്പോലെ ഒരു കലഹവും ഉണ്ടാക്കിയില്ല. അതുപോലെത്തന്നെയാണ് അയാളുടെ സഹോദരിയെയും അളിയനെയും ഞങ്ങൾ പിടികൂടിയത്’-അങ്കാറ സര്‍വകലാശലയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എർദോഗാന്‍.

ബാഗ്ദാദിയുടെ ഭാര്യയെ തുർക്കി സേന എപ്പോൾ എങ്ങനെ അറസ്റ്റുചെയ്തുവെന്ന് വ്യക്തമല്ല. ഈ ആഴ്ച ആദ്യം വടക്കൻ സിറിയൻ പട്ടണമായ ആസാസിൽവെച്ച് അദ്ദേഹത്തിന്റെ മൂത്ത സഹോദരി റാസ്മിയ അവാദ് ഉൾപ്പെടെയുള്ള ജിഹാദി ബന്ധുക്കളെ പിടികൂടിയതായി തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 26-ന് നടന്ന റെയ്ഡിനിടെ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വെച്ചാണ് അമേരിക്കന്‍ സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. ഒപ്പം മൂന്ന്‍ കുട്ടികളേയും അയാള്‍ കൊന്നിരുന്നു.

2018-ല്‍ അവസാനമായി കണ്ടുമുട്ടുമ്പോള്‍ ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടായിരുന്നതായി ഇറാഖീ കസ്റ്റഡിയിലുള്ള ബാഗ്ദാദിയുടെ സഹോദരൻ മുഹമ്മദ് അലി സാജിദ് മൊഴി നല്‍കിയിരുന്നു. അമേരിക്ക സൈനിക നീക്കം നടത്തുന്ന സമയത്ത് അതില്‍ ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഭാര്യമാരില്‍ ഒരാള്‍ ഇറാഖുകാരനായ അദ്ദേഹത്തിന്റെ സഹായികളിൽ ഒരാളുടെ മകളായ നൂര്‍ ആണ്. ഒരു ഘട്ടത്തിൽ ഒരു ജര്‍മ്മന്‍ കൌമാരക്കാരിയേയും ബാഗ്ദാഗ്ദി വിവാഹം കഴിച്ചിരുന്നതായും, പിന്നീട് അവള്‍ വീട്ടില്‍നിന്നും രക്ഷപ്പെട്ട് ഓടിപ്പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുൻ ഭാര്യ സാജ അൽ ദുലൈമിയും 2009-ൽ ബാഗ്ദാഗ്ദിയെ വിട്ട് പോയിരുന്നു. 2014 ൽ ലെബനനിൽ വെച്ച് അറസ്റ്റിലായ അവർ ഒരു വർഷത്തിന് ശേഷം ജയില്‍ മോചിതയായി.

Next Story

Related Stories