TopTop
Begin typing your search above and press return to search.

ഇത് ഫൌസിയ: യാഥാസ്ഥിതികതയുടെ വല ഭേദിച്ച കാല്‍പ്പന്തുകളിക്കാരി

ഇത് ഫൌസിയ: യാഥാസ്ഥിതികതയുടെ വല ഭേദിച്ച കാല്‍പ്പന്തുകളിക്കാരി

കെ.പി.എസ്.കല്ലേരി

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സുബ്രതോ കപ്പില്‍ പങ്കെടുക്കാന്‍ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 16 കുട്ടികളെയും കൊണ്ട് ഡല്‍ഹിയിലേക്ക് വണ്ടികയറാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിക്കുകയായിരുന്ന ഫൌസിയയോട് വെറുതെ പഴയ ആ ചോദ്യം വീണ്ടും ചോദിച്ചു. 'ഫൗസിയാ, ഇപ്പഴും ആ പഴയ കോണ്‍ട്രാക്ട് കോച്ച് തന്നെയാണോ...!' ഫൗസിയുടെ ചിരിക്കുന്ന മുഖം പെട്ടെന്ന് ഗൗരവത്തിന് വഴിമാറി. 'ഏയ് അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കല്ലേ. ഞാന്‍ കോണ്‍ട്രാക്ടാണോ എനിക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്നതൊന്നും ഇപ്പോള്‍ എന്റെ മുമ്പിലുള്ള പ്രശ്‌നമേ അല്ല. ഞാനും എന്റെ കുട്ടികളും വിലിയൊരു പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ക്കറിയോ ഇന്ത്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ ബ്രസീല്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമുണ്ട് സുബ്രതോ കപ്പില്‍. അതിനിടേ എന്റെ സ്വന്തം കാര്യത്തിന് എന്ത് പ്രാധാന്യം...' ഫൗസിയുടെ മറുപടിക്കു മുമ്പില്‍ ചൂളിപ്പോകുന്നത് ഞാനാണോ, അതോ ഫൗസിയപ്പൊലുള്ളവരുടെ വിയര്‍പ്പിന് ഒരു വിലയും കല്‍പ്പിക്കാത്ത ഇവിടുത്തെ അധികാരി വര്‍ഗമോ...?

