TopTop
Begin typing your search above and press return to search.

ലോകം അഭിമുഖീകരിക്കുന്നത് 50 വർഷത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധി - ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്

ലോകം അഭിമുഖീകരിക്കുന്നത് 50 വർഷത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധി - ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്

കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഒരു ഭക്ഷ്യപ്രതിസന്ധിയുടെ വക്കിലാണ് ലോകം നിൽക്കുന്നതെന്നും, വലിയ ദുരന്തം ഒഴിവാക്കാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഐക്യരാഷ്ട്ര സംഘടന ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് മഹാമാരിയെ തുടർന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന പോഷകാഹാരംപോലും അപ്രാപ്യമാക്കിത്തീര്‍ക്കും എന്നതിനാല്‍ ദരിദ്രർക്ക് മെച്ചപ്പെട്ട സാമൂഹിക പരിരക്ഷ അടിയന്തരമായി ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച പറഞ്ഞു.

'അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, വരാനിരിക്കുന്ന ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ, ദശലക്ഷക്കണക്കിന് കുട്ടികൾക്കും മുതിർന്നവർക്കും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ മോശമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നാം ഇപ്പോൾ മുതല്‍ തന്നെ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വിളകളുടെ വിളവെടുപ്പ് തുടരുകയാണെങ്കിലും കയറ്റുമതി നിരോധനവും സംരക്ഷണവാദവും തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു. മഹാമാരിയുടെ യഥാര്‍ത്ഥ ആഘാതമോ തന്മൂലമുള്ള മാന്ദ്യമോ ഇനിയും അനുഭവപ്പെട്ടിട്ടില്ല. 'ഭക്ഷണത്തിന് യാതൊരു മുട്ടുമില്ലാത്ത രാജ്യങ്ങളിൽ പോലും ഭക്ഷ്യ വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാനുള്ള സാധ്യത ഞങ്ങള്‍ മുന്നില്‍ കാണുന്നുവെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധി മൂലം ഈ വർഷം 50 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ ദീർഘകാല ഫലങ്ങൾ ഇതിലും മോശമായിരിക്കും. കാരണം, കുട്ടികള്‍ക്ക് കൃത്യസമയത്ത് കൃത്യമായ പോഷകാഹാരം ലഭ്യമായില്ലെങ്കില്‍ അതൊരു ആജീവനാന്ത പ്രശ്നമായി അവശേഷിക്കും. ഇതിനകം, ലോകമെമ്പാടുമുള്ള അഞ്ച് കുട്ടികളിൽ ഒരാൾ അവരുടെ അഞ്ചാം വയസ്സിൽ തന്നെ വളർച്ച മുരടിപ്പ് അനുഭവിക്കുന്നു എന്നാണ് കണക്ക്. ദാരിദ്ര്യ നിരക്ക് കുതിച്ചുയരുകയാണെങ്കിൽ ദശലക്ഷക്കണക്കിന് ആളുകളെ കാത്തിരിക്കുന്നത് ഇതേ വിധിയായിരിക്കും.


Next Story

Related Stories