രാകേഷ് സനല്‍
വന്യമൃഗസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ വേട്ടയാടുകയാണ് വനപാലകരെന്നുള്ള കര്‍ഷകരുടെ പരാതിക്ക് പഴക്കമേറെയുണ്ട്. ജനവാസകേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചു കയറുന്ന മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ കൈയുംകെട്ടിയിരിക്കുന്ന വനപാലകര്‍ ഏതെങ്കിലും കര്‍ഷകന്റെ പറമ്പില്‍ അവനറിയാത്ത കാരണങ്ങള്‍കൊണ്ട് ഒരു വന്യമൃഗം ചത്തുകിടന്നാല്‍ ജയിലഴികള്ക്കുള്ളിലാക്കാന് മത്സരബുദ്ധിയോടെ പെരുമാറുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കാട്ടാനകള്‍, പുലികള്‍ തുടങ്ങിയ വന്യമൃഗങ്ങളെ സൗരോര്‍ജവേലി കെട്ടി ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കാതെ തടയണമെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ യാതൊരുവിധ ഉത്തരവാദിത്വവും വനപാലകരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. അതേസമയം തങ്ങള്‍ മനസുകൊണ്ടുപോലും അറിയാത്ത സംഭവങ്ങളില്‍ കുറ്റവാളികളാകുന്നുവെന്നു കര്‍ഷകര്‍ പറയുന്നു. അതിന് ഏറ്റവും ഉടുവിലത്തെ ഉദാഹരണമാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് അലക്സ് ജോസഫിനെതിരെയുള്ള നടപടി.
പറമ്പില്‍ പുള്ളിപ്പുലി ചത്തുകിടന്ന കുറ്റത്തിന് അലക്സിനെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ഈ കേസില്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് അലക്സ് ശ്രമിച്ചെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തു നിന്നും മാറി നില്‍ക്കുകയാണ് അലക്സ് ജോസഫ്.
എന്നാല്‍ ഇത്തരമൊരു കുറ്റം തന്റെ അനിയന് ചെയ്തിട്ടില്ലെന്നും ഫോറസ്റ്റുകാര് കെട്ടിച്ചമച്ച കുറ്റമാണ് അലക്സിന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നതെന്നും സഹോദരന് ടോമി പറയുന്നു. സംഭവത്തെ കുറിച്ച് ടോമിക്ക് പറയാനുള്ള കാര്യങ്ങളിതാണ്;
കഴിഞ്ഞ മാസം (മാര്‍ച്ച്) 22 നാണ് അലക്സിന്റെ പറമ്പിന്റെ അതിരിനോട് ചേര്‍ന്ന് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വൈകുന്നേരം പുല്ലുചെത്താന്‍ വന്ന സ്ത്രീയാണ് പുലിയുടെ ജഡം കാണുന്നത്. ഉടന്‍ തന്നെ ഫോറസ്റ്റിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി മഹസര്‍ എഴുതി പെട്ടെന്നു തന്നെ സ്ഥലം വിട്ടു. പിറ്റേദിവസമാണ് സര്‍ജനുമായി വന്നത്. ഈ രണ്ടു ദിവസങ്ങളിലും ഞങ്ങളോട് എന്തെങ്കിലും ചോദിക്കുകയോ മറ്റോ ഉണ്ടായിട്ടില്ല. ദുഃഖവെള്ളി ദിവസം അവര്‍ വീണ്ടും വന്നു. ഞങ്ങളാ സമയം പള്ളിയില്‍ പോയിരിക്കുകയാണ്. ബംഗാളി കളായ പണിക്കാരുമാത്രമാണുള്ളത്. ഇത്തവണ അലക്സിന്റെ പുരയിടത്തിലും മറ്റുമാണ് അവരുടെ പരിശോധന. ഈ സമയം ഞങ്ങളും വിവരം അറിഞ്ഞു. ഫോറസ്റ്റുകാര് എന്തൊക്കെയോ കരുതിയുള്ള വരവാണെന്നു ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഒടുവില്‍ വിചാരിച്ചതുപോലെ തന്നെ നടന്നു. പറമ്പിന്റെ ദൂരെ മാറി ചെറിയൊരു ഷെഡ് ഉണ്ട്. അവിടെ പോത്തുകള്‍ക്ക് കൊടുക്കാനുള്ള പുല്ല് സൂക്ഷിക്കാറുണ്ട്. ഈ ഷെഡിനു കുറച്ചു മുകളിലേക്കു മാറിയാണ് ബംഗാളി ജോലിക്കാര്‍ താമസിക്കുന്നത്. ഫോറസ്റ്റുകാര് നേരെ ഈ ഷെഡിലേക്കാണ് പോയത്. പതിനഞ്ച് ഏക്കറുള്ള പറമ്പില്‍ വളരെ കൃത്യമായി ആരോ പറഞ്ഞുറപ്പിച്ചപോലെയാണ് ആ ഷെഡ് ലക്ഷ്യമാക്കി ഫോറസ്റ്റുകാര് പോയത്. അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതു കരുതിക്കൂട്ടിയുള്ളതാണ്. അതു ശരിയായിരുന്നു. ഷെഡിനകത്ത് കടന്ന ഫോറസ്റ്റുകാര്‍ക്ക് ചത്ത പുള്ളിപ്പുലിയുടെ രോമക്കൂട്ടം പുല്ലുകെട്ടിനു പുറത്തുനിന്നു കിട്ടുന്നു. കുറച്ചു മാറി പുലിയുടെ മീശരോമവും! ഫോറസ്റ്റുകാര്ക്കായി ആരോ എടുത്തിവച്ചിരുന്നപോലെയാണ് ഇവ രണ്ടും കണ്ടെടുക്കപ്പെടുന്നത്. പക്ഷേ ഞങ്ങളുടെ സംശയമിതാണ്; ചൊവ്വാഴ്ച്ചയാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം കഴിഞ്ഞിട്ടും ഫോറസ്റ്റുകാര് വന്നപ്പോള്‍ രോമക്കൂട്ടം പുല്ലുകെട്ടിന് മുകളില്‍ തന്നെ ഇരിക്കുന്നു! മീശരോമവും അവിടെ തന്നെ. ഈ ദിവസങ്ങളിലൊക്കെ പുല്ല് അവിടെ നിന്നും എടുത്തിട്ടുള്ളതുമാണ്. പുതിയ പുല്ല് കൊണ്ടുവയ്ക്കുകയും ചെയ്തു. എന്നിട്ടും രോമക്കുട്ടം ഏറ്റവും മുകളിലായി തന്നെ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞ് ഒരു കേബിള്‍ കരുക്കും ഷെഡില്‍ നിന്നും കണ്ടെടുത്തു. പുലിയെ കഴുത്തി മുറുക്കി കൊല്ലാന്‍ ഉപയോഗിച്ചതയാണ് എഫ് ഐ ആറില്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നത്.
ഫോറസ്റ്റുകാര് പറഞ്ഞു വരുന്നത് പുള്ളിപ്പുലിയെ ഞങ്ങള്‍ കുരുക്കിട്ട് പിടിച്ചു കൊന്നതാണെന്നാണ്. പതിനഞ്ചേക്കറോളം വരുന്ന പറമ്പാണിത്. പുലിയുടെ ജഡം കണ്ടെത്തിയതിനു സമീപം പുഴയാണ്. ആ പുഴയുടെ അക്കരെയായി വീടുകളുമുണ്ട്. പുലിയെ ഞങ്ങളാണ് കൊന്നതെങ്കില്‍ ഇത്രയും വലിയ പറമ്പില്‍ അതിനെ മറവു ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടതല്ലേ. അല്ലെങ്കില്‍ പുഴയിലേക്ക് എറിയാലോ. കൊന്നിട്ടിടത്തു തന്നെ ഉപേക്ഷിക്കാന്‍ തക്ക മണ്ടത്തരം ആരെങ്കിലും കാണിക്കുമോ? കഴുത്തില്‍ കുരുക്കു മുറുകിയാല്‍ പുലി മരണവെപ്രാളം കാണിക്കും. അതുറക്കെ അലറും. എന്നാല്‍ ഇത്തരത്തിലൊരു ശബ്ദവും ആരും കേട്ടതായി പറയുന്നില്ല. പുലിയുടെ കഴുത്തില്‍ പാടുകളുണ്ടെന്നു പറയുമ്പോഴും മുറിപ്പാടുകളുടെ കാര്യം പറയുന്നില്ല. കേബിള്‍ കുരുക്ക് മുറുകിയാല്‍ കഴുത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാവേണ്ടതാണ്. അല്ലെങ്കില്‍ കഴുത്ത് കുരുക്കില്‍ നിന്നും വിടുവിക്കാനിയി കേബളില്‍ പുലി മാന്തുകയോ കടിച്ചുവലിക്കാന്‍ ശ്രമിക്കുകയോ ഉണ്ടാവും അങ്ങനെ വന്നാല്‍ കേബിള്കുരുക്കില് പൊട്ടിയ പാടുകള്‍ വേണ്ടതാണ്. അതുമില്ല. പുലി ചത്തുകിടക്കുന്ന പരിസരത്ത് ഒരു പുല്ലുപോലും ചതഞ്ഞ നിലയില്‍ കാണുന്നില്ല. എത്രവന്നാലും മരണവെപ്രാളം എടുക്കുമ്പോള്‍ പുലി മണ്ണില്‍ കിടന്നു ഉരുണ്ടുപിടയും, അങ്ങനെ വരുമ്പോള്‍ അതിന്റെ പാടുകള്‍ നിലത്തു കാണണം. ഇവിടെ അങ്ങനെയൊന്നുമില്ല. ഈ സംശയങ്ങളെല്ലാം നില്ക്കുന്നതുകൊണ്ടു തന്നെയാണ് എന്റെ അനിയനെതിരെ ഫോറസ്റ്റുകാര് ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് ഉറപ്പിച്ചു പറയുന്നത്. പക്ഷേ കോടതി അവന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അതിനുമൊരു കാരണമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് തോക്ക് കൈവശം വച്ചതിന് അവനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ പിടികൂടിയത് എയര്‍ ഗണ്‍ ആണെന്നും തോക്കല്ലെന്നും ഞങ്ങള്‍ പറഞ്ഞു. ഫോറസ്റ്റുകാര് കേട്ടില്ല. ഒടുവില്‍ പരിശോധിച്ചു വന്നപ്പോള്‍ എയര്‍ ഗണ്‍ ആണെന്ന് റിപ്പോര്‍ട്ട്. പക്ഷേ ഈ സത്യം മറച്ചുവച്ച് പൊലീസ് പുലി ചത്ത കേസിന്റെ കൂടെ അലക്സിന്റെ പേരില്‍ അനധികൃതമായി തോക്ക് കൈവശംവച്ചതിനു മറ്റൊരു കേസ് ചുമത്തപ്പെട്ടയാളാണെന്നു കൂടി കോടതിയില്‍ പറഞ്ഞു. ഇതാണ് എന്റെ സഹോദരന് വിനയായത്.
യഥാര്‍ത്ഥത്തില്‍ മുന്‍വൈരാഗ്യം പോലെയാണ് ഫോറസ്റ്റുകാര് കര്‍ഷകരോട് പെരുന്നത്. വന്യമൃഗങ്ങളുടെ സംരക്ഷണം എന്നപേരില്‍ അവര്‍ക്ക് വൈരാഗ്യമോ എതിര്‍പ്പോ ഉള്ളവരെ കേസില്‍ കുടുക്കി ദ്രോഹിക്കുകയാണ്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എഫ് ഐ ആറില്‍ സാക്ഷിയായി പേരു ചേര്‍ക്കാന്‍ അവര്‍ സമീപവാസികളെ സമീപിച്ചെങ്കിലും എല്ലാവരും ഒഴിഞ്ഞതിനു കാരണവും അതാണ്. ഒടുവില്‍ അലക്സിനെതിരായ എഫ് ഐ ആറില്‍ സാക്ഷിയായത് സംഭവസ്ഥലത്തു നിന്നും പത്തുകിലോമീറ്റര്‍ അകലെ താമസിക്കുന്നൊരാളും.
കര്‍ഷകരുടെ ജീവനോ സ്വത്തിനോ യാതൊരുവിധ സംരക്ഷണവും തരാത്തവരാണ് പറമ്പിന്റെ ഏതെങ്കിലുമൊരു മൂലയില്‍ അപകടത്തില്‍പ്പെട്ട് കാട്ടുമൃഗം ചത്താലും പറമ്പിന്റെ ഉടമകളെ പ്രതിയാക്കി കേസ് എടുക്കുന്നത്. ഒരു കാട്ടുമൃഗം ചത്താല്‍ അതേക്കുറിച്ച് വനപാലകരോട് ചോദ്യം ഉണ്ടാകും. ഇതില്‍ നിന്നും തലയൂരാനാണ് പാവം കര്‍ഷകനെ ഇതിലേക്ക് പിടിച്ചിടുന്നത്. പിന്നെല്ലാം അവന്റെ ചുമലിലാകുമല്ലോ. താന്‍ നിരപരാധിയാണെന്നു തെളിയിക്കാന്‍ അയാള്‍ എത്ര കഷ്ടപ്പെടണം.