നാലു വര്‍ഷം കേരളാ ടീമിന്റെ ഗോള്‍കീപ്പര്‍, രണ്ടു വര്‍ഷം കോച്ച്, ഇപ്പോള്‍ 13 വര്‍ഷമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്‌ബോള്‍ കോച്ച്, ജൂനിയര്‍ ഇന്ത്യയ്ക്കും സീനിയര്‍ ഇന്ത്യയ്ക്കും കളിക്കുന്ന രണ്ട് കുട്ടികളടക്കം 13 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത പരിശീലക. സുബ്രതോ കപ്പിലേക്കുള്ള യാത്രയ്ക്ക് പുറമേ കേരളത്തിനകത്തും പുറത്തുമായി നിരവധി നേട്ടങ്ങള്‍...വനിതാ ഫുട്‌ബോളില്‍ ആളുകള്‍ സ്വപ്നം കാണുന്നതിനും മുകളിലൂടെയാണ് ഈ പെണ്‍താരകത്തിന്റെ യാത്ര. എന്നിട്ടും കോഴിക്കോട്ടുകാരി മാമ്പറ്റ ഫൗസിയക്കു മുമ്പില്‍ അധികൃതരുടെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി കെ.സുധാകരന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ നല്‍കിയ കോണ്‍ട്രാക്ട് പരിശീലകയുടെ കുപ്പായമാണ് ഫൗസിയയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഏക ഔദാര്യം. കാല്‍പന്തുകളിയില്‍ പുതിയ പെണ്‍ഗാഥ വെട്ടിപ്പിടിക്കാനുള്ള വിശ്രമമില്ലാത്ത ഓട്ടത്തിനിടയില്‍ ഫൗസിയ പലപ്പോഴും തന്നെ മറന്നു. അതുകൊണ്ടുതന്നെ ഫൗസിയയുടെ നേട്ടങ്ങളെയൊന്നും തൊട്ടറിയാന്‍ അധികൃതരും മിനക്കെട്ടുമില്ല.കോഴിക്കോട് വെള്ളിമാടുകുന്നിലെ മാമ്പറ്റ മന്‍സില്‍. ഒരു യാഥാസ്ഥിതിക മുസ്‌ലീം കുടുംബമായിരുന്നു അത്. ഫുട്‌ബോള്‍ പോയിട്ട് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോവാന്‍ പോലും പറഞ്ഞയക്കാന്‍ താല്‍പര്യമില്ലാത്ത കുടുംബം. എന്നാല്‍ തന്റെ ആറുമക്കളില്‍ നാലാമത്തവളായ ഫൗസിയ്ക്ക് പിതാവ് മൊയ്തു എല്ലാറ്റിനും അനുമതി നല്‍കി. ഉമ്മ കുഞ്ഞുമറിയംബീയും ബന്ധുക്കളും ഓരോ ഘട്ടത്തിലും ശക്തമായി എതിര്‍ത്തു. പക്ഷെ ഉപ്പയുടെ തണലില്‍ ഫൗസിയ പഠിച്ചു. പഠനത്തിനൊപ്പം ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി, ക്രിക്കറ്റ് പിന്നെ പവര്‍ലിഫ്ടിംങ്ങടക്കം ഒരുപാട് കളികളും പഠിച്ചു. ഉപ്പ പെരുന്നാളിന് പുതുവസ്ത്രം വാങ്ങാന്‍ ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത പൈസകൊണ്ടാണ് ഉമ്മയയറിയാതെ ആദ്യമായി ബൂട്ടും ജേഴ്‌സിയും വാങ്ങുന്നത്. വെള്ളയില്‍ ജി.യു.പി, നടക്കാവ് ഗേള്‍സ്, ആര്‍ട്‌സ്‌ കോളജ് പഠന കാലത്ത് വോളിബോളിലു ക്രിക്കറ്റിലും ഹാന്‍ഡ്‌ബോളിലുമെല്ലാം തിളങ്ങി നിന്നു. പവര്‍ ലിഫ്ടിംങില്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പും സൗത്ത് ഇന്ത്യയില്‍ വെങ്കലവും നേടി.

പക്ഷെ ഇതിനിടയിലെല്ലാം ജീവനായി കൊണ്ടുനടന്നത് ഫുട്‌ബോളിനെ. 1982 മുതലാണ് ഫുട്‌ബോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതുപ്പാടി ജോര്‍ജ് മാഷിന്റെ ശിക്ഷണത്തില്‍ ഗ്രൗണ്ടില്‍ നില്‍ക്കാതെ വിയര്‍പ്പൊഴുക്കി. ആയിടയ്ക്കാണ് തിരുവനന്തപുരത്ത് സംസ്ഥാന വനിതാ ചാംപ്യന്‍ഷിപ്പ് വന്നത്. പുതുപ്പാടിയിലെ കുട്ടികളായിരുന്നു കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി മത്സരിക്കേണ്ടത്. ചില സാങ്കേതിക കാരണങ്ങളാല്‍ അവര്‍ക്കിറങ്ങാനായില്ല. ആ ഒഴിവില്‍ ഫൗസിയയും കൂട്ടരും ജില്ലയെ പ്രതിനിധീകരിച്ചു. ഫലം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതിയില്ലാതെ ഗ്രൗണ്ടിലിറങ്ങിയെന്നു പറഞ്ഞ് രണ്ടുവര്‍ഷത്തെ വിലക്ക്. എന്നാല്‍ ഫൗസിയയ്ക്കും കൂട്ടര്‍ക്കും നിരാശപ്പെടേണ്ടിവന്നില്ല. ഫൗസിയുടെ ടീമിന്റെ മിടുക്ക് കണ്ടറിഞ്ഞ ഏറണാകുളം ഫുട്‌ബോള്‍ അസോസിയേഷന്‍ പിള്ളേരെ ദത്തെടുത്തു. അങ്ങനെ ആറു വര്‍ഷം ഏറണാകുളത്തിനുവേണ്ടി ബൂട്ടുകെട്ടി. അതിനിടെ കേരളാ ടീമിലേക്ക് സെലക്ഷന്‍. 88, 89, 90, 92 വര്‍ഷങ്ങളില്‍ കേരളാ ടീമിന്റെ ഗോള്‍വലയ്ക്ക് കരുത്തേകിയ കാവല്‍ക്കാരി. ഇതിനിടെ പവര്‍ലിഫ്ടിംങ്ങിലും പരീക്ഷണങ്ങള്‍ നടത്തി. 99ല്‍ സ്റ്റേറ്റ് പവര്‍ ലിഫ്ടിംങ് അടിച്ചെടുത്തപ്പോള്‍ 2000ല്‍ ഹൈദരബാദില്‍ നടന്ന സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്ടിംങില്‍ മൂന്നാംസ്ഥാനവും നേടി.

