UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാലാം വ്യവസായ വിപ്ലവം: ഇത് കേരളത്തിന്റെ അവസരം

Avatar

പി എച്ച് കുര്യന്‍ ഐ എ എസ് 

വ്യാവസായികലോകത്ത് പുത്തന്‍ മാറ്റങ്ങള്‍ കുറിക്കുന്ന നാലാം വ്യാവസായികവിപ്ലവം സംജാതമാകുകയാണ്. വ്യാവസായികലോകത്തെ സമൂലമായ തിരുത്തിക്കുറിക്കലുകള്‍ക്ക് വിധേയമാക്കുന്ന അടുത്ത ഘട്ടവ്യവസായ വികസനത്തെ നാലാം വ്യവസായ വിപ്ലവമെന്ന് സംബോധന ചെയ്തത് കഴിഞ്ഞ വേള്‍ഡ് എക്കണോമിക് ഫോറമാണ്. പ്രൊഫ. ഷോബിന്റെ പുസ്തകത്തിലാണ് അതിനെപറ്റി ആദ്യ പരാമര്‍ശങ്ങള്‍ കാണുന്നത്. ത്രീഡി പ്രിന്റിംഗും റോബോട്ടിക്‌സും ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ആദ്യഘട്ടം. ഇന്റെര്‍നെറ്റ് ലിങ്ക്ഡ് ആയ വ്യവസായങ്ങള്‍ അടുത്തഘട്ടവും. നാലാം വ്യവസായ വിപ്ലവത്തിന്റെ കടന്നുവരവോടെ റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ വിനിയോഗം സാധാരണമാകും.

ഇന്ത്യയെ പോലുള്ള മൂന്നാംലോകരാജ്യങ്ങള്‍ക്ക് വ്യവസായരംഗത്ത് ബഹുദൂരം മുന്നേറാനുള്ള അവസരമാണിത്. കേരളം കാത്തിരുന്ന വ്യാവസായിക മാറ്റമെന്ന് വേണമെങ്കില്‍ നാലാം വ്യവസായ വിപ്ലവത്തെ വിശേഷിപ്പിക്കാം. കേരളത്തിലെ യുവാക്കള്‍ ബൗദ്ധികവിഭവശേഷിയില്‍ യൂറോപ്യന്‍രാജ്യങ്ങളോട് കിടപിടക്കുന്നതാണെങ്കിലും കായികശേഷി ആവശ്യമായ തൊഴില്‍രംഗത്ത് നാം ഏറെ പിന്നിലാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളും സ്ഥലപരിമിതിയുമെല്ലാം വ്യവസായരംഗത്ത് കേരളത്തെ ഒരുപാട് ദൂരം പിന്തള്ളിയിരുന്നു. അതിനാല്‍ മൂന്നും നാലും വ്യവസായവിപ്ലവങ്ങള്‍ കേരളത്തില്‍ വേണ്ടവിധം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലയെന്നത് വസ്തുതയാണ്. എന്നാല്‍ ആ പ്രശ്‌നങ്ങളൊന്നും തന്നെ നാലാം വ്യവസായവിപ്ലവത്തെ ബാധിക്കുന്നതേയില്ല. സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങളും തൊഴില്‍പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടാണ് നാലാം വ്യവസായ വിപ്ലവം പിറന്നുവീഴുന്നത്.

സ്ഥലഅപര്യാപ്തതയുടെ പ്രശ്‌നങ്ങളും അനുബന്ധതൊഴില്‍പ്രശ്‌നങ്ങളും ഇല്ലാതാകുന്നതോടെ എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ രംഗത്ത് ഏറെ മുന്നേറാന്‍ സാധിക്കും. ഇത് ആഗോള സാമ്പത്തികമേഖലയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ അന്താരാഷ്ട്രതലത്തില്‍ നേതൃപരമായ പങ്ക് വഹിക്കുന്ന ചൈനയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ വെല്ലുവിളികളാണ്  സൃഷ്ടിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഫാക്ടറിയാണ് ചൈന. അമേരിക്കയില്‍ പോലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അറുപത് ശതമാനം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ നാലാം വ്യവസായവിപ്ലവത്തിന്റെ കടന്നുവരവോടെ എല്ലാ രാജ്യങ്ങളും മാനിഫാക്ചറിങ് രംഗത്ത് ഇന്നുള്ളതിനേക്കാള്‍ മുന്നോട്ടുപോകുകയും ഏറെക്കുറെ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യും.

ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ട് ഒരിക്കലും വന്‍വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത കേരളത്തിന് ഈ മാറ്റം സമ്മാനിക്കാന്‍ പോകുന്നത് അവസരങ്ങളുടെ പുതിയൊരു ആകാശമാണ്. ആ അവസരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. ഇതിന് അനുബന്ധമായി വളര്‍ന്നുവരുന്ന നിര്‍മ്മാണ വ്യവസായം (മാനിഫാക്ച്വറിങ് ഇന്‍ഡസ്ട്രി) നൈപുണ്യവികസനത്തിന്റെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. കേരളത്തിനും ഏറെ പരീക്ഷണസാധ്യതയുള്ള ഒരു മേഖലയാണിത്. നിര്‍മ്മാണമേഖലയ്ക്കാവശ്യമായ പരിശീലനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം. വരുംകാലത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള നൈപുണ്യവികസനമാണ് കേരളത്തിനാവശ്യം. അതിനനുസൃതമായി അടിസ്ഥാനസൗകര്യ വികസനമുണ്ടാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും അധികാരികള്‍ക്കുണ്ട്. കേരളസര്‍ക്കാര്‍ അതിനുള്ള മികച്ച തുടക്കം നല്‍കിക്കഴിഞ്ഞു. ഫാബ് ലാബുകളും ഇലക്ട്രോണിക്ക് ഇന്‍കുബേറ്ററുകളും ആരംഭിച്ചു. പുതിയ സാങ്കേതികവിദ്യകളും നമ്മുടെ നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ത്രീഡി പ്രിന്റിംഗില്‍ പുതിയ ഡിസൈനിങ് ആശയങ്ങളും ഉള്‍ക്കൊള്ളിക്കുന്ന നിലയില്‍ മാറ്റം വരുത്തി. സ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പാംടോപ്പ് കമ്പ്യൂട്ടറുകള്‍ നല്‍കി മെയ്ക്ക്അപ്പ് കമ്യൂണിറ്റിയാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റെര്‍നെറ്റ് ഓഫ് തിങ്‌സ് ഉപകരണങ്ങളാണ് ദൈനംദിനജീവിതത്തില്‍ ഇനിയുണ്ടാകാന്‍ പോകുന്നത്. നാം പറയുന്ന നിര്‍ദ്ദേശങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്ന വാഷിങ് മെഷിനും വൈദ്യപരിശോധനയ്ക്കായി എല്ലാ ആഴ്ച്ചയും ഡോക്ടര്‍ക്ക് മുന്നിലേയ്ക്ക് പോകുന്നതിന് പകരം നമ്മുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍ക്ക് മുന്നിലേയ്ക്ക് എത്തിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുമെല്ലാമാണ് നാളെകളില്‍ നമ്മുടെ ദൈനംദിനജീവിതത്തിലേയ്ക്ക് വരാന്‍ പോകുന്നത്.

നാലാം വ്യവസായവിപ്ലത്തെ തുടര്‍ന്ന് റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗത്തോടെ തൊഴില്‍ നഷ്ടമുണ്ടായേക്കാമെന്ന ആശങ്ക തൊഴിലാളി കള്‍ക്കിടയിലുണ്ട്. എന്നാല്‍ തികച്ചും അസ്ഥാനത്തുള്ള ആശങ്കയാണത്. കഴിഞ്ഞ ഓരോ വ്യവസായവിപ്ലവത്തിലും തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്.  അതേസമയം മറ്റു മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നഷ്ടങ്ങള്‍ അവിടെ നികത്തപ്പെടുകയു മാണുണ്ടാകുന്നത്. രണ്ടാം വ്യവസായവിപ്ലവസമയത്ത് നമ്മുടെ നാട്ടിലെ പരമ്പരാഗതതൊഴിലുകളില്‍ തൊഴിലാളികള്‍ കുറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ മില്ലുകള്‍ വന്നതൊടെ നെല്ലു കുത്തുന്നവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ആ തൊഴിലുകള്‍ ചെയ്തിരുന്നവര്‍ മറ്റ് തൊഴിലുകളിലേയ്ക്ക് തിരിയുന്ന കാഴ്ച്ചകളാണ് പിന്നീടുണ്ടായത്. അന്നുവരെയുണ്ടാകാതിരുന്ന പല തൊഴില്‍രംഗങ്ങളും വ്യാവസായികവളര്‍ച്ചയുടെ ഭാഗമായി പിന്നീട് സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ അതെല്ലാം സംഭവിച്ചത് സാവധാനത്തിലായതിനാല്‍ നമുക്ക് അത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ മാറ്റങ്ങളെല്ലാം അതിവേഗത്തില്‍ നമ്മുടെ കണ്‍മുമ്പില്‍ നടക്കുകയാണ്. ഒരു മേഖലയില്‍ യന്ത്രവല്‍ക്കരണം മൂലം തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ പുതിയ അവസരങ്ങള്‍ മറ്റൊരു ഭാഗത്ത് തുറക്കപ്പെടുകയാണ്.

