TopTop
Begin typing your search above and press return to search.

ആഫ്രിക്ക മടങ്ങുന്നു

ആഫ്രിക്ക മടങ്ങുന്നു

ടീം അഴിമുഖം

ആഫ്രിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ യൂറോപ്യന്‍ ടോട്ടല്‍ ഫുട്ബോള്‍ തകര്‍ത്താടിയപ്പോള്‍ 2014 ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്ലാമര്‍ പോരാട്ടം. നൈജീരിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച ഫ്രാന്‍സും അധിക സമയത്തിന്റെ അവസാന നിമിഷം വരെ ആവേശം ചോരാതെ പോരാടിയ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച ജര്‍മ്മനിയും ഈ മാസം നാലിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ബ്രസീലില്‍ ചൂട് കുറവായിരുന്നു. അതിനാല്‍ നൈജീരിയയും ഫ്രാന്‍സും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തണുപ്പിക്കല്‍ സമയം ഉണ്ടായിരുന്നില്ല. എന്നാല്‍ മൈതാനത്ത് കളിക്ക് ചൂടുണ്ടായിരുന്നു. ഇരു ടീമുകളും ആക്രമിച്ചു കളിക്കാന്‍ മടി കാട്ടാതിരുന്ന മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരെ തോല്‍പിച്ച് ബ്രസീല്‍ 2014ലെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ഗോള്‍ രഹിതമായ എഴുപത്തിയെട്ട് മിനിട്ടുകള്‍ക്ക് ശേഷം കോര്‍ണറില്‍ നിന്നും വന്ന പന്തില്‍ തലവച്ച് പോള്‍ പോഗ്ബ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തപ്പോള്‍ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിട്ടില്‍ മറ്റൊരു കോര്‍ണറില്‍ നിന്നും വന്ന പന്ത് ഗ്രീന്‍സ്മാനില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നൈജീരിയയ്ക്ക് വേണ്ടി 101-ആം മത്സരം കളിക്കുന്ന ജോസഫ് യോബോയുടെ കാലില്‍ തട്ടിയത് രണ്ടാം ഗോളില്‍ കലാശിച്ചു. ഇതോടെ ക്വാര്‍ട്ടറില്‍ ജര്‍മ്മനി-ഫ്രാന്‍സ് ഗ്ലാമര്‍ മത്സരത്തിന് അരങ്ങൊരുങ്ങി.ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ 25 മിനിട്ടിലും പന്തിന്റെ നിയന്ത്രണത്തിന്റെ ഭൂരിഭാഗവും നൈജീരിയയുടെ കൈകളില്‍ ആയിരുന്നെങ്കിലും സാര്‍ത്ഥകമായ ഒരു നീക്കവും നടത്താന്‍ അവര്‍ക്കായില്ല. പല നല്ല നീക്കങ്ങളും ഫ്രഞ്ച് പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു. നല്ല ക്രോസുകളുടെ അഭാവം മത്സരത്തില്‍ ഉടനീളം ആഫ്രിക്കന്‍ ശക്തികള്‍ക്ക് വിനയായി. അതുകൊണ്ട് തന്നെ ഒമ്പത് കോര്‍ണറുകള്‍ ലഭിച്ചിട്ടും അവര്‍ക്ക് ഫ്രഞ്ച് ഗോള്‍ മുഖത്ത് ഒരു നടുക്കവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് ഗോളി ലോറിസിനെ പരീക്ഷിക്കുന്ന ഒറ്റ ഷോട്ടും ഉതിര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. ആകെ രണ്ട് അപവാദങ്ങളില്‍ ഒന്ന് ഒന്നാം പകുതിയുടെ പതിനേഴാം മിനിട്ടിലായിരുന്നു. നൈജീരിയന്‍ മുന്നേറ്റത്തെ തുടര്‍ന്ന് ഇടതു വിംഗില്‍ നിന്നും അഹമ്മദ് മൂസ നല്‍കിയ മനോഹരമായ ക്രോസ് എമിനിക്കേ പന്ത് ഫ്രാന്‍സിന്റെ വലയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയിരുന്നു. പക്ഷെ വിധി സംശയാസ്പദമായിരുന്നു എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. പിന്നെ ഫ്രഞ്ച് ഗോളിക്ക് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നത് അറുപത്തിനാലാം മിനിട്ടിലായിരുന്നു. നല്ലൊരു നൈജീരിയന്‍ മുന്നേറ്റത്തിന് ഒടുവില്‍ ഫോര്‍വേഡ് പീറ്റര്‍ ഒഡെംവിംഗേ തൊടുത്ത നല്ലൊരു ഹ്യൂഗോ ലോറിസ് വളരെ കഷ്ടപ്പെട്ടാണ് ത്ട്ടിയകറ്റിയത്.