ഫുട്‌ബോളിലേയും പവര്‍ ലിഫ്റ്റിങ്ങിലേയും നേട്ടങ്ങളുമായി നീങ്ങുമ്പോഴാണ് ഒരു ജോലിയെക്കുറിച്ചുള്ളു ആലോചനയുണ്ടാവുന്നത്. 2002ല്‍ നേട്ടങ്ങളുടെ കൂമ്പാരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌പോര്‍ട്‌സ് മന്ത്രി സുധാകരനെ സമീപിച്ചപ്പോള്‍ ഏതെങ്കിലുമൊരു ജോലിമതിയെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര നിയമനം നല്‍കാമെന്നു പറഞ്ഞു. സ്‌പോര്‍ട്‌സാണ് ലക്ഷ്യമെങ്കില്‍ കരാറടിസ്ഥാനത്തിലേ നടക്കൂ. കാരണം ഫൗസിയയ്ക്ക് എന്‍ഐഎസ് സര്‍ട്ടിഫിക്കറ്റില്ല. സ്‌പോര്‍ടിസിനെ സ്‌നേഹിച്ച് ഫുട്‌ബോളില്‍ ജീവിക്കാനുറച്ച ഫൗസിയ തന്റെ ജീവിത ഭദ്രത ഓര്‍ക്കാതെ സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തു. ഒരു സര്‍ക്കാര്‍ ജോലിയ്ക്കായി പതിനായിരങ്ങള്‍ നാട്ടില്‍ നെട്ടോട്ടമോടുമ്പോള്‍ ഇങ്ങനെയൊരു തീരുമാനം പാടില്ലെന്ന് പലരും എതിര്‍ത്തു നോക്കി. പക്ഷെ ഫൗസിയയുടേത് ഉറച്ച നിലപാടായിരുന്നു. അങ്ങനെ 2002 മുതല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫൗസിയ കോണ്‍ട്രാക്ട് കോച്ചായി.നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയാണ് സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനു കീഴില്‍ പരിശീലനത്തിനായി ഫൗസിയ തെരഞ്ഞെടുത്തത്. 12 വര്‍ഷം കഴിയുമ്പോഴേക്കും ഇവിടത്തെ കുട്ടികളെ വെച്ച് കേരളത്തിലെ മികച്ച ജില്ലാ ടീമാക്കി കോഴിക്കോടിനെ മാറ്റിയിരിക്കുന്നു. ഏറ്റവും നല്ല സ്‌കൂള്‍ ടീം നടക്കാവും. രണ്ടു വര്‍ഷം കൊണ്ടുതന്നെ നാലുപേരെ സ്റ്റേറ്റ് ടീമിലേക്ക് നല്‍കിയ ഫൗസിയയുടെ മികവ് അടുത്തറിഞ്ഞ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ 2005ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വനിതാ ചാംപ്യന്‍ഷിപ്പിന്റെ കോച്ചായി ഫൗസിയയെ അയച്ചു. അന്ന് കേരളം മൂന്നാം സ്ഥാനം നേടി. 2006ല്‍ ഒറീസയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ഫൗസിയ കേരള കോച്ചായി. അന്ന് കേരളം രണ്ടാംസ്ഥാനക്കാരായി. 2008ലെ അണ്ടര്‍ 14 കേരള ടീമില്‍ 6പേര്‍ ഫൗസിയയുടെ നടക്കാവിലെ കുട്ടികള്‍. ടീം ക്യാപ്റ്റന്‍ നിഖില ഇന്ത്യന്‍ ടീമിലും അംഗമായി. കൊളംബോയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടിയിറങ്ങിയ നിഖില ഒമ്പത് ഗോളുകള്‍ നേടി റെക്കോര്‍ഡിടുമ്പോള്‍ ഗ്യാലറിയില്‍ പ്രര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു ഫൗസിയ. 2009ലെ ദേശീയ സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരളാ ടീമില്‍ ഏഴുപേര്‍ ഫൗസിയയുടെ നടക്കാവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ വൈ.എം.ആഷ്‌ലി ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷനായി. ഇപ്പോള്‍ സുബ്രതോ കപ്പിലേക്കുള്ള കേരള സ്‌കൂള്‍ ടീമും ഫൗസിയുടേതായിരിക്കുന്നു. എന്നിട്ടും ഫൗസിയയുടേത് കോണ്‍ട്രാക്ട് കോച്ച് നിയോഗം. അതും ചില്ലറ പൈസയ്ക്ക്. പലപ്പോഴും തനിക്ക് കിട്ടുന്ന ശമ്പളം മക്കളെപ്പോലെ കൊണ്ടുനടക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍പോലും തികയാറില്ലെന്ന് അവര്‍ പറയുമ്പോള്‍ എന്താ ഈ നാട് ഇങ്ങനെ ആയിപ്പോയതെന്നല്ലാതെ എന്ത് പറയാന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

