TopTop
Begin typing your search above and press return to search.

പിളരുന്ന താലിബാന്‍, കുഴപ്പത്തിലായ അമേരിക്ക

പിളരുന്ന താലിബാന്‍, കുഴപ്പത്തിലായ അമേരിക്ക

ഷാന്‍ സ്നോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അഫ്ഘാനിസ്ഥാനിലെ സംഘര്‍ഷത്തില്‍ ഒരുപുതിയ, കൂടുതല്‍ കുഴപ്പംപിടിച്ച ഒരാധ്യായമാണ് തുറക്കുന്നത്. ഒരാഴ്ച മുന്‍പ് ബാഗ്രാം പ്രവിശ്യയിലുണ്ടായ ഒരു ചാവേര്‍ ആക്രമണത്തില്‍ 6 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. രാജ്യത്തു ഇസ്ലാമിക് സ്റ്റേറ്റിന്റെ സന്നിധ്യം കൂടുതല്‍ വിപുലമാകുകയാണ്. അതേസമയം താലിബാനുള്ളില്‍ അപകടകരമായ അധികാരതര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരിക്കുന്നു.

ഈ മാസം ആദ്യം താലിബാന്റെ പരമോന്നത നേതാവ് മുല്ല അക്താര്‍ മൊഹമ്മദ് മന്‍സൂറിന്റെ മരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മേഖലയില്‍ ഞെട്ടല്‍ പരത്തി. പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന ഒരു യോഗത്തില്‍ താലിബാനിലെ എതിര്‍വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഒരു വെടിവെപ്പില്‍ മന്‍സൂറിന് പരിക്കേറ്റിരുന്നു. കാബൂളിലെ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന സംഭാഷണങ്ങളും ഇതോടെ പ്രതിസന്ധിയിലായി.

മന്‍സൂറിന്റെ താലിബാന്‍ അനുയായികളെ തൃപ്തിപ്പെടുത്താന്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മന്‍സൂറിന്റെ ഒരു ശബ്ദസന്ദേശം പുറത്തുവന്നു. പക്ഷേ, അയാളുടെ പരിക്കിനെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ അഫ്ഘാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അഗങ്ങളിലടക്കം ഈ വാര്‍ത്ത പരക്കുന്നു. അഫ്ഘാനിസ്ഥാനിന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള ഡിസംബര്‍ 7-നു വെടിവെപ്പില്‍ താലിബാന്‍ നേതാവിന് പരിക്കുപറ്റിയ കാര്യം ആവര്‍ത്തിച്ചു.

സത്യം എന്തായാലും താലിബാന്‍ കൂടുതല്‍ വിഘടിച്ചുകൊണ്ടിരിക്കുകയാണ്. അതോടെ കൂടുതല്‍ അസ്ഥിരവും അക്രമാസക്തവും ആകാനുള്ള സാധ്യതയും. അഫ്ഘാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയെ ക്രമേണ പിന്‍വലിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ നീക്കത്തിനിടയിലാണിത്.