സ്മാര്‍ട്ടസിറ്റി, ഇന്‍ഫോപാര്‍ക്ക് മുതലായവ കൊണ്ട് സമ്പുഷ്ടമായ കൊച്ചിയില്‍ നിന്നും ഹൈടെക് പാര്‍ക്ക് നിലകൊള്ളുന്ന തൃശൂരിലേയ്ക്ക് ഒരു വ്യാവസായിക ഇടനാഴി  നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ മാനുഫാക്ച്വറിങ് രംഗത്ത് കേരളത്തിന്റെ വമ്പന്‍ കുതിച്ചുചാട്ടമായിരിക്കും അതെന്ന് ഉറപ്പാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനേയും കൊച്ചിന്‍ തുറമുഖത്തേയും ഇക്കാര്യത്തില്‍ ഏറെ ആശ്രയിക്കാവുന്നതാണ്. തിരുവനന്തപുരത്തും ഇത്തരമൊരു ഇടനാഴി പരിശോധിക്കാവുന്നതാണ്.

റോബോട്ടികിസ് സാങ്കേതികവിദ്യയുടെ വിനിയോഗം തൊഴില്‍ മേഖലയില്‍ ധാരാളം ഒഴിവുസമയം സൃഷ്ടിക്കും. ഇത്തരം ഒഴിവുസമയങ്ങള്‍ വിനോദത്തിനായി വിനിയോഗിക്കപ്പെടുമ്പോള്‍ ടൂറിസം പോലുള്ള വ്യവസായ മേഖലകളുടെ വളര്‍ച്ചയ്ക്ക് അത് കാരണമാകും. ഈ രംഗത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കേരളം പോലെ ടൂറിസം മാപ്പിലെ ഹോട്ട്‌സ്‌പോട്ടായ ഒരു നാടിന് ഇതിനപ്പുറം മറ്റൊരു അവസരമുണ്ടാകാനില്ല. എന്നാല്‍ സ്വപ്‌നസുന്ദരമായ നാളെകളെ സ്വപ്‌നം കണ്ട് അലസരായി ഉറങ്ങുകയോ ഇതിനെ ഭയന്ന് ഓടിയൊളിക്കുകയോ അല്ല വേണ്ടത്, വരാന്‍ പോകുന്ന സാധ്യതകളെ കൃത്യമായി വിനിയോഗിക്കാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. ആ തയ്യാറെടുപ്പ് ഒരു ദിവസം കൊണ്ട് കഴിയുന്നതല്ല. ജനങ്ങളെ പുതിയ സാങ്കേതികവിദ്യകളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പഠിപ്പിക്കണം. പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് വ്യവസായരംഗത്തെ പുതിയഘട്ട വളര്‍ച്ചയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് സ്റ്റാര്‍ട്ട്അപ്പുകളാണ്. നമ്മുടെ സ്റ്റാര്‍ട്ട്അപ്പുകളെ അതിനുതകുന്ന നിലയില്‍ വളര്‍ത്താന്‍ സാധിക്കണം. ഓരോ മേഖലകളിലും പുതിയമാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നതിനാല്‍ നാം വളരെ ജാഗ്രതയുള്ളവരായിരിക്കണം. ഓരോ സാങ്കേതികവിദ്യകളും പുതിയതായി ഉദയം ചെയ്യുന്നതിനനുസരിച്ച് നൈപുണ്യവികസനം സാധ്യമാക്കാന്‍ നമുക്ക് കഴിയണം. അതാണ് ഗവണ്‍മെന്റിന് ഈ രംഗത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

(വ്യവസായവകുപ്പ് സെക്രട്ടറിയാണ് ലേഖകന്‍)

*ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളം 2020 (എഡിറ്റര്‍: ടി പി കുഞ്ഞിക്കണ്ണന്‍) എന്ന പുസ്തകത്തില്‍ നിന്ന് 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