സച്ചിന് ഭാരതരത്ന: ഉഷയ്ക്കും ധ്യാന്‍ചന്ദിനും എന്തു നല്കും?
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ
സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?
ആദിവാസി ഊരില്‍ നിന്ന് സ്പെയിനിലേക്കൊരു പെനാല്‍റ്റി കിക്ക്

സ്വന്തം കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ ഫൗസിയ പറയുക എപ്പോഴും ഫുട്‌ബോളിനെക്കുറിച്ചാണ്. ' ഇപ്പോള്‍ സംസ്ഥാനത്ത് കൈവിരലിലെണ്ണിയെടുക്കാവുന്ന സ്‌കൂളുകളില്‍ മാത്രമാണ് ഗൗരവമായി വനിതാ ഫുട്‌ബോള്‍ ഉള്ളത്. ആ സ്ഥിതി മാറണം. ഒറീസയിലും മണിപ്പൂരിലും ബംഗാളിലുമെല്ലാം ഉള്ളതുപോലെ കേരളത്തിലും വനിതാ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാന്‍ അക്കാദമികളും ക്ലബുകളും വേണമെന്നും ഫൗസിയ ആവശ്യപ്പെടുന്നു. ഇതിന് മാതൃകയാവാന്‍ ഫൗസിയ ആദ്യ വനിതാ ഫുട്‌ബോള്‍ ക്ലബ് കോഴിക്കോട്ട് രൂപീകരിച്ചിട്ടുണ്ട്. വിമന്‍സ് ഫുട്‌ബോള്‍ കാലിക്കറ്റ് എന്ന പേരില്‍ തുടങ്ങിയ ക്ലബ് ഇതിനകം നിരവധി കോച്ചിംങ് ക്യാംപുകളും മത്സരങ്ങളും നടത്തിക്കഴിഞ്ഞു. എന്നാല്‍ നല്ലൊരു സ്‌പോണ്‍സറെ കിട്ടാത്തതും പണമില്ലാത്തതുമാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ കോണ്‍ട്രാക്ട് പരിശീലകയായി തുടരുന്ന ഫൗസിയ കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ചെലവഴിക്കുന്നത് കുട്ടികളുടെ പരിശീലനത്തിനും ഫുട്ബോളിനും വേണ്ടിയാണ്. ഒരു സ്ഥിരം വരുമാനമുണ്ടെങ്കില്‍ കുട്ടികളെ കുറേക്കൂടി ഗൗരവമായി പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് ഫൗസിയ കരുതുന്നു. എന്നാല്‍ എന്‍ഐഎസ് സര്‍ട്ടിഫിക്കറ്റില്ലാത്ത നിരവധി കോച്ചുകള്‍ സര്‍ക്കാരിനുകീഴില്‍ തൊഴിലെടുത്ത് ജീവിക്കുന്ന കേരളത്തില്‍ ഫൗസിയയുടെ കാര്യത്തില്‍ മാത്രം നിയമം കാര്‍ക്കശ്യമാവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ആര്‍ക്കുമില്ല ഉത്തരം.

Next Story

Related Stories