TopTop
Begin typing your search above and press return to search.

'കോവിഡ് വാക്സിന്‍ ലോകത്തിന് സൗജന്യമായി ലഭ്യമാക്കണം': സര്‍ക്കാരുകള്‍ക്ക് ലോകനേതാക്കളുടെ കത്ത്

കോവിഡ് വാക്സിന്‍ ലോകത്തിന് സൗജന്യമായി ലഭ്യമാക്കണം: സര്‍ക്കാരുകള്‍ക്ക് ലോകനേതാക്കളുടെ കത്ത്

കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്താല്‍ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ലോകനേതാക്കള്‍ എല്ലാ സര്‍ക്കാരുകള്‍ക്കും കത്തെഴുതി. നിലവില്‍ അധികാരത്തിലുള്ളവരും അല്ലാത്തവരുമായ ലോക നേതാക്കള്‍, പൊതുജനാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സെനഗല്‍ പ്രസിഡണ്ട് മാക്കി സാള്‍, ഘാന പ്രസിഡണ്ട് നാന അദ്ദോ ഡാങ്ക്വ അകുഫോ അദ്ദോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സനുമായ സിറില്‍ റാമഫോസ, മുന്‍ ഫിന്‍ലാന്‍ഡ് പ്രസിഡണ്ട് എസ്കോ അഹോ തുടങ്ങിയ നിരവധി പ്രമുഖര്‍ കത്തില്‍ ഒപ്പു വെച്ചിരിക്കുന്നു.

വികസിപ്പിക്കപ്പെടുന്ന എല്ലാ വാക്സിനുകളുടെയും പേറ്റന്റ് അവകാശങ്ങള്‍ ഇല്ലാതാക്കണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ വാക്സിന്‍ വിതരണം ചെയ്യണം. പൂര്‍ണമായും സൗജന്യമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും സാങ്കേതികതയും സൗജന്യമായി ലഭ്യമാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഈ ഗവേഷണങ്ങളിലധികവും നടക്കുന്നതെന്ന വസ്തുതയും കത്ത് ചൂണ്ടിക്കാട്ടുന്നു. വിവിധ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയുമെല്ലാം വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനായി ഫണ്ട് നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും വാക്സിന്‍ ഗവേഷണം നടത്തുന്നുണ്ട്.

എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമായാല്‍ മാത്രമേ ലോകം സുരക്ഷിതമാകൂ എന്ന വസ്തുതയും കത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കണം. വാക്സിന്‍ വികസിപ്പിക്കപ്പെട്ടാല്‍ അതിന്റെ അതിവേഗതയിലുള്ള ലഭ്യത ലോകത്തിന്റെ എല്ലാ ഭാഗത്തും ഉറപ്പാക്കാന്‍ ഇപ്പോഴേ ശ്രമം നടത്തണം. പണം നല്‍കാനുള്ള ശേഷിയാകരുത് വാക്സിന്‍ ലഭ്യതയുടെ അടിസ്ഥാനം. കോവിഡ് സംബന്ധിച്ച എല്ലാ ഗവേഷണഫലങ്ങളും ലോകത്തിന് പങ്കിടണം. സമ്പന്നരാഷ്ട്രങ്ങളുടെ ഫണ്ടിങ്ങില്‍ കോവിഡ് വാക്സിന്റെ നിര്‍മാണവും വിതരണവും നടപ്പാക്കാന്‍ ഒരു പ്ലാന്‍ തയ്യാറാക്കണം. ആവശ്യമനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുകയാണ് വേണ്ടത്. ജനാധിപത്യപരമായ, സുതാര്യമായ വാക്സിന്‍ വിതരണത്തിന് ലോകാരോഗ്യ സംഘടന മുന്‍കൈയെടുക്കണമെന്നും കത്ത് ആവശ്യപ്പെട്ടു.


Next Story

Related Stories