ഇക്കാലയളവില്‍ ആന, പുലി തുടങ്ങിയവയുടെ ആക്രമണത്തില്‍ എത്രപേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. അക്കാര്യത്തില്‍ കാര്യക്ഷമമായ എന്തെങ്കിലും നടപടിയെടുക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടുണ്ടോ? സര്‍ക്കാര്‍ എന്താണ് കര്‍ഷകരുടെ ജീവന് നല്കുന്ന സംരക്ഷണം. പക്ഷേ കേസിനും കൂട്ടത്തിനും ഒരു കുറവും വരുത്തില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിലമ്പൂര്‍ മാത്രം 25 പേരാണ് കൊല്ലപ്പെട്ടത്. കോടിക്കണക്കിനു രൂപയുടെ കാര്ഷികനാശമാണ് വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടായിട്ടുള്ളത്. ഇതൊന്നും ഒരു വനപാലകനും ശ്രദ്ധിക്കാറുപോലുമില്ല. ഇതേ കാരണത്താല്‍ പരിക്കേറ്റു കഴിയുന്നവരുടെ എണ്ണവും അമ്പതിനടുത്ത് വരും. ഇപ്പോഴും ഞങ്ങളെല്ലാം ഭീതിയോടുകൂടിയാണ് ഇവിടെ കഴിയുന്നത്. ഞങ്ങള്‍ വേട്ടക്കാരല്ല, കര്‍ഷകരാണ്. മണ്ണില്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍. ഒരു പുലിയെ വേട്ടായാടി പിടിച്ചാല്‍ എങ്ങനെയെങ്കിലും അഞ്ചുലക്ഷത്തിനടുത്ത് രൂപ വിപണയില്‍ നിന്നും ഉണ്ടാക്കാം. ഞങ്ങള്‍ അത്തരക്കാരായിരുന്നെങ്കില് ആ പുള്ളിപ്പുലിയെ ഇരു ചെവിയറിയാതെ കച്ചവടം ചെയ്യാമായിരുന്നില്ലേ. ഒരു മൃഗത്തെയും വേട്ടയാടി കൊല്ലേണ്ട കാര്യം ഞങ്ങള്‍ക്കില്ല. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതെ സംരക്ഷണം തീര്‍ക്കേണ്ടത് വനംവകുപ്പാണ്. പക്ഷേ ഇപ്പോഴും അതു കര്‍ഷകന്റെ ചുമതലയായാണ് കണക്കാക്കുന്നത്. എല്ലാവര്ക്കും സൗരോര്‍ജ വേലികളോ മറ്റ് ഉറപ്പുള്ള വേലികളോ ഉണ്ടാക്കി വന്യമൃഗങ്ങളെ തടയാന്‍ കഴിയണമെന്നില്ല. അങ്ങനെയുള്ളവരുടെ പുരയിടത്തിലേക്കാണ് മൃഗങ്ങള്‍ കടന്നെത്തുന്നത്. അങ്ങനെ വരുന്നവയാണ് ഒന്നുകില്‍ മനുഷ്യനെ ആക്രമിക്കുന്നത് അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നത്. ഇവയാണ് ഞങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നത്. അപ്പോഴൊന്നും ഒരു അധികാരിയും അന്വേഷിക്കാന്‍ വരില്ല. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഒരു മൃഗം ഞങ്ങളുടെ പറമ്പില്‍ കിടന്നു ചത്താല്‍ അതിനുത്തരവാദികള്‍ ഞങ്ങള്‍. പിന്നെ കേസും പുകിലും. ആര്‍ക്കാണ് ഇതുകൊണ്ടെല്ലാം നഷ്ടം, സംശയമെന്ത് കര്‍ഷകനു തന്നെ. മൃഗങ്ങളെക്കാള്‍ വലിയ ഉപദ്രവം ഇവരെ പോലുള്ള മനുഷ്യര്‍ തന്നെയാണ്. നിലമ്പൂരില്‍ വനപാലകരുടെ പകയ്ക്ക് ഇരയാകേണ്ടി വന്നര്‍ വേറെയും ഉണ്ടെന്നു ടോമി പറയുന്നു.
ഈ വിഷയത്തില്‍ നിലമ്പൂര്‍ റീജിയണിലെ ഡിഎഫ്ഒയെ അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി, ആരെയെങ്കിലും നിരപരാധിയാക്കാണെമെങ്കില് കോടതിയില്‍ പൊക്കോളണം, എന്നോടു കൂടുതല്‍ ഒന്നും ചോദിക്കേണ്ട എന്നായിരുന്നു.
പറമ്പില്‍ പുള്ളിപ്പുലി ചത്തുകിടന്നാല്‍ കര്ഷകന് പ്രതി; നിലമ്പൂരില്‍ വനംവകുപ്പിന്റെ കര്‍ഷകവേട്ട

Next Story