ഒക്ടോബറില്‍ സെനറ്റില്‍ നടത്തിയ ഒരു വിശദീകരണത്തില്‍ യു.എസിന് അഫ്ഘാനിസ്ഥാനില്‍ ഒരു പുതിയ പദ്ധതി വേണമെന്ന് അഫ്ഘാനിസ്ഥാനിലെ സമുന്നത യു.എസ് കമാണ്ടര്‍ ജനറല്‍ ജോണ്‍ കാംപ്ബെല്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയും കഴിഞ്ഞ വേനലില്‍ സമാധാന ചര്‍ച്ചകളെ സ്തംഭനത്തിലാക്കി താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണവുമടക്കം അവിടുത്തെ രാഷ്ട്രീയ തന്ത്രപരമായ വശങ്ങള്‍ മാറിയിരിക്കുന്നു എന്നു അദ്ദേഹം ആവര്‍ത്തിച്ചു. ഈയിടെ പ്രസിദ്ധീകരിച്ച ഒരു യു.എസ് റിപ്പോര്‍ട്ട് കാണിക്കുന്നത് ജൂണ്‍ 2015 മുതല്‍ നവംബര്‍ 2015 വരെയും തുടര്‍ന്നും അഫ്ഘാനിസ്ഥാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതല്‍ വഷളായി എന്നാണ്.ഒമറിന്റെ പിന്‍ഗാമിയെ ചൊല്ലി വിവിധ താലിബാന്‍ വിഭാഗങ്ങള്‍ തമ്മിലടിക്കുന്നതോടെ രംഗം കൂടുതല്‍ മോശമാകും. മുല്ല ഒമറിന്റെ മരണത്തോടെ താലിബാന്‍ മൂന്ന് പ്രധാന ചേരികളായി തിരിഞു. മുല്ല ഒമറിന്റെ തൊട്ട് താഴെയുള്ള പ്രധാന സഹായി മുല്ല മന്‍സൂര്‍, സബൂള്‍ പ്രവിശ്യയിലെ പോരാട്ടവിഭാഗം കമാണ്ടര്‍ മുല്ലാ മൊഹമ്മദ് റസൂല്‍ നൂര്‍സൈ, താലിബാന്‍ മുന്‍ വിദേശകാര്യ മന്ത്രി മൌലവി അബ്ദുള്‍ ജലീല്‍ എന്നിവരാണ് മൂന്നു വിഭാഗങ്ങളുടെ നേതാക്കള്‍.

ഒരുകാലത്ത് അഫ്ഘാനിസ്ഥാന്റെ വിഭജിതമായ വംശീയ വൈവിധ്യത്തിനും സോവിയറ്റ് സേന പോയതിനുശേഷമുള്ള കുഴപ്പം പിടിച്ച കാലത്തിനുമുള്ള ഉത്തരമായി ഒരിക്കല്‍കണ്ടിരുന്ന താലിബാന്‍, മതപരമായ സ്വത്വത്തിന് കീഴില്‍ അഫ്ഘാന്‍ ജനതയെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഏകശിലാരൂപമായി ഇന്നിപ്പോള്‍ ആരും കാണുന്നില്ല. 2013-ല്‍ അഫ്ഘാനിസ്ഥാന്റെ റോബിന്‍ ഹുഡ് എന്നു കരുതിയിരുന്ന മുല്ല ഒമറിന്റെ മരണത്തോടെ ഐക്യപ്രതീകം എന്ന താലിബാന്റെ സ്ഥാനം അവസാനിച്ചു.

വിഘടിത പ്രസ്ഥാനങ്ങള്‍ സംഘര്‍ഷം നീട്ടിക്കൊണ്ടുപോകും. യെമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളിലേയെല്ലാം നിലവിലുള്ള സംഘര്‍ഷങ്ങള്‍ ഇതിന് തെളിവാണ്. സമ്പത്തിനേയും വിഭവസ്രോതസുകളെയും ചൊല്ലിയുള്ള സംഘട്ടനങ്ങള്‍ വിവിധ ചേരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും, ഭീതിക്കും മറുസംഘങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമാകുന്നു. അതോടൊപ്പം അവര്‍ സര്‍ക്കാരിനെതിരെയും ഏറ്റുമുട്ടുന്നു. അഫ്ഘാനിസ്ഥാനില്‍ ഇതിപ്പോള്‍ കൂടുതല്‍ പ്രകടമാണ്.

നാന്‍ഘര്‍,സബൂള്‍, ഹെല്‍മന്ദ് പ്രവിശ്യകളില്‍ മന്‍സൂര്‍-റസൂല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ റസൂലിന്റെ ഒരു ഉയര്ന്ന കമാണ്ടറായ മുല്ല മന്‍സൂര്‍ ദാദുള്ള കൊല്ലപ്പെട്ടു. റസൂല്‍-മന്‍സൂര്‍ വിഭാഗങ്ങളുടെ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാനായി നിരവധി ഗ്രാമീണര്‍ ഹെറാത് പ്രവിശ്യയില്‍ നിന്നും ഓടിപ്പോയി.

