Top

ഇംപീച്ച്‌മെന്റ് അന്വേഷണത്തില്‍ മൊഴി നല്‍കരുത്, ട്രംപിന്റെ ഉക്രൈന്‍ 'ഇടപാടിന്' സാക്ഷിയായ അംബാസഡര്‍ക്ക് നിര്‍ദ്ദേശം

ഇംപീച്ച്‌മെന്റ് അന്വേഷണത്തില്‍ മൊഴി നല്‍കരുത്, ട്രംപിന്റെ ഉക്രൈന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉക്രൈനുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ അന്വേഷണത്തോട് സഹകരിക്കുകയോ മൊഴി നല്‍കുകയോ ചെയ്യരുത് എന്ന് ഉക്രൈന്‍ ഇടപാടിലെ സാക്ഷികളിലൊരാളായ ഉദ്യോഗസ്ഥന് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം. യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ ഇംപീച്ച്‌മെന്റ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകരുത് എന്നാണ് യൂറോപ്യന്‍ യൂണിയനിലെ യുഎസ് അംബാസഡറായ ഗോര്‍ഡന്‍ ഡി സോണ്ട്‌ലാന്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം തടസപ്പെടുത്താന്‍ ട്രംപ് ഗവണ്‍മെന്റ് ശ്രമിക്കുന്നതായി ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നുണ്ട്. അന്വേഷണം തടസപ്പെടുത്തിയാല്‍ ഇത് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ധാരാളമാണ് എന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു.

ഇംപീച്ച്‌മെന്റ് നീക്കങ്ങളെ കടന്നാക്രമിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അംബാസഡര്‍ സോണ്ട്‌ലാന്റിനെ മൊഴി നല്‍കാന്‍ അയയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞു. അതേസമയം സോണ്ട്‌ലാന്റ് മൊഴി നല്‍കേണ്ടത് ഒരു കങ്കാരു കോടതിയിലാണ്. റിപ്പബ്ലിക്കന്മാര്‍ക്ക് അവിടെ നീതിയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം അംഗീകരിക്കുകയല്ലാതെ തന്റെ കക്ഷിക്ക് മറ്റ് വഴിയില്ല എന്നാണ് സോണ്ട്‌ലാന്‍ഡിന്റെ അഭിഭാഷകന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ഗവണ്‍മെന്റ് അനുവദിക്കുകയാണെങ്കില്‍ സോണ്ട്‌ലാന്‍ഡ് മൊഴി നല്‍കുമെന്നും ഹാജരാകാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് നിരാശയുണ്ടെന്നും അഭിഭാഷകന്‍ റോബര്‍ട്ട് ലസ്‌കിന്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ ജോലി ചെയ്തിരുന്ന എനര്‍ജി കമ്പനി ബുറിസ്മയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഉക്രൈന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബൈഡന്റെ മകനെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന് മേല്‍ പ്രസിഡന്റ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം. പ്രസിഡന്റ് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വോളിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളടക്കമുള്ളവയാണ് വിവാദമായത്.

ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ ഉക്രൈനുള്ള യുഎസ് സൈനിക സഹായം പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെന്നാണ് ആരോപണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉക്രൈന്റെ സഹായത്താല്‍ അട്ടിമറിക്ക് ശ്രമിക്കുന്നു എന്നാണ് ട്രംപിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ട്രംപ് ഉക്രൈനുമായുള്ള ചർച്ചകളിൽ പങ്കുണ്ടെന്ന് കരുതുന്ന പ്രത്യേക പ്രതിനിധി കുർട്ട് വോൾക്കർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.


Next Story

Related Stories