മറുഭാഗത്താവട്ടെ കിട്ടിയ അവസരങ്ങളിലെല്ലാം നൈജീരിയന്‍ പ്രതിരോധത്തിനും ഗോളി എന്യേമയ്ക്കും ഭീഷണിയാവാന്‍ ഫ്രഞ്ച് മുന്നേറ്റ നിരയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റ് കണ്ട മികച്ച ഗോളികളില്‍ ഒരാളായ എന്യേമയുടെ എണ്ണം പറഞ്ഞ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഒന്നാം പകുതിയില്‍ തന്നെ ഫ്രാന്‍സ് വ്യക്തമായ ലീഡ് നേടുമായിരുന്നു. ഇരുപത്തിയൊന്നാം മിനിട്ടില്‍ അലയലയായി മുന്നേറിയ ഫ്രഞ്ച് നീക്കത്തിനൊടുവില്‍ ബോക്‌സിന് തൊട്ട് മുന്നില്‍ വച്ച് ലഭിച്ച ക്രോസ് പോഗ്ബ നിലം തൊടും മുമ്പ് അടിച്ചെങ്കിലും എന്യേമ രക്ഷപ്പെടുത്തി. അറുപത്തിയൊമ്പതാം മിനിട്ടില്‍ ബെന്‍സമയും പകരക്കാനായി ഇറങ്ങിയ അന്റോണിയോ ഗ്രിന്‍സ്മാനും പരസ്പരം പന്ത് കൈമാറി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ നൈജീരിയന്‍ പ്രതിരോധക്കാരെ കബളിപ്പ് കയറിയ ബെന്‍സമയ്ക്ക് പന്ത് ലഭിക്കുമ്പോള്‍ എന്യേമ മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ള. എന്നാല്‍ അത്ഭുതകരമായ മെയ് വഴക്കത്തിലൂടെ നൈജീരിയന്‍ ഗോളി കോര്‍ണര്‍ വഴങ്ങി ആ പന്ത് രക്ഷപ്പെടുത്തി. എഴുപത്തഞ്ചാം മിനിട്ടില്‍ വലതു വിംഗില്‍ നിന്നും ഗ്രിന്‍സ്‌മെന്‍ നല്‍കിയ മനോഹരമായ ഒരു ക്രോസ് ഫുള്‍ ലെംഗ്ത് ഡൈവ് ചെയ്താണ് എന്യേമ രക്ഷപ്പെടുത്തിയത്. എന്നാല്‍ 76 മിനിട്ടില്‍ യോഹന്‍ കബായ് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും ഒറ്റയ്ക്ക് മുന്നേറി ഓട്ടത്തിനിടയില്‍ തൊടുത്ത അടി എന്യേമയെ കബളിപ്പിച്ചെങ്കിലും ക്രോസ് ബാര്‍ ആഫ്രിക്കക്കാരുടെ രക്ഷക്കെത്തി.ഭാഗ്യം നൈജീരിയയുടെ കൂടെയാണെന്ന് കരുതിയിരുന്നപ്പോഴാണ് തൊട്ടടുത്ത നിമിഷം അവരുടെ വല കുലുങ്ങുന്നത്. മാത്യു വാര്‍ബ്യുനെയുടെ ഫ്രീകിക്ക് നൈജീരിയന്‍ ബോക്‌സില്‍ പറന്നിറങ്ങുമ്പോള്‍ കരീം ബന്‍സമയ്ക്ക് മുന്നില്‍ വീണ്ടും എന്യേമ മാത്രം. എന്നാല്‍ ബെന്‍സമയുടെ ഹെഡര്‍ എന്യേമ വീണ്ടും രക്ഷപ്പെടുത്തി. കോര്‍ണറില്‍ നിന്നും വന്ന പന്ത് മുന്നോട്ട് കയറി എന്യേമ കുത്തിക്കളഞ്ഞെങ്കിലും എത്തിയത് നേരെ പോഗ്ബയുടെ തലയില്‍. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ചെത്തിയിട്ട് ഫ്രാന്‍സിന്റെ പത്തൊമ്പതാം നമ്പര്‍ താരം ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിച്ചു.

യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ഫ്രാന്‍സ് പ്ലേ ഓഫ് മത്സരത്തില്‍ ഉക്രെയിനെ തോല്‍പിച്ച് അവസാന നിമിഷമാണ് ബ്രസീലിലേക്ക് ടിക്കറ്റ് നേടിയത്. എന്നാല്‍ അവര്‍ ഇവിടെ കാണിക്കുന്ന ഒത്തിണക്കവും പക്വതയും അത്ഭുതാവഹം തന്നെ.പോര്‍ട്ടോ അലെഗ്രയിലും ചൂട് കുറവായതിനാല്‍ ജര്‍മ്മനി-അള്‍ജീരിയ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലും തണുപ്പിയ്ക്കല്‍ സമയം ഉണ്ടായിരുന്നില്ല. അതു മാത്രമായിരുന്നില്ല ഇരു മത്സരങ്ങളും തമ്മിലുള്ള സാമ്യം. ആദ്യ മത്സരത്തിലെ പോലെ ഇവിടെയും ഇരു ടീമുകളും ആ്ക്രമിച്ചു കളിച്ചു. എന്നാല്‍ കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്തത് ജര്‍മ്മനിയാണ്. അള്‍ജീരിയന്‍ ഗോള്‍ കീപ്പര്‍ റയിസിന്റെ മനസാന്നിദ്ധ്യവും ഫിനിഷിംഗിലെ പിഴവുകളും ജര്‍മ്മനിയെ ഗോളില്‍ നിന്നും അകറ്റി. കളിയുടെ 89-ആം മിനിട്ടില്‍ ജര്‍മ്മനിയുടെ ഏഴാം നമ്പര്‍ താരം ഷ്വെയിന്‍സ്റ്റൈഗര്‍ക്കാണ് മത്സരത്തില്‍ ഏറ്റവും നല്ല അവസരം ലഭിച്ചത്. എന്നാല്‍ ആരും മാര്‍ക്ക് ചെയ്യാന്‍ ഇല്ലാതിരുന്നിട്ടും ഷ്വെയില്‍സ്റ്റൈഗറുടെ ഹെഡര്‍ അള്‍ജീരിയന്‍ ഗോളിയുടെ നേര്‍ക്കായിരുന്നു.

സാംബ-2014

ഒരുനാള്‍ ഞാനും നെയ്മറെപ്പോലെ വളരും വലുതാകും-ബ്രസീലില്‍ നിന്ന്‍ ഫൈസല്‍ ഖാന്‍
ചിലിയുടെ കളിഭ്രാന്ത്
ലോകകപ്പ് ബ്രസീലിനെന്ന് സ്വിസ് ബാങ്ക്
വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും?
കൈയില്‍ നയാപൈസയില്ല; എങ്കിലും നമ്മുടെ ബ്രസീല്‍ അല്ലേ, ഫുട്ബോള്‍ അല്ലേ...


അതുവരെ ഇല്ലാത്ത നാടകീയതയായിരുന്നു അധിക സമയത്ത്. ആദ്യ മിനിട്ടില്‍ തന്നെ ജര്‍മ്മനി ലീഡ് നേടി. ആസൂത്രിതമായ ജര്‍മ്മന്‍ മുന്നേറ്റത്തിന് ഒടുവില്‍ മുള്ളര്‍ നല്‍കിയ അതിമനോഹരമായ ക്രോസ് ആന്ദ്രെ ഷുര്‍ലെര്‍ പുറം കാലുകൊണ്ട് തട്ടി അള്‍ജീരിയന്‍ വലയിലാക്കുകയായായിരുന്നു. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ അള്‍ജീരിയന്‍ മുന്നേറ്റത്തെ ജര്‍മ്മനി സമര്‍ത്ഥമായി തടുക്കുകയും ചെയ്‌തോടെ മത്സരം ജര്‍മ്മനിയുടെ കൈപ്പിടിയില്‍ ഒതുങ്ങി. രണ്ടാം പകുതിയുടെ അവസാന മിനിട്ടില്‍, ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താതിരുന്ന ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ ഗോള്‍ നേടിയതോടെ അള്‍ജീരിയയുടെ വിധി എഴുതിക്കഴിഞ്ഞിരുന്നു. എന്നിട്ടും പോരാട്ട വീര്യം തകരാതെ കളിച്ച അള്‍ജീരിയന്‍ കളിക്കാര്‍ അധികസമയത്തിന്റെ ഇഞ്ച്വറി ടൈമില്‍ ജാബോവിലൂടെ ഗോള്‍ നേടിക്കൊണ്ട് ആഫ്രിക്കന്‍ പോരാട്ട വീര്യത്തിന്റെ മറ്റൊരു മുഖം ലോകത്തിന് കാണിച്ചു കൊടുത്തു. ആ പോരാളികള്‍ അതുകൊണ്ട് തന്നെ ലോകമനസിനെ കീഴടക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ഫുട്ബോളില്‍ പൊതുവേ സ്വീപ്പര്‍ ബാക്ക് പൊസിഷന്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജര്‍മ്മന്‍ ഗോളി മാന്യുല്‍ ന്യൂയര്‍ ആ സ്ഥാനം കൂടി ഏറ്റെടുത്തു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടും. ഇരു പകുതികളിലുമായി എട്ട് തവണയെങ്കിലും ന്യുയര്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്തിറങ്ങി അള്‍ജീരിയയുടെ ത്രൂ പാസുകള്‍ തട്ടിയകറ്റി.

അള്‍ജീരിയയും നൈജീരിയയും തോറ്റതോടെ ഈ ലോകകപ്പിലെ ആഫ്രിക്കന്‍ സാന്നിധ്യം അവസാനിച്ചു.


Next Story

Related Stories