ആഭ്യന്തര യുദ്ധത്തോടൊപ്പം സമാധാന കരാറിലെത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കൂടിയാകുമ്പോള്‍ താലിബാന്‍ വിഭാഗങ്ങള്‍ക്കിടയിലെ മത്സരം കൂടുതല്‍ രൂക്ഷമാകുന്നു. സമാധാന കരാര്‍ വരുന്നതിന് മുമ്പ് പരമാവധി അനുഭാവികളെ സൃഷ്ടിക്കാനാണ് എല്ലാ വിഭാഗവും ശ്രമിക്കുന്നത്. കുന്ദുസ് പോലുള്ള വലിയ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും, കാണ്ഡഹാര്‍ വിമാനത്താവളം പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണവുമെല്ലാം ഇതിന്റെ ഭാഗമാണ്.മേഖലയിലെ ഈ ത്വരിതഗതിയിലുള്ള മാറ്റത്തോട് വൈറ്റ് ഹൌസ് സാവകാശത്തില്‍ പൊരുത്തപ്പെടുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഒക്ടോബറിലും സൈനിക മേധാവി റഹീല്‍ ഷരീഫ് നവംബറിലും നടത്തിയ സന്ദര്‍ശനങ്ങളിലൂടെ മേഖലയിലെ സമാധാനത്തില്‍ പാകിസ്ഥാനുള്ള പങ്കാളിത്തവും മേഖലാ സഹകരണവും പ്രധാനമാണെന്നാണ് ഒബാമ ഭരണകൂടം അടിവരയിട്ടത്. ഇനിയുള്ള പോരാട്ടക്കാലത്ത് അഫ്ഘാന്‍ സൈന്യത്തെ സഹായിക്കുന്നത് യു.എസ് തുടരുമെങ്കിലും ഇസ്ലാമാബാദുമായി ഇപ്പൊഴും അടുപ്പമുള്ള മിതവാദി താലിബാന്‍കാരും കാബൂളിലെ സര്‍ക്കാരും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തുന്നതിനെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യും.

പെന്റഗനെ സംബന്ധിച്ചു പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. ഹെല്‍മന്ദ് പ്രവിശ്യയിലെ വര്‍ധിച്ച പ്രത്യേക സേന ദൌത്യങ്ങള്‍ കാണിക്കുന്നത് പരിശീലിപ്പിക്കുക, ഉപദേശിക്കുക, സഹായിക്കുക എന്ന പ്രഖ്യാപിത ദൌത്യത്തിനുമപ്പുറം പോകാന്‍ പെന്റഗനും വൈറ്റ് ഹൌസും ഉദ്ദേശിക്കുന്നു എന്നാണ്. ഹെല്‍മന്ദ് പ്രവിശ്യ നഷ്ടമായാല്‍ അത് താലിബാന് തെക്കന്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ അവസരം നല്‍കലായിരിക്കും. ധനശേഖരണത്തിന് കറുപ്പ് കള്ളക്കടത്തിനും ഏതൊരു സമാധാന സംഭാഷണത്തിലും സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി നല്കാനും അതുപകരിക്കും.

യു.എസ് സേനയുടെ വര്‍ധിച്ച പോരാട്ട സാന്നിധ്യം ഈയടുത്ത കാലത്ത് ഏറെ തിരിച്ചടി നേരിട്ട അഫ്ഘാന്‍ സേനക്ക് ഒരു പ്രചോദനമാകും. അവരുടെ വ്യോമസേനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം നീട്ടിക്കിട്ടാനും സാധിക്കും. ഇത് താലിബാന്‍ വിട്ടുപോരുന്നവര്‍ക്കും വിഘടിത സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കുന്നതിന് കരുത്തുപകരുകയും ചെയ്യും. പക്ഷേ താലിബാനുള്ളില്‍ ആര് ആരോടാണ് ഏറ്റുമുട്ടുന്നതെന്ന് മനസിലാക്കുകയെന്നത് അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ്. ആ സംഘര്‍ഷങ്ങള്‍ നിലച്ചാലെ മേഖലയില്‍ സമാധാനത്തിന്റെ ലാഞ്ചന പ്രത്യക്ഷപ്പെടുകയുള്ളൂ.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories