TopTop
Begin typing your search above and press return to search.

പലസ്തീന്‍ മാരത്തണ്‍; ഓട്ടം ഇവിടെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാകുമ്പോള്‍

പലസ്തീന്‍ മാരത്തണ്‍; ഓട്ടം ഇവിടെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാകുമ്പോള്‍

ജാക്വിലിന്‍ കാന്റര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ മത്സരയോട്ടത്തിന്റെ ഫിനിഷിങ് ലൈനില്‍ ലഭിച്ചത് അപ്പോള്‍ പിഴിഞ്ഞെടുത്ത ഓറഞ്ച് നീരും ജെറിക്കോ ഈന്തപ്പഴങ്ങളുമാണ്. ജസ്റ്റിന്‍ ബീബര്‍, അഡെലെ ഗാനങ്ങളുടെ ടെക്‌നോ പതിപ്പുകള്‍ക്കും പരമ്പരാഗത അറബി സംഗീതത്തിനുമൊപ്പം ഓട്ടക്കാരുടെ സംഘങ്ങള്‍ നൃത്തം വച്ചു. ഓട്ടം പൂര്‍ത്തിയാക്കിയവര്‍ ഫലാഫെല്‍ കഴിച്ച് കല്ലുപാകിയ മാന്‍ജര്‍ സ്‌ക്വയറില്‍ നടുനിവര്‍ത്തി. വിജയി മെര്‍വിന്‍ സ്റ്റീന്‍കാംപിന് ഓട്ടത്തിന്റെ സമയം ഊഹിച്ചെടുക്കേണ്ടിവന്നു. സമയം കുറിക്കാന്‍ ഔദ്യോഗിക സംവിധാനമൊന്നുമുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടം എടുത്തുയര്‍ത്തുമ്പോള്‍ വിജയമുദ്രയ്ക്കു പകരം സമാധാനത്തിന്റെ ചിഹ്നമാണ് ഫൊട്ടോഗ്രഫര്‍മാര്‍ക്കായി സ്റ്റീന്‍കാംപ് വീശിക്കാണിച്ചത്.

പലസ്തീന്‍ വാര്‍ഷിക മാരത്തണ്‍ നാലാം വര്‍ഷത്തില്‍ ഓട്ടവും രാഷ്ട്രീയവും സമുദായങ്ങളും ഇല്ലാതായി, ലക്ഷ്യങ്ങളും അവയുടെ തീവ്രതയും ഇടകലര്‍ന്നു. മാരത്തണ്‍ ഓട്ടക്കാര്‍ ജീന്‍സും ടി ഷര്‍ട്ടുമിട്ട കുട്ടികളുമായി ഇടപഴകി. സ്പാന്‍ഡെക്‌സ് ധരിച്ച യൂറോപ്യന്‍ ഓട്ടക്കാര്‍ നീളമുള്ള കാലുറകളും വര്‍ണാഭമായ ഹെഡ്ബാന്‍ഡുകളും ധരിച്ച പലസ്തീന്‍ വനിതകളെ കടന്നുപോയി.

ആഗോള ഓട്ടക്കാരുടെ സമൂഹമായ റൈറ്റ് ടു മൂവ്‌മെന്റാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. പലസ്തീന്റെ വ്യത്യസ്തമായ കഥ പറയുകയായിരുന്നു ലക്ഷ്യം. 'പരമ്പരാഗത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു മടുത്ത ഒരു ജനതയ്ക്ക് മാരത്തണ്‍ പുതുമയുള്ള രാഷ്ട്രീയ പ്രഖ്യാപനമാണ്,' റാമെസ് ക്വോണ്‍ഖറെന്ന ശില്‍പി പറയുന്നു. ജന്മസ്ഥലമായ ബത്‌ലഹേമിലൂടെയുള്ള ഈ മാരത്തണ്‍ ക്വോണ്‍ഖര്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാരത്തണാണ്. ആദ്യത്തേത് നോര്‍ത്ത് അയര്‍ലന്‍ഡിലായിരുന്നു.

'അത് എല്ലാവരെയും ബന്ധിപ്പിക്കുന്നു. ഓട്ടത്തിലൂടെ നമുക്ക് നമ്മുടെ കഥ പറയാനാകുന്നു.'

അഞ്ചുവര്‍ഷം മുന്‍പ് ഒരാളും ബത്‌ലഹേമിലെ കല്‍പ്പാതകളില്‍ പരിശീലനം നടത്തുമായിരുന്നില്ല. 300 മൈലോളം ഇസ്രയേലുമായി അതിര്‍ത്തിതിരിക്കുന്ന 25 അടിയുള്ള കോണ്‍ക്രീറ്റ് മതിലിനടുത്തുകൂടി ജോഗ് ചെയ്യുമായിരുന്നില്ല. പലസ്തീനില്‍ സോക്കറാണ് ഒന്നാമത്തെ കളി. മറ്റേത് കളിയും അതിനു വളരെ പിന്നിലേ വരൂ. എന്നാല്‍ 2013ല്‍ പലസ്തീന്‍ മാരത്തണ്‍ വന്നത് പ്രദേശത്തെ മാറ്റിമറിച്ചു. ഇന്ന് എല്ലാവരും അതില്‍ പങ്കെടുക്കുന്നു. പലയിടത്തും അംഗീകരിക്കപ്പെടാത്ത ഈ രാജ്യത്തിനുവേണ്ടി മാരത്തണ്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍.മാരത്തണില്‍ പങ്കെടുക്കുക എന്നാല്‍ അക്രമമില്ലാതെ പ്രതിഷേധിക്കുക എന്നാണ്. 'ഞങ്ങള്‍ ഇവിടെയുണ്ട്. ഇത് ഞങ്ങളുടെ നാടാണ്. ഞങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ട് എന്നൊക്കെ പറയാനുള്ള വഴിയാണ്,' അഷ്‌റാഫ് ഹമൗദ,47, പറയുന്നു.

'ഇത് അവയൊക്കെ കാണിക്കാനുള്ള നല്ല വഴിയാണ്. കാരണം ഇത് സമാധാനപരമാണ്,' അദ്ദേഹത്തിന്റെ മകള്‍ നൂര്‍, 14, കൂട്ടിച്ചേര്‍ക്കുന്നു.

ഉദ്ഘാടന മത്സരത്തില്‍ പങ്കെടുത്തത് 700 പേര്‍ മാത്രമാണ്. ഈവര്‍ഷം പച്ച, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള ടി ഷര്‍ട്ടുകളണിഞ്ഞ് 4371 പേരാണ് ഓടാനെത്തിയത്. ഇത് റെക്കോഡാണ്. ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒലീവ് തടികൊണ്ടുള്ള ട്രോഫി ലഭിക്കും. ഇത്തവണ നിരവധി വിദേശികളും പ്രവാസികളും ബത്‌ലഹേം, റമള്ള, മറ്റ് വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുത്തു.

കഴിഞ്ഞമാസം ഗാസയില്‍നിന്നുള്ള മറ്റ് 750 പേര്‍ ഇസ്രയേല്‍ വഴി സഞ്ചരിച്ച് മാരത്തണില്‍ പങ്കെടുക്കാനുള്ള അനുമതി തേടിയിരുന്നു. ഗാസയില്‍നിന്നു പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ റൈറ്റ് ടു മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ 100 പേരുകള്‍ നല്‍കി. എന്നാല്‍ ഇവരില്‍ ആര്‍ക്കും പെര്‍മിറ്റ് നല്‍കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തയാറായില്ല. പലസ്തീന്‍ പ്രദേശത്ത് നടപടികള്‍ക്ക് ഉത്തരവാദിത്തമുള്ള ഇസ്രയേലിന്റെ പ്രതിരോധ കാര്യാലയ ഘടകം അവരുടെ ഫേസ്ബുക്ക് പേജില്‍ (സിഒജിഎടി) പറയുന്നത് മാരത്തണ്‍ സംഘാടകര്‍ ഗാസ പ്രദേശത്തുനിന്നുള്ളവരുടെ സംഘാടനം മനഃപൂര്‍വം വൈകിച്ചുവെന്നാണ്. ഇസ്രയേലിനുമേല്‍ കുറ്റം ചാര്‍ത്താന്‍ വേണ്ടിയാണിതെന്നും ആരോപിക്കുന്നു.

മഘസി അഭയാര്‍ത്ഥി ക്യാംപില്‍നിന്നുള്ള ഇനാസ് നോഫല്‍, നാദര്‍ അല്‍ മസ്‌റി തുടങ്ങിയവര്‍ 24 മണിക്കൂര്‍ മാത്രം മുന്‍പാണ് പങ്കെടുക്കാനാകില്ലെന്ന വിവരം അറിഞ്ഞത്. പതിനഞ്ചുകാരിയായ നോഫല്‍ 10 കിലോമീറ്റര്‍ റേസിനുവേണ്ടി പരിശീലനം നടത്തിവരികയായിരുന്നു. മുന്‍ ഒളിംപ്യനായ അല്‍ മസ്‌റി കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനാണ്.ഹൃദയം തകര്‍ന്ന നോഫല്‍ കണ്ണീരൊഴുക്കുകയും എന്തുകൊണ്ടാണ് തന്റെ അപേക്ഷ നിരസിക്കപ്പെട്ടതെന്നു ചോദിക്കുകയും ചെയ്‌തെന്ന് പരിശീലകന്‍ പറയുന്നു. ബത്‌ലഹേമില്‍ മെഡല്‍ നേടുന്ന ആദ്യ ഗാസക്കാരിയെന്ന ബഹുമതി നേടാനായിരുന്നു നോഫലിന്റെ ശ്രമം. എന്നാല്‍ മാരത്തണ്‍ നല്‍കാനുദ്ദേശിക്കുന്ന സന്ദേശത്തിലെ ഇരയായി അവള്‍ - ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പോകാന്‍ ആഗ്രഹിക്കുകയും നയപരമായ പ്രശ്‌നങ്ങള്‍ മൂലം അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന പലസ്തീന്‍കാരി.

മാരത്തണ്‍ അത് പറയാനുദ്ദേശിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണെന്ന് ബത്‌ലഹേമില്‍ ജോലി ചെയ്യുന്ന ജര്‍മന്‍കാരനായ ഓട്ടക്കാരന്‍ സ്‌റ്റെഫാന്‍ വാഗ്ലര്‍ പറയുന്നു. തുടര്‍ച്ചയായ മാരത്തണ്‍ വഴി നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി പലസ്തീനില്ല. ഓട്ടം തന്നെ രാഷ്ട്രീയ പ്രഖ്യാപനമാകുന്ന ലോകത്തിലെ ഏക മാരത്തണാകും ഇത്.

മാരത്തണ്‍ വഴി നാലുതവണ ബത്‌ലഹേമിനെ ചുറ്റിപ്പോകുന്നു. ഫാര്‍മസികളും ഹോട്ടലുകളും കോഫി ഷോപ്പുകളും മരക്കുരിശ് വില്‍ക്കുന്ന കടകളും കെഫിയേ എന്നറിയപ്പെടുന്ന വര്‍ണാഭമായ തൂവാലകള്‍ വില്‍ക്കുന്നവരെയും കടന്ന്. ഒരിടത്ത് ഉപേക്ഷിക്കപ്പെട്ട വീടുകളും മറുവശത്ത് അതിര്‍ത്തിമതിലിലെ ചിത്രങ്ങളുമാണ് ഓട്ടക്കാരെ കാത്തിരിക്കുന്നത്.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് അഭയാര്‍ത്ഥി ക്യാംപുകളിലൂടെ മാരത്തണ്‍, ഹാഫ് മാരത്തണ്‍ ഓട്ടക്കാര്‍ കടന്നുപോകുന്നു. പലയിടത്തും ആട്ടിടയന്മാരും ആട്ടിന്‍പറ്റവും മാര്‍ഗതടസമുണ്ടാക്കി. കൂട്ടത്തില്‍നിന്നകന്ന് മുന്നില്‍ ഓടിയെത്തിയ സ്റ്റീന്‍കാംപിനൊപ്പമെത്താന്‍ കുട്ടികള്‍ മത്സരിച്ചു.

ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റീന്‍കാംപ് ടീം പാലസ്തീന്‍ എന്ന സംഘത്തിനൊപ്പമാണെത്തിയത്. 55 പേരടങ്ങുന്ന ഈ സംഘം ഗാസയിലും വെസ്റ്റ് ബാങ്കിലും കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് പണം കണ്ടെത്താന്‍ ശ്രമിക്കുന്ന അമേരിക്കക്കാര്‍ അടങ്ങുന്നതാണ്. ആദ്യത്തെ രാജ്യാന്തര മാരത്തണില്‍ സ്റ്റീന്‍കാംപ് രണ്ടുമണിക്കൂര്‍ 35 മിനിറ്റ് 36 സെക്കന്‍ഡില്‍ ഓടിയെത്തി. നോര്‍ത്ത് അയര്‍ലന്‍ഡില്‍നിന്നുള്ള ടീമുകളും സേവ് ദ് ചില്‍ഡ്രനും യുഎന്‍ ഏജന്‍സികളും ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരും മാരത്തണില്‍ പങ്കെടുത്തു. മനുഷ്യത്വപരമായ സഹായങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള യുഎന്‍ കോ ഓര്‍ഡിനേറ്റര്‍ മാരത്തണിനു പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിറക്കി.

മത്സരം തുടങ്ങി മണിക്കൂറുകളോളം ആധുനിക മത്സര സമ്പ്രദായങ്ങള്‍ പ്രാദേശിക പാരമ്പര്യങ്ങളുമായി ഏറ്റുമുട്ടി. സ്‌ക്വയറിനു ചുറ്റും അതിര്‍ത്തികുറിക്കുന്നത് ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയും ബത്‌ലഹേം പീസ് സെന്ററുമാണ്. കുമ്മായക്കല്ലുകൊണ്ടുനിര്‍മിച്ച കെട്ടിടങ്ങളില്‍ കല്ലുകൊണ്ടുള്ള അടുപ്പുകളില്‍ ഉണ്ടാക്കുന്ന കബാബുകളായിരുന്നു മത്സരത്തിനുശേഷമുള്ള ഗ്രനോല ബാറുകളെയും ബ്രഡിനെയുംകാള്‍ ഓട്ടക്കാര്‍ക്കു പ്രിയം. ലോഹവണ്ടികളില്‍ നിന്ന് കടലാസ് കപ്പുകളില്‍ ലഭിക്കുന്ന ചോളത്തിനും ആവശ്യക്കാരേറെ. ഫിനിഷിങ് ലൈന് എതിര്‍വശത്തുള്ള മോസ്‌കില്‍നിന്ന് പ്രാര്‍ത്ഥനയ്ക്കുള്ള വിളി മുഴങ്ങി. ബുര്‍ഖ മുതല്‍ റണ്ണിങ് ഷോര്‍ട്‌സ് വരെയുള്ള വേഷങ്ങളില്‍ സ്ത്രീകള്‍ സ്‌ക്വയര്‍ നിറച്ചു. മത്സരത്തിലെ സ്ത്രീപങ്കാളിത്തം കഴിഞ്ഞ വര്‍ഷം 39 ശതമാനമായിരുന്നു. ഈ വര്‍ഷം 45 ശതമാനവും. യാഥാസ്ഥിതിക സമൂഹങ്ങളില്‍ സ്ത്രീകള്‍ പരസ്യമായി മാരത്തണുകളില്‍ പങ്കെടുക്കുന്നത് ഇന്നും അപൂര്‍വമാണെന്നതു വച്ചു നോക്കുമ്പോള്‍ ഇത് നേട്ടം തന്നെ.

ഹാഫ് മാരത്തണില്‍ രണ്ടാമതെത്തിയ വനിത ഫാത്തിമ അവെയ്‌സത് കിക്കന്‍ ജറൂസലേമില്‍ ദിവസവും രണ്ടുമൈല്‍ നടന്നാണ് പരിശീലിച്ചത്. ഇടയ്ക്കിടെ ഓടിയും. വെളുത്ത ശിരോവസ്ത്രവും കറുത്ത റണ്ണിങ് പാന്റ്‌സും ധരിച്ച് മല്‍സരിച്ച അവെയ്‌സത് ഓട്ടം പൂര്‍ത്തിയാക്കി (1: 27:43) മണിക്കൂറുകള്‍ക്കുശേഷവും അതീവ സന്തോഷത്തിലായിരുന്നു.അവെയ്‌സത് കുടുംബത്തിലെ 13 പേരാണ് ഇരുവിഭാഗത്തിലുമായി മല്‍സരിച്ചത്. അവെയ്‌സതിന്റെ സഹോദരി നിലംമുട്ടുന്ന കറുത്ത പാവാടയിട്ടാണ് 10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതിനുള്ളിലെ അത്‌ലറ്റിക് പാന്റ്‌സും വര്‍ണപ്പകിട്ടുള്ള റണ്ണിങ് ഷൂസും കാണിച്ചുതന്ന് അവര്‍ ചിരിച്ചു. ഇരുവരും ചെറുപ്പമായിരുന്നപ്പോള്‍ പൊതുസ്ഥലത്ത് ഓടുക എന്നത് സങ്കല്‍പിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ ആളുകള്‍ കുറച്ചുകൂടി തുറന്ന മനസുള്ളവരായിരിക്കുന്നു. മത്സരം അതിനും സഹായിക്കുന്നു.

'തളര്‍ത്തുന്ന ഓട്ടമായിരുന്നു,' തണല്‍ തേടി പീസ് സെന്ററിനകത്തുകയറിയ കുടുംബാംഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കെ അവെയ്‌സത് പറഞ്ഞു. പുറത്ത് താപനില 70നു മുകളിലാണ്. 'ഒപ്പം ആവേശമുണ്ടാക്കുന്നതും അതിശയകരവും.'


Next Story

Related Stories